പിണറായിക്ക് മനുഷ്യരുടെ കരച്ചിൽ‌ കേൾക്കാൻ കഴിയുന്നില്ല; കെ റെയിൽ അനുവദിക്കില്ലെന്ന് സുധാകരൻ

കോഴിക്കോട്: കെ റെയിൽ വിരുദ്ധ സമരവുമായി ശക്തമായി മുന്നോട്ട് നീങ്ങാൻ തന്നെയാണ് കോൺ​ഗ്രസിന്റെ തീരുമാനം. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രതിഷേധം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയടക്കം രം​ഗത്ത് എത്തിയിരിക്കുന്നത്. മനുഷ്യരുടെ കരച്ചിൽ കേൾക്കാൻ പിണറായി വിജയന് കഴിയുന്നില്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറയുന്നത്. സിപിഎം അനുകൂലികളായ ആളുകളെ വരെ ദ്രോഹിക്കുകയാണ്. കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും കെ സുധാകരൻ പറയുന്നു. ജന രോഷം മൂലം പദ്ധതി ഉപേക്ഷിക്കേണ്ടി വരും.

നാളെ സമര മുഖത്തേക്ക് കോൺഗ്രസ് കടക്കുമെന്നും കുറ്റി പിഴുതെറിയാൻ കോൺഗ്രസ്സ് ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സിൽവർ ലൈനിനെതിരെ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം തുടരുന്നത് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും സെ സുധാകരൻ കോഴിക്കോട് പറഞ്ഞു. അതിവേഗ പാതക്ക് ബദലായി ടൗൺ ടു ടൗൺ മാതൃകയിൽ കേരള ഫ്ലൈ ഇൻ എന്ന വിമാന സർവ്വീസ് കെ.സുധാകരൻ മുന്നോട്ട് വെച്ചു. അതേസമയം ഉയർന്ന നഷ്ടപരിഹാരം നൽകുന്നതിലൂടെ സിൽവർ ലൈൻ പ്രതിഷേധം തീർക്കാനാകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്രതോൽവിക്ക് ശേഷം തിരിച്ചുവരാനുള്ള പാതയായിട്ടാണ് സിൽവർ ലൈനിനെ കോൺഗ്രസ് കാണുന്നത്. കല്ലിടലിനെതിരെ സംസ്ഥാനത്തങ്ങോളമിങ്ങോളം പ്രതിഷേധം ഉയരുന്നതും മുഖ്യമന്ത്രിക്കെതിരെ സ്ത്രീകളടക്കം പരസ്യമായി രംഗത്ത് വരുന്നതിലും കോൺഗ്രസ്സിനുള്ളത് വലിയ പ്രതീക്ഷ. ജനങ്ങളുടെ പ്രതിഷേധത്തിൻറെ മുന്നിൽ നിന്ന് സർക്കാറിനെതിരായ വികാരം പരമാവധി മുതലെടുക്കാനാണ് കോൺഗ്രസ് നീക്കം.

Loading...