തൃശൂർ: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ അവശേഷിക്കുമ്പോൾ, അബോധാവസ്ഥയിലാകുന്നതിന് മുമ്പുള്ള മണിക്കൂറുകളിൽ മണിക്ക് എന്ത് സംഭവിച്ചു? ആരൊക്കെയാണ് കൂടെയുണ്ടായിരുന്നത്? ആ ദിവസങ്ങളിലെ സംഭവങ്ങളിലേക്ക്.

ഫെബ്രുവരി 20: കലാഭവൻ മണി അവസാനമായി വീട്ടിലെത്തിയ ദിവസം. പിന്നീട് മരണം വരെയുള്ള 16 ദിവസം വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പാ!ടി എന്ന ഔട്ട്ഹൗസിലായിരുന്നു മണിയുടെ താമസം.

Loading...

ഫെബ്രുവരി 28: മണി അവസാനമായി പങ്കെടുത്ത പൊതു പരിപാടി. പാലക്കാട് ശ്രീകൃഷ്ണപുരത്തെ പരിപാടിക്ക് ശേഷമുള്ള ദിവസങ്ങളിൽ മുഴുവൻ സമയവും സുഹൃത്തുക്കൾക്കൊപ്പം പാടിയിൽ.

മാർച്ച് 4 വൈകിട്ട് 5 മണി: പാടിയിൽ മണിയുടെ മരണത്തിൽ അവസാനിച്ച മദ്യസൽകാരം ഉൾപെടെയുള്ള ആഘോഷങ്ങളുടെ തുടക്കം. രാത്രി ഏഴ് മണിയോടെ നടൻ ജാഫർ ഇടുക്കിയും പിന്നീട് സാബുവും അടക്കമുള്ള സുഹൃത്തുക്കൾ എത്തുന്നു. നാട്ടുകാരുൾപെടെ മുപ്പതിലേറെപ്പേർ പാടിയിലെ ആഘോഷത്തിൽ പങ്കെടുത്തു.

രാത്രി 11.30: ജാഫർ ഇടുക്കിയും സാബുവും ഉൾപ്പെടെ പലരും പിരിഞ്ഞുപോയെന്ന് പറയുന്ന സമയം

രാത്രി 12 മണി: ഔട്ട്ഹൗസിലെ ഷെഡിൽ മണി ഉറങ്ങാൻ കിടന്നു. ഈ സമയം സഹായികളായ അരുൺ, വിപിൻ, മുരുകൻ എന്നിവരടക്കം എട്ടുപേർ പാടിയിൽ.

മാർച്ച് 5 രാവിലെ 9: മണിയുടെ നില വഷളാകുന്നു. ഛർദിയും അസ്വസ്ഥതകളും രൂക്ഷമായതോടെ സുഹൃത്തുക്കൾ മണിയുടെ മാനേജർ ജോബിയേയും ജോബി പിന്നീട് ഡോക്ടർ ടി.പി സുമേഷിനേയും വിവരംഅറിയിച്ചു.

രാവിലെ 10.30: ഡോ സുമേഷ് പാഡിയിലെത്തുന്നു

രാവിലെ 11: മണി രക്തം ഛർദിക്കുകയും അക്രമാസക്തനാവുകയും ചെയ്തതോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് നഴ്‌സുമാരെ എത്തിച്ച് പ്രാഥമിക ചികിൽസ നൽകാൻ ശ്രമം. ആശുപത്രിയിൽ പോകാൻ മണി വിസമ്മതിച്ചതോടെ മരുന്ന് നൽകി മയക്കി.

ഉച്ചയ്ക്ക് ശേഷം 2 മണി: കലാഭവൻ മണിയെ ചാലക്കുടിയിൽ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നു

വൈകിട്ട് 5 മണി: മണിയെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു

മാർച്ച് 6: വൈകിട്ട് ഏഴേകാലിന് കലാഭവൻ മണിയുടെ മരണവിവരം സ്ഥീരീകരിച്ചു.
കലാഭവൻ മണിയെ അപായപ്പെടുത്താനുള്ള സാധ്യതയുൾപ്പെടെയാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.
നാലാം തീയതി വൈകിട്ട് 5 മുതലുള്ള 48 മണിക്കൂറാണ് കേസിലെ ഏറ്റവും നിർണായകമായ സമയം. ഈ സമയത്ത് നടന്ന സംഭവങ്ങൾ തലനാരിഴ കീറി പരിശോധിച്ചാകും പൊലീസിന്റെ മുന്നോട്ടുള്ള പോക്ക്.