നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന് നോട്ടീസ്; തിങ്കളാഴ്ച ഹാജരാകണം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യാനാവശ്യപ്പെട്ട് കാവ്യാ മാധവന് നോട്ടീസ്. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യൽ നടക്കുക. കേസിലെ ഗൂ‍ഡാലോചനയിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉൾപ്പടെ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ നൽകിയത്. ഇതിന് പിന്നാലെയാണ് കാവ്യക്ക് തിങ്കളാഴ്ച പതിനൊന്ന് മണിക്ക് ഹാജരാകാൻ നോട്ടീസ് നൽകിയത്.

ദിലിപിൻറെ ബന്ധു സുരാജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖയടക്കം മൂന്ന് ശബ്ദരേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സഹോദരി ഭർത്താവ് സുരാജ് പറയുന്നത്. വധ ഗൂഡാലോചന കേസിലെ വിഐപി എന്നറിയിപ്പെടുന്ന പ്രതി ശരത്തുമായി നടത്തിയതാണ് ഈ നിർണ്ണായക സംഭാഷണം. സുരാജിൻറെ ഫോണിൽ നിന്നും നശിപ്പിച്ച ശബ്ദരേഖ ഫൊറൻസിക് പരിശോധനയിലാണ് വീണ്ടെടുത്തത്. കേസിൽ കാവ്യാ മാധവനെ ചോദ്യംചെയ്യണമെന്ന് പ്രോസിക്യൂഷൻ നേരത്തെ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസിൻറെ തുടരന്വേഷണം ഈ മാസം 15 ന് മുമ്പ് പൂർത്തിയാക്കാനായിരുന്നു ഹൈക്കോടതി നിർദേശിച്ചിരുന്നത്. എന്നാൽ ഡിജിറ്റൽ തെളിവുകളിൽ വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമായതിനാൽ തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്നാണ് പ്രോസിക്യൂഷൻറെ നിലപാട്.

Loading...