അബ്കാരി നിയമം ഭേദഗതി ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ : ഇനി മുതൽ ബിവറേജസ് ഗോഡൗണില്‍ നിന്ന് ആവശ്യക്കാര്‍ക്ക് മദ്യം വാങ്ങാം

തിരുവനന്തപുരം: അബ്കാരി നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍. ബിവറേജസ് ഗോഡൗണില്‍ നിന്ന് ആവശ്യക്കാര്‍ക്ക് മദ്യം നല്‍കാനാണ് നിയമഭേദഗതി. നിയമപരമായ അളവില്‍ മദ്യം നല്‍കാമെന്ന് ഭേദഗതിയില്‍ പറയുന്നു. മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച്‌ 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. സംസ്ഥാനത്ത്, എറണാകുളത്ത് രണ്ട് ഗോഡൗണുകളാണുള്ളത്. മറ്റ് എല്ലാ ജില്ലകളിലും ഓരോ ഗോഡൗണുകളുമാണുള്ളത്. ഗോഡൗണുകളില്‍ നിന്ന് വ്യക്തികള്‍ക്ക് മദ്യം ഇതുവരെ നല്‍കിയിരുന്നില്ല. ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്കും ബാറുകള്‍ക്കുമാണ് ഇവിടെനിന്ന് മദ്യം നല്‍കിയിരുന്നത്. ഏപ്രില്‍ 24ലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അതേസമയം, ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാല്‍ ഇപ്പോള്‍ മദ്യം വില്‍ക്കില്ലെന്ന് എക്സൈസ് അറിയിച്ചു.

ഇതുവരെ ഗോഡൗണുകളില്‍നിന്ന് വ്യക്തികള്‍ക്ക് മദ്യം നല്‍കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. ഇതിലാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഓണ്‍ലൈന്‍ മദ്യവിതരണം ഉള്‍പ്പെടെയുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഭേദഗതി അനുസരിച്ച് നാളെ മുതൽ എല്ലാവർക്കും വെയർഹൗസ് വഴി നൽകില്ലെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. ഡോക്ടർമാരുടെ കുറിപ്പടിയുള്ളവർക്ക് മദ്യം നൽകാനുള്ള നീക്കം കേരള ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ. മദ്യാസക്തർക്ക് മദ്യം ബിവറേജസ് കോര്‍പറേഷൻ വഴി നൽകാനുള്ള ഉത്തരവിനെ ഹൈക്കോടതിയിൽ പൂർണ്ണമായും ന്യായീകരക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

Loading...

മദ്യം കിട്ടാതെ വരുമ്പോൾ രോ‌ഗ ലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ട് സംസ്ഥാനത്ത്. എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ല. അതിനുള്ള സൗകര്യം സംസ്ഥാനത്തില്ലെന്നും സര്‍ക്കാര്‍ കോടതിയിൽ പറ‍ഞ്ഞു. എന്ത് ശാസ്ത്രീയ അടിത്തറയാണ് ഈ ഉത്തരവിന് ഉള്ളതെന്ന് കോടതി ചോദിച്ചു. മദ്യാസക്തര്‍ക്ക് മദ്യം നൽകുന്നു എന്നതിന് അപ്പുറം ഇതിലെന്ത് കാര്യമാണ് പറയാനുള്ളതെന്നും കോടതി ചോദിച്ചു. അപ്പോഴാണ് മദ്യം പൂര്‍ണ്ണമായും നിരോധിച്ച സംസ്ഥാനങ്ങളിൽ പോലും ഡോക്ടര്മാരുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കുന്നുണ്ട് എന്ന കാര്യം സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞത്. അത് മാത്രമാണ് ഉദ്ദേശിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ വാദിച്ചു.