തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കോടതിയെ സമീപിക്കാന്‍ ഡി.ജി.പി. ജേക്കമ്പ് തോമസ് ഒരുങ്ങുകയാണെന്നുള്ള സൂചന ലഭിച്ചു. അതിനു അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയതായി പ്രമുഖ മലയാളപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്‌ളാറ്റ് ഉടമകള്‍ക്കെതിരെ നടപടി സ്വീകരിച്ച തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. അതിനാണ് കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്ന് ജേക്കബ്ബ് തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്.

പത്ത് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി സ്വന്തം പ്രസ്താവന തിരുത്തിയില്ലെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കാന്‍ അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കത്ത് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.

Loading...

കത്ത് ലഭിച്ചതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ഔദ്യോഗികമായ പ്രതികരിച്ചിട്ടില്ല. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഡി.ജി.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് അനുമതി തേടുന്നത്.

ജനസുരക്ഷ കണക്കിലെടുത്താണ് താന്‍ ഫ് ളാറ്റുടമകള്‍ക്കെതിരെ നടപടി കൈക്കൊണ്ടത്. ഇങ്ങനെയുള്ള തന്നെയാണ് മുഖ്യമന്ത്രി ജനവിരുദ്ധനായി ചിത്രീകരിച്ചത്. ഇത് അപകീര്‍ത്തികരമാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന പരിഗണന പോലും തനിക്ക് ലഭിച്ചില്ലജേക്കബ്ബ് തോമസ് പറയുന്നു.

തനിക്ക് ശേഷം അഗ്‌നിശമന സേനയുടെ മേധാവിയായി ചുമതലയേറ്റ അനില്‍കാന്ത് താന്‍ കൈക്കൊണ്ട നടപടികളെ ശരിവയ്ക്കുകയാണ് ചെയ്തത്. എന്നിട്ടും മുഖ്യമന്ത്രി തനിക്കെതിരെ അപകീര്‍ത്തികരമായ വിമര്‍ശം തുടരുകയാണ്. ഇതിനെതിരെയാണ് കോടതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നത്.

ബാര്‍കോഴക്കേസില്‍ തുടങ്ങിയ ഡി.ജി.പി, സര്‍ക്കാര്‍ പോരിന് ഇതോടെ പുതിയ മാനം കൈവന്നിരിക്കുകയാണ്.

നേരത്തെ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിന്റെ ഉറച്ച നിലപാടാണ് ബാര്‍കോഴക്കേസില്‍ മന്ത്രി കെ.എം. മാണിക്ക് മേല്‍ കുരുക്ക് മുറുക്കാന്‍ കാരണം. ഇതിനെത്തുടര്‍ന്ന് അഗ്‌നിശമനസേനയുടെ തലപ്പത്തേയ്ക്ക് മാറ്റിയതോടെ ഡി.ജി.പിയുടെ ഏറ്റുമുട്ടല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് നേരിട്ടായി.

സുരക്ഷാചട്ടങ്ങള്‍ ലംഘിച്ചു നിര്‍മിച്ച 77 പാര്‍പ്പിട സമുച്ചയങ്ങള്‍ക്കെതിരെ ഡി.ജി.പി. കൈക്കൊണ്ട നടപടിയാണ് മുഖ്യമന്ത്രിയുടെ അരിശത്തിന് കാരണമായത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഡി.ജി.പി.യെ പരസ്യമായി വിമര്‍ശിച്ചു.

‘ലോകം മുഴുവന്‍ മുകളിലേക്ക് വളരുമ്പോള്‍, കേരളം മാത്രം താഴേക്ക് വളര്‍ന്നാല്‍ മതിയോ’ എന്ന് തന്റെ വിമര്‍ശനം ആവര്‍ത്തിച്ചുകൊണ്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദിച്ചിരുന്നു.

ഡി.ജി.പി. ടി.പി.സെന്‍കുമാറും ജേക്കബ് തോമസിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. പരസ്യ പ്രസ്താവന തന്നെയായിരുന്നു ഡി.ജി.പിയും നടത്തിയത്.