കര്‍ഷകസമരം ശക്തം;ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം,വഴങ്ങാതെ കര്‍ഷകര്‍

കര്‍ഷക സമരം ശക്തമായി തുടരുന്നതിനിടെ നിയമ ഭേദഗതികളോടെ കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ .അതേസമയം ദേദഗതികളിന്മേല്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ രണ്ടായിരത്തോളം സ്ത്രീകള്‍ ദില്ലിലേക്ക് നീങ്ങിത്തുടങ്ങി.അതേസമയം കര്‍ഷക സമരത്തിനെതിരെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രംഗത്തെത്തി. ദില്ലി അതിര്‍ത്തികളിലെ കര്‍ഷക സമരം 20 ദിവസത്തിലേക്ക് കടന്നതോടെയാണ് സമരം ഒത്തുതീര്‍പ്പാക്കാന്‍ പുതിയ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കാന്‍ ഒരുങ്ങുന്നത്.മൂന്ന് ബില്ലുകളുടെയും പേരുകള്‍ മാറ്റാം എന്നാണ് നിര്‍ദേശം.

ഒപ്പം ബില്ലില്‍ ചില ഭേഭഗതികളും ഉള്‍പ്പെടുത്താനാണ് നീക്കം. എന്നാല്‍, നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍.ഭേദഗതികളില്‍ ചര്‍ച്ചയ്ക്ക് ഇല്ലെന്നും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിക്കുന്നു. അതിനിടയില്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രംഗത്തെത്തി. കര്‍ഷക സമരങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്നും ഗഡ്കരി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചക്ക് കര്‍ഷക സംഘടനകള്‍ തയ്യാറാവണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. അതേ സമയം സിംഗു അതിര്‍ത്തിയിലേക്ക് പ്രക്ഷോഭം നടത്തുന്നവരുടെ കുടുംബങ്ങളും നീങ്ങിത്തുടങ്ങി. രണ്ടായിരം സ്ത്രീകള്‍ സിംഗുവിലെത്തും. ദില്ലി – ആഗ്ര ദേശീയപാതയിലെ പല്‍വലിലും ,രാജസ്ഥാനിലെ ഷാജഹാന്‍പുരിലും കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ദേശീയ പാത ഉപരോധം തുടരുകയാണ്. തിക്രി, ഗാസി പൂര്‍ തുടങ്ങിയ അതിര്‍ത്തികളിലും സമരം ശക്തമാകുന്നു.

Loading...