യുവതിയുടെ മരണം; കോട്ടയത്ത് കുഴിമന്തി കട അടിച്ചു തകർത്ത് പ്രതിഷേധക്കാർ

കോട്ടയം: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ആരോപണവിധേയമായ ഹോട്ടല്‍ പാര്‍ക്ക് കഴിഞ്ഞദിവസം ഭക്ഷ്യസുരക്ഷാവകുപ്പ് പൂട്ടിയിരുന്നു. പിന്നാലെയാണ് ഹോട്ടൽ അടിച്ചു തകർത്തത്.

സംഭവത്തിൽ ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതിനിടെ ഭക്ഷ്യവിഷബാധയേറ്റ് കോട്ടയത്ത് യുവതി മരിച്ചതില്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് കുടുംബം. സംക്രാന്തിയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷമാണ് രശ്മിക്ക് ശാരീരികാസ്വാസ്ഥ്യം തുടങ്ങിയത്. വിശദമായ അന്വേഷണം വേണമെന്നും കുടുംബത്തിന്റെ ആവശ്യം.

Loading...

കഴിഞ്ഞ മാസം 29-ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലിൽനിന്ന് ഓർഡർ ചെയ്ത് വരുത്തിയ അൽഫാം ആണ് രശ്മി കഴിച്ചത്. മെഡിക്കൽ കോേളജ് നഴ്‌സിങ് ഹോസ്റ്റലിലേക്ക് വരുത്തിയാണ് ഭക്ഷണം കഴിച്ചത്. സഹോദരൻ വിഷ്ണുരാജിനും ഈ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച മറ്റ് 26 പേർക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്.

രശ്മി രാജ് ഭക്ഷണം കഴിച്ച് രാത്രി ആയപ്പോൾ ഛർദിയും വയറിളക്കവും ഉണ്ടായി. തുടർന്ന് സഹപ്രവർത്തകർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ വയറ്റിൽ അണുബാധയാണെന്ന് സ്ഥിരീകരിച്ചതോടെ ഉടൻ ട്രോമ കെയർ തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റി. രോഗാവസ്ഥ ഗുരുതരമാകുകയും അണുബാധ, വൃക്കയും കരളുമടക്കമുള്ള അവയവങ്ങളെ ബാധിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാൽ, തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മരിച്ചു. അതിനിടെ ഡയാലിസിസിന് വിധേയമാക്കിയെങ്കിലും ഫലമുണ്ടായില്ല.