സോണിയയുടെ പിന്തുണ തനിക്കുണ്ട്; താൻ കോൺ​ഗ്രസിൽ തുടരുമെന്ന് കെ വി തോമസ്

തിരുവനന്തപുരം: സിപിഐഎം പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ കെ വി തോമസിന് എന്ത് നടപടി നേരിടേണ്ടി വരുമെന്നതിൽ നിർണായക ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ തനിക്കെതിരെ എന്ത് നടപടിയുണ്ടായാലും താൻ കോൺ​ഗ്രസിൽ തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ട് കെ വി തോമസ് രം​ഗത്ത് എത്തിയിരിക്കുന്നത്. സോണിയ ​ഗാന്ധിയുടെ പിന്തുണ തനിക്കുണ്ടെന്നും കെ വി തോമസ് വ്യക്തമാക്കുന്നുണ്ട്.

അതേസമയം തന്നെ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു. തന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കുക എന്ന അജണ്ട കെ സുധാകരൻ നടപ്പാക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കെ സുധാകരനല്ല കോൺഗ്രസെന്നും താൻ പാർട്ടിയിൽ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് കെ സുധാകരനല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിൽ ചേരാൻ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കെ വി തോമസ് അറിയിച്ചു.അതേസമയം, കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെതിരെ അച്ചടക്കനടപടി വേണമെന്നാണ് കെപിസിസി ഉന്നയിക്കുന്ന ആവശ്യം.

Loading...