കാമുകിയെ കാണാനുള്ള കൊതി കൊണ്ട് കടല്‍ കടന്നു; ജയില്‍ വാസം അനുഭവിച്ച് യുവാവ്

പ്രണയത്തിന് അതിരില്ലാത്തതിനാല്‍ ജയിലിലായി ഒരു കാമുകന്‍്. കൊറോണ കാലമായതോടെ രാജ്യങ്ങള്‍ക്ക് കര്‍ശനമായ അതിരുകളുണ്ട്, മനുഷ്യര്‍ക്കും. സ്‌കോട്ട്ലാന്‍ഡുകാരനായ ഡെയില്‍ മക്ക്ലോഗ്ലന്‍ കാമുകിയെ കണ്ടിട്ട് രണ്ടുമാസം കഴിഞ്ഞു. കാമുകി താമസിക്കുന്ന വിതോണ്‍ ദ്വീപിലേക്ക് പ്രവേശനത്തിന് അനുമതി തേടിയെങ്കിലും അധികൃതര്‍ നിഷേധിച്ചു. കൊറോണ നിയന്ത്രണങ്ങളാണ് കാരണം.

പിന്നെന്തു ചെയ്യും?… കടല്‍ കടക്കണമെങ്കില്‍ നീന്തണം. പക്ഷെ, നീന്താന്‍ അറിയില്ല. അറിഞ്ഞാല്‍ തന്നെ 112 കിലോമീറ്റര്‍ അകലെയുള്ള ദ്വീപില്‍ എത്താനുമാവില്ല. പിന്നെ ആകെയുള്ള മാര്‍ഗം ബോട്ടില്‍ പോവുകയാണ്. പക്ഷെ. ബോട്ട് ഓടിക്കാന്‍ അറിയില്ല. എന്തായാലും കൈയ്യിലുള്ള സമ്പാദ്യം മുഴുവന്‍ ചെലവഴിച്ച് ഒരു ജെറ്റ്സ്‌കീ വാങ്ങുകയാണ് 28കാരനായ ഡെയില്‍ ആദ്യം ചെയ്തത്. വീട്ടുകാരോടു പോലും പറയാതെയായിരുന്നു ഡെയില്‍ തീരുമാനങ്ങളെടുത്തത്.

Loading...

40 മിനുട്ടു കൊണ്ട് വിതോണ്‍ ദ്വീപിലെത്തുമെന്നായിരുന്നു വിലയിരുത്തല്‍. പക്ഷെ, പ്രതികൂല കാലാവസ്ഥ മൂലം നാലര മണിക്കൂറിന് ശേഷം തീരത്തെത്തി. ജെറ്റ് സ്‌കീയുടെ ഇന്ധനവും ഏറെ കുറെ തീര്‍ന്നിരുന്നു. അധികൃതരുടെ കണ്ണു വെട്ടിച്ചു കരയില്‍ കയറി 24 കിലോമീറ്റര്‍ അകലെയുള്ള കാമുകിയുടെ വീട്ടിലേക്ക് നടന്നു. അപ്രതീക്ഷിതമായ സന്ദര്‍ശനത്തില്‍ ഞെട്ടിയ കാമുകി യുവാവുമൊത്ത് റെസ്റ്ററന്റില്‍ പോയി ഭക്ഷണം കഴിച്ചു.

പിന്നീട് കടപ്പുറത്തിരുന്നു. അവധിക്കാലം ഒരുമിച്ചു ചെലവഴിക്കാന്‍ ഇരുവരും തീരുമാനിച്ചു. അധികൃതരുടെ കണ്ണുവെട്ടിച്ചെങ്കിലും നാട്ടുകാരുടെ കണ്ണ് വെട്ടിക്കാന്‍ ഡെയിലിന് സാധിച്ചിരുന്നില്ല. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ദിവസം പൊലീസ് ഡെയിലിനെ അറസ്റ്റ് ചെയ്തു. പ്രണയത്തിന് വേണ്ടിയാണ് നിയമം ലംഘിച്ചതെന്നു യുവാവ് കുറ്റസമ്മതം നടത്തി.

കൊറോണ പടര്‍ത്തണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും പറഞ്ഞു. കൊറോണ എമര്‍ജന്‍സി നിയമം ലംഘിച്ചതിന് ഒരു മാസം തടവ് ശിക്ഷ വിധിച്ചു. കാമുകിയെ ക്വാറന്റൈനിലുമാക്കി. പിന്നീട് ഇരുവര്‍ക്കും കൊറോണ പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. മകന്റെ കൂടെ ക്രിസ്മസ് ആഘോഷിക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്ന് ഡെയിലിന്റെ മാതാവ് ആലിസണ്‍ പറഞ്ഞു.

എന്താണ് ജെറ്റ്സ്‌കീയെന്നു കേള്‍ക്കുന്നത് ഇപ്പോഴാണ്. കടലില്‍ മകന്റെ ജീവന് അപകടമൊന്നും സംഭവിക്കാത്തതില്‍ സന്തോഷമുണ്ടെന്നും മാതാവ് പറഞ്ഞു. പ്രണയത്തിന് വേണ്ടി കടല്‍കടന്ന യുവാവിന് ധീരതക്കുള്ള പുരസ്‌കാരമാണ് നല്‍കേണ്ടതെന്നാണ് ട്വിറ്ററിലെ അഭിപ്രായം. ഇയാളെ വെറുതെ വിടണമെന്നും കാമ്ബയിന്‍ നടക്കുന്നുണ്ട്.