പാലക്കാട്: രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീരപുത്രന്‍ ലഫ്. കേണല്‍ നിരജ്ഞന്‍കുമാറിന്റെ മൃതദേഹം മണ്ണാര്‍കാട് എളുമ്പിലാശേരിയിലുള്ള തറവാട് വീട്ടിലെത്തിച്ചു. അച്ഛന്റെ ജന്മനാട്ടില്‍ ചെറിയച്ഛന്‍ ഹരികൃഷ്ണന്‍ പണികഴിപ്പിച്ച വീടായ ‘കൃഷ്ണാര്‍പ്പണ’ത്തിലേയ്ക്ക് നിരഞ്ജന്റെ ഭൗതികശരീരമെത്തിക്കുമ്പോള്‍ ഒരു നോക്ക് കാണാന്‍ തിങ്ങിനിറഞ്ഞ നാട്ടുകാര്‍ തിരക്കു കൂട്ടി. പാലക്കാട്ടെ പൊതുദര്‍ശനത്തിന് ശേഷം 6.05നാണ് മൃതദേഹം എളമ്പുലാശ്ശേരിയില്‍ എത്തിച്ചത്.

നിരഞ്ജന്റെ മകള്‍ വിസ്മയയേയും എടുത്തുകൊണ്ട് അടുത്ത ബന്ധുവാണ് ആദ്യം വീട്ടിലേയ്ക്കു വന്നത്. പിറകേ അച്ഛന്‍ ശിവരാജനും, നിരഞ്ജന്റെ ഭാര്യ ഡോ.രാധികയും അടുത്ത ബന്ധുക്കളും പടികടന്നു വീട്ടിലേയ്ക്ക് എത്തുമ്പോള്‍ അടക്കിപ്പിടിച്ച തേങ്ങലുകള്‍ ഉയര്‍ന്നു. പിന്നാലെയാണ് മൃതദേഹവും വഹിച്ച് രാജ്യത്തിന്റെ പ്രതിരോധ ഭടന്മാര്‍ കടന്നു വന്നത്. സേനാംഗങ്ങളും പോലീസും പിന്നീട് വീടിന്റെ നിയന്ത്രണം ഏറ്റെടുത്തു.

Loading...

niranjan-pathankot-4

നിരഞ്ജന്റെ പിതാവ് ശിവരാജനേയും ഭാര്യ രാധയേയും സഹോദരി മിനിയേയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍ നിസഹായരായി. ഡോ. രാധയുടെ പിതാവ് ഗോപാലകൃഷ്ണപ്പണിക്കര്‍ വാവിട്ടു കരഞ്ഞുകൊണ്ടാണ് വീടിനുള്ളിലേയ്ക്ക് എത്തിയത്.സ്വീകരണ മുറിയില്‍ സജ്ജമാക്കിയ മേശപ്പുറത്ത് നിരഞ്ജന്റെ ഭൗതികശരീരം ഇറക്കി വച്ചു. കലക്ടര്‍ പി.മേരിക്കുട്ടി, എം.എല്‍.എ.മാരായ എം.ഹംസ, ഷാഫി പറമ്പില്‍, വി.ടി.ബല്‍റാം തുടങ്ങിയവര്‍ ഭൗതികശരീരം ഏറ്റുവാങ്ങാനുളളവര്‍ക്ക് നേതൃത്വം നല്കി.

ഇന്ത്യന്‍ വായുസേനാ ഹെലികോപ്ടര്‍ പാലക്കാട് വിക്ടോറിയ കോളജ് ഗ്രൗണ്ടില്‍ എത്തിച്ച മൃതദേഹം പ്രതിരോധ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും, കലക്ടര്‍ പി.മേരിക്കുട്ടി, എം.എല്‍.എ.മാരായ എം.ഹംസ, ഷാഫി പറമ്പില്‍, വി.ടി.ബല്‍റാം, നിരഞ്ജന്റെ ബന്ധുക്കളും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്.

niranjan-pathankot-2
ബംഗലൂരുവിലുള്ള നിരഞ്ജന്റെ ചെറിയച്ഛന്മാരായ നന്ദകുമാറും അരവിന്ദനും കുടുംബവും നേരത്തെതന്നെ എളമ്പുലാശ്ശേരിയില്‍ എത്തിയിരുന്നു. മുതലമട സ്‌നേഹം ട്രസ്റ്റ് ചെയര്‍മാന്‍ പി.സുനില്‍ദാസിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ വിതുമ്പലടക്കാന്‍ പാടുപെടുന്ന പ്രിയപ്പെട്ട അച്ഛമ്മയുടെ അടുത്തേയ്ക്ക നിരഞ്ജന്റെ സഹോദരിയും ഡോ.രാധികയുെട അമ്മയും എത്തി. അപ്പോളതൊരു കൂട്ടക്കരച്ചിലായി.

niranjn 5_PravasiShabdam

നിരഞ്ജനെ അവസാനമായിക്കാണാന്‍ ഒരു നോക്ക് കാണാന്‍ തിരക്കിയ നാട്ടുകാരെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പ്രയാസപ്പെട്ടു. തിരക്ക് അല്പം ശാന്തമായതിനു ശേഷമാണ് വീടിന്റെ മറ്റൊരു വശത്തുകൂടി നാട്ടുകാരെ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പോലീസ് കടത്തി വിട്ടുതുടങ്ങിയത്. കോയമ്പത്തൂരില്‍ നിന്നെത്തിയ കരസേനാ സംഘംശവസംസ്‌കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാലോചിക്കാന്‍ യോഗം ചേരുന്നുണ്ടായിരുന്നു.

lt-col-niranjan_PravasiShabdam

പൂര്‍ണ്ണ സൈനിക ബഹുമതികളോടെ നിരഞ്ജന്റെ ശവസംസ്‌കാരം ചൊവ്വാഴ്ച

എളബുലാശ്ശേരി: പൂര്‍ണ്ണ സൈനിക ബഹുമതികളോടെ ലഫ്. കേണല്‍ നിരഞ്ജന്റെ ശവസംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് നടക്കും. എളമ്പുലാശ്ശേരി കളരിക്കല്‍ തറവാട്ടു വളപ്പിലാണ് അന്ത്യവിശ്രമസ്ഥലം ഒരുക്കിയിരിക്കുന്നത്. എളബുലാശ്ശേരി കെ.എ.യു.പി.സ്‌കൂളില്‍ രാവിലെ ഏഴിന് മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. 11 മണിയോടെ തറവാട്ടുവളപ്പിലേയ്ക്ക് കൊണ്ടുപോകും. തുടര്‍ന്ന് സംസ്‌കാരം നടക്കും.

സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല എത്തും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി കെ. ബാബുവും ജില്ലയിലെ ജനപ്രതിനിധികളും തിങ്കളാഴ്ച അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.10 വര്‍ഷമായി പൂട്ടിയിട്ടിരിക്കുകയാണ് കളരിക്കല്‍ തറവാട്. തറവാടിന്റെ തെക്കുകിഴക്ക് മൂലയിലായി വിശാലമായ പ്രദേശം നിരപ്പാക്കിയെടുത്താണ് അന്ത്യവിശ്രമസ്ഥലം ഒരുക്കിയിട്ടുള്ളത്.