മാസ്റ്റര്‍ ചോര്‍ന്ന സംഭവത്തില്‍ മദ്രാസ് ഹെെക്കോടതിയുടെ ഇടപെടല്‍; 400 സെെറ്റുകള്‍ നിരോധിച്ചു!

വിജയിയുടെ പുത്തന്‍ ചിത്രമായ മാസ്റ്റര്‍ സിനിമ ചോര്‍ന്ന സംഭവത്തില്‍ ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. 400 വ്യാജ സൈറ്റുകളാണ് നിരോധിച്ചത്. വെബ്സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ ടെലികോം സേവന ദാതാക്കളായ എയര്‍ടെല്‍, ജിയോ, വൊഡഫോണ്‍, ബിഎസ്‌എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സമൂഹ മാധ്യമങ്ങളിലൂടെ രംഗങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ചിത്രത്തിലെ ക്ലെെമാക്സ് ഉള്‍പ്പടെയുള്ള പ്രധാന ഭാഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. വിതരണക്കാര്‍ക്കായി നടത്തിയ പ്രത്യേക ഷോയ്ക്കിടെയാണ് രംഗങ്ങള്‍ ചോര്‍ന്നത്.

ഇതേ തുടര്‍ന്ന് വിതരണ കമ്ബനിയിലെ ജീവനക്കാരനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചിത്രം ചോര്‍ന്ന വിവരം സംവിധായകന്‍ ലോകേഷ് കനകരാജ് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിലെ ചോര്‍ന്ന രംഗങ്ങള്‍ ആര്‍ക്കെങ്കിലും ലഭിച്ചാല്‍ അത് പ്രചരിപ്പിക്കരുതെന്നും ഒരുപാട് പേരുടെ ഒന്നര വര്‍ഷത്തെ കഷ്ടപ്പാടാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ചിത്രം തീയേറ്ററില്‍ തന്നെ കണ്ട് ആസ്വദിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കഴിഞ്ഞ ഏപ്രിലില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമാണ് മാസ്റ്റര്‍.

Loading...

കെെതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ വിജയിയും വിജയ് സേതുപതിയും കെെകോര്‍ക്കുകയാണ്. മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ടീസറുകളും പ്രൊമോകളുമെല്ലാം വെെറലായി മാറിയിരുന്നു.