ദില്ലി: മദ്രസകളില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കാന്‍ ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് തീരുമാനിച്ചു. ചില മദ്രസകളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് മലയാളി മാധ്യമ പ്രവര്‍ത്തക വി.പി റജീനയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായ പശ്ചാത്തലത്തിലാണ് ബോര്‍ഡ് ഇക്കാര്യം ഗൗരവമായി എടുക്കുന്നത് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ മാസം ഒമ്പതിന് നടക്കുന്ന ബോര്‍ഡ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. രാജ്യത്തെ മദ്രസകള്‍ക്ക് ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ബോര്‍ഡ് ആലോചിക്കുന്നതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Loading...

മദ്രസകളിലെ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണെന്ന് ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി ലക്‌നോയില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ അടിയന്തിരമായി പരിഹാര മാര്‍ഗങ്ങള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവര്‍ത്തക സമിതി യോഗത്തിന്റെ അജണ്ടയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിലെങ്കിലും പുതിയ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ യോഗം ഈ പ്രശ്‌നം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി വ്യക്തമാക്കി. അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും പൊതു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വ്യവസ്ഥ നിലവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തി അടിയന്തിരമായി പരിഹരിക്കാന്‍ മദ്രസകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ആലോചിക്കുന്നതായും ഫാറൂഖി അറിയിച്ചു. മതത്തിനും രാജ്യത്തെ നിയമങ്ങള്‍ക്കും എതിരായ ഇത്തരം പ്രവണതകള്‍ വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ മദ്രസകളെ അറിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റജീനയുടെ പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ സ്വതന്ത്ര മത സംഘടനകളുടെ മുന്‍കൈയില്‍ ആഭ്യന്തര അന്വേഷണം നടത്തണമെന്ന് അമേരിക്കയിലെ മത സംഘടനയായ ഇന്ത്യ അമേരിക്ക മുസ്‌ലിം കൗണ്‍സില്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. റജീന മതത്തെ അവഹേളിക്കുന്നതായി ആരോപിച്ച് ഫേസ്ബുക്കില്‍ അവര്‍ക്കെതിരെ സൈബര്‍ ആക്രമണം നടന്ന സംഭവം ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു.