കൊറോണ ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് കാഞ്ഞിരപ്പള്ളി സ്വദേശി

വാഷിങ്ടണ്‍: കൊറോണ ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. കൊറോണ ബാധിച്ച് ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയാണ് മരിച്ചത്. ജോസഫ് മാത്യുവാണ് മരിച്ചത്. രണ്ടാഴ്ച മുമ്പായിരുന്നു ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 25 ആയി.

അതേസമയം കേരളത്തിൽ ഇന്ന് 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 11 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് കൊറോണ ബാധയുണ്ടായിരിക്കുന്നത്. കണ്ണൂര്‍-4, കാസര്‍കോട്-4, മലപ്പുറം-2, കൊല്ലത്തും തിരുവനന്തപുരത്തും ഓരോ കേസ് എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. അതേസമയം ഇന്ന് 13 പേര്‍ രോഗവിമുക്തരായി. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ടുന്ന രോഗികളെ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Loading...

കാസര്‍കോടുള്ള മറ്റ് രോഗികളെ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റാനും തീരുമാനം. ആവശ്യമെങ്കില്‍ എയര്‍ലിഫ്റ്റിംഗ് അടക്കമുള്ള സംവിധാനങ്ങളും ഉപയോഗിക്കും. രോഗവ്യാപനം വര്‍ദ്ധിക്കുന്നില്ല എന്നതിനാല്‍ നമ്മള്‍ സുരക്ഷിതരാണെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി. ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ എന്തും സംഭവിക്കാം എന്ന ബോധം ജനങ്ങള്‍ക്ക് ഉണ്ടാകണം.ഇത് വരെ 357 പേര്‍ക്കാണ് രോഗം സ്ഥീരികരികരിച്ചത്. 258 പേര്‍ ഇപ്പോൾ ചികിത്സയിൽ കഴിയുന്നുണ്ട്.

1,36,195 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 135472 പേരും ആശുപത്രികളിൽ 723 പേരും നിരീക്ഷണത്തിലുണ്ട്. 153 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 11469 സാമ്പിളുകളിൽ രോഗബാധയില്ലെന്ന് ഇന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ച് 100 ദിവസം പിന്നിട്ടു. കൊവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ എട്ട് വിദേശികളുടെ ജീവൻ രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചെത്തിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.