ക്ഷേത്രസ്വത്തുക്കള്‍ വെളിച്ചം കാണട്ടെ: മോദിയുടെ നല്ല ശ്രമം

നല്ലതിനെ നമ്മള്‍ സ്വാഗതം ചെയ്യണം. വിദേശവ്യാപാര കമ്മി നികത്തുന്നതിന് മോദി കൊണ്ടുവരുന്ന പുതിയ ആശയം വളരെ നല്ല ഒരു ആശയം തന്നെ. നിര്‍ജീവമായി അമ്പലങ്ങളിലും, പള്ളികളിലും കുമിഞ്ഞുകൂടിക്കിടക്കുന്ന സ്വത്തുക്കള്‍ കണ്ടെത്തി അവയെ ക്രയവിക്രയരംഗത്ത് കൊണ്ടുവരാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യുന്ന ശ്രമങ്ങള്‍ അംഗീകരിക്കാതെ നിര്‍വ്വാഹമില്ല. വെറുതെ ഇത് ക്ഷേത്രങ്ങളുടെയും മറ്റ് ആരാധനാലയങ്ങളുടെയും ഇരുളടഞ്ഞ നിലവറകളില്‍ അന്തിയുറങ്ങിയാല്‍ അതില്‍ നിന്ന് അമ്പലത്തിനോ, പൊതുജനങ്ങള്‍ക്കോ യാതൊന്നും ലഭ്യമല്ല. ഇത് നിലവറകളില്‍ നിന്ന് ബാങ്കുകളിലേക്ക് കുടിയേറുമ്പോള്‍ അതിന്റെ മൂല്യം അറിയും, അതില്‍ നിന്ന് ആരാധനാലയങ്ങള്‍ക്ക് വരുമാനവും ലഭിക്കും. കൂടാതെ ഈ സ്വത്തുക്കള്‍ ഭാരതത്തിന്റെ വികസനത്തിനു വിനിയോഗിക്കുകയും ആവാം. എന്നാല്‍ ഇതുമായി എത്ര ക്ഷേത്രഭ്രണസമിതികള്‍ സഹകരിക്കും എന്നതുമാത്രമാണ് കണ്ടറിയേണ്ടത്.

ഇന്ത്യയിലെ കണക്കില്ലാത്ത ക്ഷേത്രസ്വത്തുക്കളെ നിക്ഷേപമായി സ്വീകരിച്ച് വിദേശ വ്യാപാര കമ്മി നികത്തുന്നിന് കേന്ദ്രസര്‍ക്കാര്‍ തയാറാക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കേന്ദ്രബജറ്റില്‍ അവതരിപ്പിച്ച സ്വര്‍ണം നിക്ഷേപിക്കു പലിശ നേടു എന്ന പദ്ധതിയുടെ തുടര്‍ച്ചയായാണ് 3000 ടണ്ണോളം വരുന്ന ക്ഷേത്ര സ്വത്തുക്കള്‍ ബാങ്കുകളില്‍ എത്തിച്ച് സ്വര്‍ണശേഖരം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിക്ഷേപിക്കുന്നവര്‍ക്കും നിക്ഷേപം സ്വീകരിക്കുന്നവര്‍ക്കും നേട്ടം ഉണ്ടാകുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്യുന്നത്.

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം ഉള്‍പ്പെടെ അതിസമ്പന്നമായ ക്ഷേത്രങ്ങളില്‍നിന്നുള്ള സ്വര്‍ണം ബാങ്കുകളിലേക്ക് മാറ്റുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്ഷേത്രം ട്രസ്റ്റുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന സ്വര്‍ണത്തിന് ബാങ്കുകള്‍ പലിശ നല്‍കും. ബാങ്കുകളില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്യുന്നതു പോലെ തന്നെയുള്ള സംവിധാനമാണിത്. ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് നിക്ഷേപം നല്‍കുന്നതു പോലെ തന്നെ ബാങ്കുകള്‍ സ്വര്‍ണ നിക്ഷേപത്തിനും പലിശ നല്‍കും. നിക്ഷേപം സ്വര്‍ണത്തിന്റെ രൂപത്തില്‍ സ്വീകരിക്കുന്ന ബാങ്കുകള്‍ക്കും ഇതില്‍നിന്ന് ആദായമുണ്ടാക്കാന്‍ സാധിക്കും.

Loading...

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് യുഎസിനാണ് ഏറ്റവും അധികം സ്വര്‍ണശേഖരമുള്ളത്. 8133.5 ടണ്‍ സ്വര്‍ണമാണ് യുഎസിനുള്ളത്. ഏപ്രില്‍ മാസത്തിലെ കണക്ക് അനുസരിച്ച് ഇന്ത്യക്കുള്ളത് 557.7 ടണ്‍ സ്വര്‍ണ ശേഖരമാണ്. ഇന്ത്യന്‍ ക്ഷേത്രങ്ങളിലെ സ്വര്‍ണ ശേഖരം സര്‍ക്കാരിന്റെ കൈപ്പിടിയില്‍ ആകുകയാണെങ്കില്‍ സ്വര്‍ണ ശേഖരത്തിന്റെ കാര്യത്തില്‍ ഇന്ത്യ ജര്‍മ്മനിയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തും. നിലവില്‍ ജര്‍മ്മനിക്ക് 3384.2 ടണ്‍ സ്വര്‍ണ ശേഖരമുണ്ട്. ഇന്റര്‍നാഷ്ണല്‍ മോണിറ്ററി ഫണ്ടിന്റെയും ഇന്റര്‍നാഷ്ണല്‍ ഫിനാന്‍ഷ്യല്‍ സ്റ്റാറ്റിസ്റ്റിക്ക്‌സിന്റെയും കണക്കുകള്‍ ഒരുമിച്ചു കൂട്ടിയാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഒരോ രാജ്യങ്ങളുടെയും സ്വര്‍ണശേഖരം കണക്കാക്കിയിരിക്കുന്നത്.

അതേസമയം ഇന്ത്യയിലെ ആളുകള്‍ കൈയില്‍ സൂക്ഷിച്ചിരിക്കുന്നതും ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്നതുമായ സ്വര്‍ണത്തിന്റെ കണക്കെടുത്താല്‍ അത് 17,000 ടണ്‍ എങ്കിലും വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ പദ്ധതിയില്‍ ആകൃഷ്ടരായി ഇന്ത്യയിലെ ജനങ്ങള്‍ സ്വര്‍ണശേഖരം ബാങ്കില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയാല്‍ സ്വര്‍ണ ശേഖരത്തിന്റെ കാര്യത്തില്‍ പിന്നെ മറ്റൊരു രാജ്യത്തിനും ഇന്ത്യക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ പോലും സാധിക്കില്ല. ഇന്ത്യയിലെ നിര്‍ജീവാവസ്ഥയിലിരിക്കുന്ന സ്വര്‍ണത്തെ ബാങ്കുകളിലെത്തിച്ച് വിപണിക്ക് അനക്കം സൃഷ്ടിക്കാനുള്ള പദ്ധതിക്ക് മോഡി സര്‍ക്കാര്‍ മെയ് മാസത്തില്‍ തുടക്കം കുറിയ്ക്കുമെന്നാണ് റിപ്പോര്ട്ടുകള്. ബാങ്കുകളില്‍ നിക്ഷേപിക്കപ്പെടുന്ന സ്വര്‍ണം ഉരുക്കി ജുവലറികള്‍ക്കും മറ്റും ഉപയോഗിക്കാന്‍ നല്‍കുന്ന പദ്ധതിയും ഇതിനൊപ്പമുണ്ടായേക്കും.

1999ല്‍ സമാനമായ സ്വര്‍ണ നിക്ഷേപ പദ്ധതി സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നെങ്കിലും അന്ന് കുറഞ്ഞ പലിശനിരക്കായിരുന്നു ക്ഷേത്രങ്ങളെ പിന്നോട്ടു വലിച്ചത്. അന്ന് 0.75 ശതമാനം മുതല്‍ ഒരു ശതമാനം വരെ മാത്രമായിരുന്നു എസ്ബിഐ ഈ പദ്ധതിക്ക് പലിശ പ്രഖ്യാപിച്ചിരുന്നത്. നാളിതുവരെയായി 15 ടണ്‍ സ്വര്‍ണം മാത്രമാണ് ഈ പദ്ധതിക്കു കീഴില്‍ നിക്ഷേപിക്കപ്പെട്ടത്. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതിയില്‍ എത്ര ശതമാനം പലിശയായിരിക്കും എന്ന കാര്യം വ്യക്തമല്ല. അഞ്ചു ശതമാനം പലിശയെങ്കിലും പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍.

ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ ഈ പദ്ധതിയില്‍ ചേരാന്‍ തീരുമാനിച്ചാല്‍ രാജ്യത്തിന്റെ വാര്‍ഷിക സ്വര്‍ണ ഇറക്കുമതി നാലില്‍ ഒന്നായി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്. നിലവില്‍ 800 മുതല്‍ 1000 ടണ്‍ വരെയാണ് സ്വര്‍ണത്തിന്റെ വാര്‍ഷിക ഇറക്കുമതി. അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണം നിക്ഷേപിച്ച് പലിശ നേടു എന്ന പദ്ധതി അവതരിപ്പിച്ചത് ഇതുകൂടി മനസ്സില്‍ വെച്ചിട്ടാവണം.

മുംബൈയിലെ സിദ്ധി വിനായക ക്ഷേത്രം സര്‍ക്കാരിന്റെ പദ്ധതിയോട് സഹകരിക്കും എന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. ക്ഷേത്രത്തിന് ഉപകാരപ്രദമാകുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെങ്കില്‍ പദ്ധതിയില്‍ പങ്കാളികളാകുമെന്ന് സിദ്ധവിനായക ക്ഷേത്രം ട്രസ്റ്റിന്റെ ചെയര്‍മാന്‍ നരേന്ദ്ര മുരാരി റാണെ മാധ്യമ അന്വേഷണങ്ങള്‍ക്ക് മറുപടിയായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിശ്വാസികള്‍ക്ക് ഇതിനോട് അത്ര യോജിപ്പില്ലെന്നാണ് സൂചന. ദൈവത്തിന് സമര്‍പ്പിക്കപ്പെട്ട സ്വര്‍ണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പാപമായിരിക്കുമെന്നാണ് വിശ്വാസികളുടെ പക്ഷം. തങ്ങള്‍ സ്വര്‍ണം സമര്‍പ്പിച്ചത് ദൈവത്തിനാണ് അല്ലാതെ ക്ഷേത്രം ട്രസ്റ്റിനല്ല എന്നാണ് സ്വര്‍ണം സംഭാവന ചെയ്ത വിശ്വാസികളുടെയും മറ്റും പക്ഷം. 158 കിലോ ഗ്രാം സ്വര്‍ണമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഇപ്പോഴത്തെ വിപണി മൂല്യം അനുസരിച്ച് 67 മില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുണ്ടിതിന്.

ക്ഷേത്ര സമ്പത്തിലെ സ്വര്‍ണം ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പദ്ധതിയുമായി സഹകരിക്കാന്‍ തയാറാണോ എന്ന അന്വേഷണവുമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍, ക്ഷേത്രത്തിലെ സ്വര്‍ണം നിക്ഷേപിക്കുന്ന പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമില്ല. കേന്ദ്രസര്‍ക്കാരിന്റെ ഈ പദ്ധതി നീക്കത്തെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

‘ ഇതൊരു ഊഹമാകാനാണ് സാധ്യത. ഇങ്ങനെയൊരു പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ വരുമെന്ന് ഞാന്‍ കരുതുന്നില്ല. ഇങ്ങനെയൊരു പദ്ധതി അവതരിപ്പിക്കുകയാണെങ്കില്‍ തന്നെ വിശ്വാസികളുടെയും ക്ഷേത്രങ്ങളുടെയും അനുമതിയില്ലാതെ ക്ഷേത്ര സ്വത്തുക്കളില്‍ കൈവെയ്ക്കാന്‍ അനുവദിക്കില്ല. തന്നെയുമല്ല പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുമായി ബന്ധപ്പെട്ട വിഷയം ഇപ്പോല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്’. ക്ഷേത്ര സ്വത്തുക്കള്‍ ഇത്രയും കാലം സൂക്ഷിച്ച രാജകുടുംബത്തെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു. ‘ ഞാന്‍ അവരെ അഭിനന്ദിക്കുകയാണ്.. അവരുടെ സത്യസന്ധത കൊണ്ടാണ് സ്വത്തുക്കള്‍ ഇപ്പോഴും ക്ഷേത്രത്തില്‍ തന്നെ നിലനില്‍ക്കുന്നത,’ – ഉമ്മന്‍ ചാണ്ടി പറഞ്ഞു. ( ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ഏപ്രില്‍ 11).

ബിജെപി നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയാണെങ്കിലും കേരളത്തിലെ ശിവസേന ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകള്‍ക്ക് ക്ഷേത്ര സ്വത്തില്‍ കൈവെയ്ക്കുന്നതിനോട് യോജിപ്പില്ല. ‘ ക്ഷേത്രങ്ങളിലെ സ്വത്തുക്കള്‍ ബാങ്കുകളിലേക്ക് മാറ്റാന്‍ ആദ്യം പദ്ധതി തയാറാക്കിയത് മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണ്. അന്ന് ബിജെപി ഇതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തിരുന്നു. എന്നാല്‍ ഇതേ നിര്‍ദ്ദേശം ഇപ്പോള്‍ ബിജെപി തന്നെ മുന്നോട്ടു വെയ്ക്കുന്നത് അപലപനീയമാണ്’ – ശിവസേന സംസ്ഥാന മേധാവി ഭുവനചന്ദ്രന്‍ ഡെക്കന്‍ ക്രോണിക്കിള്‍ പത്രത്തോട് പ്രതികരിച്ചു.

ഹിന്ദു ഐക്യവേദിയുടെ നേതാവ് കുമ്മനം രാജശേഖരനും ബിജെപി സര്‍ക്കാരിന്റെ ഈ നീക്കത്തോട് യോജിപ്പില്ല. വിശ്വാസികള്‍ കാണിക്കയായി അര്‍പ്പിക്കുന്ന സ്വത്തു വകകള്‍ ബാങ്കില്‍ നിക്ഷേപിക്കേണ്ടവയല്ലെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. ഇത്തരമൊരു നിര്‍ദ്ദേശത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഹിന്ദു സമൂഹത്തിനാണ്. എന്നിരുന്നാലും ഈ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞാല്‍ മാത്രമെ വ്യക്തമായ ഒരു നിലപാട് പ്രഖ്യാപിക്കാന്‍ സാധിക്കുവെന്നും കുമ്മനം പറഞ്ഞു.

എന്നാല്‍ മോഡിയാണ് തങ്ങളുടെ അവസാന വാക്കെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്റെ പ്രതികരണം. ‘ മോഡി ഇക്കാര്യത്തില്‍ ഒരഭിപ്രായം പറഞ്ഞ സ്ഥിതിക്ക്, അദ്ദേഹമാണ് ഞങ്ങളുടെ അവസാന വാക്ക്. മോഡിയാണ് ഞങ്ങളുടെ നേതാവ് അദ്ദേഹത്തിന്റെ നയങ്ങളെയാണ് ഞങ്ങള്‍ പ്രചരിപ്പിക്കുന്നത്’ – അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം പത്മനാഭ ക്ഷേത്രത്തിലെ സ്വര്‍ണ നിക്ഷേപത്തിന്റെ നിയന്ത്രണം ഇപ്പോള്‍ സുപ്രീംകോടതി നിയമിച്ചിരിക്കുന്ന ഉന്നതാധികാര സമിതിക്കാണ്. മ്യൂസിയമുണ്ടാക്കി ക്ഷേത്രത്തിന്റെ സമ്പത്ത് സൂക്ഷിക്കണമെന്നാണ് ഈ ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശം.