ഒഹായോ: അവര്‍ അമ്മയും മകളും. പരസ്പരം അറിയാനും, കാണാനും, ഒന്ന് ആലിംഗനം ചെയ്യാനും വര്‍ഷങ്ങളായി കാംക്ഷിച്ചിരുന്നവര്‍. എന്നാല്‍ രണ്ടുപേരും കൈയ്യെത്തും ദൂരത്ത്. ഒരുമിച്ചിരുന്ന് തമാശകള്‍ പറയുകയും, ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുള്ളവര്‍. ഒടുക്കം അറിഞ്ഞപ്പോള്‍ കാഴ്ചക്കാരെവരെ കണ്ണീരിലാഴ്ത്തിയവര്‍.

38-കാരിയായ ലസോണിയ മിച്ചല്‍ക്ലാര്‍ക്ക് തന്റെ വളര്‍ത്ത് മാതാപിതാക്കളുടെ സ്നേഹത്തിലും പരിലാളനയിലും സന്തുഷ്ടയാണ്. എന്നിരുന്നാലും വര്‍ഷങ്ങളായി തനിക്കു ജന്മംനല്‍കിയ മാതവിനെ തിരയുന്നു. പലപ്പോഴും നിരാശയനുഭവപ്പെട്ടിട്ടുണ്ടെങ്കിലും അവള്‍ തന്റെ ശ്രമത്തില്‍ നിന്ന് പിന്തിരിഞ്ഞില്ല. അങ്ങനെയിരിക്കെ ഒഹായോ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ജാനുവരി 1, 1964 മുതല്‍ സെപ്റ്റംബര്‍ 18, 1996 വരെയുള്ള ജനനവിവരങ്ങള്‍ വെളിപ്പെടുത്തിയത് അവള്‍ അറിഞ്ഞു. അവരുമായി ഉടനെ ബന്ധപ്പെട്ട് തന്റെ പേരും ജനനത്തീയതിയും അഡ്രസ്സും നല്‍കി. തുടര്‍ന്ന് കൊളംബസ്സിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്തിന്റെ ഓഫീസില്‍ നിന്ന് അവളുടെ മാതാവിന്റെ പേരുള്‍പ്പെടുന്ന ജനനവിവരങ്ങള്‍ അടങ്ങിയ കത്ത് അവള്‍ക്ക് ലഭിച്ചു. അതില്‍ മാതാവിന്റെ പേര് ഫ്രാന്‍സീന്‍ സിമന്‍സ് എന്നവള്‍ കണ്ടു.

Loading...

തുടര്‍ന്ന് തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ആ പേര് ഫേസ്ബുക്കില്‍ പരതി. അവര്‍ ഒരു ഫ്രാന്‍സീന്‍ സിമന്‍സിനെ ഫേസ്ബുക്കില്‍ കണ്ടെത്തി. അവരും ലസോണിയയും ഒരേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ആളെ ഏതാണ്ട് മനസ്സിലായെങ്കിലും ഫ്രാന്‍സീന്‍ തന്നെയാണോ തന്റെ അമ്മ എന്ന് ചോദിക്കുന്നതിന് അവള്‍ക്ക് മടിയായി. ആ ജോലിയും സുഹൃത്തുക്കള്‍ ഏറ്റെടുത്തു. തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫ്രാന്‍സീനുമായി ബന്ധപ്പെടുകയും ഫ്രാന്‍സീന്‍ ലസോണിയയെ ഫോണില്‍ വിളിക്കുകയും ചെയ്തു. അന്ന് ഫോണില്‍കൂടി അവര്‍ 38 വര്‍ഷത്തെ വിഷമങ്ങളും, ജീവിതകഥകളും പരസ്പരം പങ്കുവെച്ചു. പിറ്റേദിവസത്തെ കൂടിക്കാഴ്ചയ്ക്കായി ക്ലോക്കിലെ സൂചിതിരിയുന്നതും നോക്കി രാവിനെ ശപിച്ചും കൊണ്ട് കാത്തിരുന്നു.

പിറ്റേദിവസം പതിവിലും നേരത്തെ രണ്ടുപേരും കമ്പനിയില്‍ എത്തി. ലസോണിയയുടെ സുഹൃത്തുക്കള്‍ ഈ വിവരങ്ങള്‍ നേരത്തെതന്നെ കമ്പനിയില്‍ അറിയിക്കുകയും സഹപ്രവര്‍ത്തകര്‍ ഇവര്‍ക്കൊരു സ്വീകരണം നല്‍കാന്‍ പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. മാതാവാണ് ആദ്യം കമ്പനിയില്‍ എത്തിയത്. കുറച്ചു കഴിഞ്ഞപ്പോള്‍ ലസോണിയയും. രണ്ടുപേരും പരസ്പരം ആ കമ്പനിവാതില്‍ക്കല്‍ നിശബ്ദരായി കുറച്ചുനേരം നോക്കിനിന്നു. പിന്നെ അതൊരു സ്നേഹ പൊട്ടലായി മാറി. രണ്ടുപേരും ആലിംഗനം ചെയ്തു ചുംബിച്ചു. 38 വര്‍ഷം അടക്കിവച്ചിരുന്ന ഹൃദയവേദനകള്‍ കണ്ണുനീരായി ഒഴുകുകയായിരുന്നു അപ്പോള്‍. ഇതു കണ്ടുനിന്നിരുന്നവരുടേയും കണ്ണുകള്‍ ഈറനണിഞ്ഞു! തുടര്‍ന്ന് സുഹൃത്തുക്കള്‍ അവരെ സ്വീകരിച്ച് ആ സന്തോഷത്തില്‍ പങ്കാളികളായി.

ലസോണിയയും മാതാവ് ഫ്രാന്‍സീനും ഒരേകമ്പനിയില്‍ ആണ് ജോലി ചെയ്തിരുന്നത്. കൂടാതെ ലസോണിയയുടെ ഒരു അര്‍ദ്ധ സഹോദരിയും ആ കമ്പനിയില്‍ തന്നെ പ്രവര്‍ത്തിച്ചിരുന്നു. പലപ്പോഴും ഇവര്‍ തമ്മില്‍ കണ്ടിട്ടുണ്ട്, സംസാരിക്കുകയും വിശേഷദിവസങ്ങളില്‍ കമ്പനി നടത്തുന്ന പാര്‍ട്ടികളില്‍ ഒരുമിച്ച് പങ്കെടുത്തിട്ടുമുണ്ട്. ഫ്രാന്‍സീന്‍ ആ കമ്പനിയില്‍ ജോലി തുടങ്ങിയിട്ട് 10 വര്‍ഷത്തിലധികമായി. എന്നാല്‍ ലസോണിയ 4 വര്‍ഷമെ ആയുള്ളു അവിടെ ആയിട്ട്.

തന്റെ പതിനാലാം വയസ്സിലാണ് ലസോണിയയെ ഗര്‍ഭിണിയാകുന്നതെന്നും പതിനഞ്ചാമത്തെ വയസ്സില്‍ ലസോണിയയ്ക്ക് ജന്മം നല്‍കിയെന്നും ഫ്രാന്‍സീന്‍ പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ വളര്‍ത്താന്‍ നിവൃത്തിയില്ലാതിരുന്ന ഫ്രാന്‍സീന്‍ ലസോണിയയെ അടുത്തുള്ള ഒരു ചില്‍ഡ്രന്‍സ് ഹോമില്‍ ആക്കി. കുട്ടിക്ക് പേരിടാന്‍ പോലും സാഹചര്യം ഫ്രാന്‍സീനെ അനുവദിച്ചില്ല. പിന്നീടൊരിക്കല്‍ ലസോണിയയെ അന്വേഷിച്ചു ചെന്നപ്പോഴേക്കും ആരോ അവളെ അവിടെനിന്നും ദത്തെടുത്തു എന്നുമാത്രമാണ് അറിഞ്ഞതെന്നും ഫ്രാന്‍സീന്‍ പറഞ്ഞു. ഇന്ന് ഫ്രാന്‍സീന് 2 പെണ്‍മക്കള്‍ വേറെയുമുണ്ട്. കമലാ കമ്മിങ്സും, മെയ്ഷ കമ്മിങ്സും. ഇക്കാലമത്രയും ഇവര്‍ തമ്മില്‍ 5 മിനിട്ട് വ്യത്യാസത്തിലാണ് താമസിച്ചിരുന്നത്.

sisters
ലസോണിയയുടെ സഹോദരിമാര്‍ കമലാ കമ്മിങ്സും, മെയ്ഷ കമ്മിങ്സും

തനിക്കു ജന്മം നല്‍കിയ അമ്മയെയും, കമലാ, മെയ്ഷ എന്നീ സഹോദരിമാരെ കിട്ടിയതിന്റെയും സന്തോഷത്തിലാണ് ലസോണിയ ഇപ്പോള്‍.