അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മനുഷ്യന്റെ ജീവന്‍ നഷ്ടമാകും: സ്പ്രിങ്ക്‌ളര്‍ വിഷയത്തിൽ പി രാജീവ്

തൃശ്ശൂര്‍: സ്പ്രിങ്ക്‌ളര്‍ വിഷയത്തിലെ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് വിശദീകരണം നല്‍കി പി രാജീവ്. അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മനുഷ്യന്റെ ജീവന്‍ നഷ്ടമാകും. ഈ സാഹചര്യത്തിലാണ് സ്പ്രിങ്ക്‌ളറുമായി കരാര്‍ ഒപ്പിട്ടതെന്ന് പി രാജീവ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി രാജീവ് വിശദീകരണം നല്‍കിയത്. എച്ച്‌ഐവിയേക്കാള്‍ എത്രമാത്രം ദുരന്തം പടര്‍ത്താനുള്ള ഇടയുള്ള ഒരു മഹാമാരിയാണ് കോവിഡ്. കോവിഡിന്റെ വ്യാപന നിരക്ക് എത്രയും വിപുലമാകാന്‍ സാധ്യതയുള്ളതാണ്. അതുകൊണ്ടുതന്നെ ഒരാളെ ബാധിച്ച കോവിഡ് അവരുടെമാത്രം രോഗമല്ലാതാകുകയും ഏതൊരാളുടെയും രോഗസാധ്യതയാകുകയും ചെയ്യുന്നു. ഒരാള്‍ മാസ്‌ക് ധരിക്കുന്നത് അയാളുടെമാത്രം ആവശ്യമല്ലാതായിത്തീരുകയും അത് അവര്‍ സഞ്ചരിക്കുന്ന വഴിയിലുള്ള മുഴുവന്‍ മനുഷ്യരുടെയും ആവശ്യമായി മാറുകയും ചെയ്യുന്നുവെന്നും പി രാജീവ് വിശദീകരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി രാജിവ് സർക്കാരിനെ അനുകൂലിച്ച് രം​ഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റ്:

Loading...

*വ്യക്തിയുടെ സ്വകാര്യതയും സാമൂഹ്യതാല്‍പ്പര്യവും:
ഏതൊരു പ്രശ്‌നത്തെയും പ്രതിഭാസത്തെയും വിലയിരുത്തുന്നത് സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്. ഒരു പ്രശ്‌നത്തെ അതുമാത്രമായും സാഹചര്യങ്ങള്‍ ഉള്‍പ്പെടെ മറ്റൊന്നുമായും ബന്ധമില്ലാതെയും വിലയിരുത്തുന്ന കേവലമായ വിശകലനരീതി അശാസ്ത്രീയവും അബദ്ധവുമാണെന്നത് ലോകം അംഗീകരിച്ചിട്ടുള്ള യാഥാര്‍ഥ്യമാണ്. കോവിഡ് വിവരങ്ങളുടെ വിശകലനവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുസംബന്ധിച്ച പ്രശ്‌നത്തിലും വ്യക്തിയുടെ സ്വകാര്യതയും സമൂഹത്തിന്റെ താല്‍പ്പര്യവും തമ്മിലുള്ള വൈരുധ്യം പ്രധാന വിഷയമാണ്.

എന്നാല്‍, ചീട്ടുകൊട്ടാരംപോലെ കെട്ടിപ്പൊക്കിയ വിവാദങ്ങളില്‍ ഇത്തരം മൗലികപ്രശ്‌നങ്ങള്‍ ഉയര്‍ന്നില്ലെന്നതും പ്രസക്തം. കേരളത്തില്‍ എണ്‍പതുലക്ഷം ആളുകള്‍ക്ക് കോവിഡ് ബാധിക്കാമെന്നും എട്ടുലക്ഷംപേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുമെന്നും അതില്‍ എണ്‍പതിനായിരം പേര്‍ക്ക് വെന്റിലേറ്റര്‍ ആവശ്യമായി വരുമെന്ന ഘട്ടത്തില്‍ അതിനെ നേരിടാന്‍ മനുഷ്യസാധ്യമായ എല്ലാഇടപെടലുകളും നടത്തിയ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആത്മവിശ്വാസം തകര്‍ത്ത് കോവിഡ് പ്രതിരോധത്തെ ദുര്‍ബലപ്പെടുത്താനുള്ള വ്യാമോഹമായിരുന്നു വിവാദത്തിനുപുറകില്‍ എന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിട്ടുണ്ട്.

സ്പ്രിങ്ക്‌ളര്‍ വിവാദത്തിന്റെ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. ലോകത്തിലെ ഒരു ഐടി സ്ഥാപനവും തങ്ങളുടെ കൈയില്‍ ഇതുപോലെയോ ഇതിനേക്കാള്‍ മെച്ചപ്പെട്ടതോ ആയ ഒരു സംവിധാനം വിവരവിശകലനത്തിനായി ഉണ്ടെന്ന് അവകാശപ്പെട്ടിട്ടില്ല എന്നതാണ്. അതിനര്‍ഥം അങ്ങനെയൊന്ന് വികസിപ്പിച്ചെടുക്കാന്‍ കഴിയില്ലെന്നതല്ല, ഇപ്പോള്‍ ഉപയോഗിക്കാവുന്ന അവസ്ഥയില്‍ ലഭ്യമല്ലെന്നുമാത്രമാണ്.

ഇങ്ങനെയാരു സേവന സോഫ്റ്റ്‌വെയര്‍ ആവശ്യമായ ഘട്ടത്തില്‍ വിപണിയില്‍ ലഭ്യമായതിനെ ആശ്രയിക്കുകയും പിന്നീട് സ്വന്തമോ സ്വതന്ത്രമോ ആയ ഒരു സംവിധാനം വികസിപ്പിക്കുകയുമാണ് ശരിയായ കാഴ്ചപ്പാട്. സോഫ്റ്റ് വെയറുകളുടെ സ്വാതന്ത്ര്യത്തെ കുറിച്ച്‌ പറയുമ്ബോഴെല്ലാം റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ സാധാരണ ഉപയോഗിക്കുന്ന ഉദാഹരണങ്ങളിലൊന്ന് റെഡിമെയ്ഡ് ഷര്‍ട്ടുകളാണ്. നിങ്ങള്‍ വാങ്ങുന്ന ഷര്‍ട്ട് നിങ്ങളുടെ അളവുകള്‍ക്ക് അനുസരിച്ച്‌ അഴിച്ചു തുന്നാന്‍പോലും അവകാശമില്ലാത്തതാകുന്നതുപോലെയാണ് ഉടമസ്ഥാവകാശമുള്ള സോഫ്റ്റ് വെയറുകള്‍ എന്ന് അദ്ദേഹം പറയാറുണ്ട്.

എന്നാല്‍, ഇവിടെ ഷര്‍ട്ട് ഇട്ടേ മതിയാകൂ എന്ന അനിവാര്യമായ സാഹചര്യം വന്നിരിക്കുന്നു. തുണി വാങ്ങി തയ്യല്‍ക്കാരനെ കണ്ടെത്തി അളവെടുത്ത് തയ്ക്കുന്നതിനുള്ള സമയമില്ല. അപ്പോള്‍ പിന്നെ ചില കുറവുകളുണ്ടെങ്കിലും വിപണിയില്‍ അപ്പോള്‍ ലഭ്യമായ ഷര്‍ട്ട് വാങ്ങി ഉപയോഗിക്കല്‍മാത്രമാണ് കരണീയം. എന്നാല്‍, അതോടൊപ്പം തയ്യല്‍ക്കാരനെ കണ്ടെത്തി തുണിയും വാങ്ങി കുറെക്കൂടി ചേരുന്ന ഷര്‍ട്ട് പിന്നീട് തയ്‌ച്ചെടുക്കുകയുംചെയ്യാം.

എന്നാല്‍, റെഡിമെയ്ഡ് ഷര്‍ട്ട് വാങ്ങിയതുസംബന്ധിച്ച്‌ ആരെങ്കിലും ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന തര്‍ക്കം ഇനി ഷര്‍ട്ടേ പാടില്ലെന്ന അബദ്ധചിന്ത സമൂഹത്തിലേക്ക് പകരാന്‍ പാടില്ല. വിവരശേഖരണവും വിശകലനവും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവചനവും ഇല്ലാതെ അസാധാരണമായ സാഹചര്യത്തെ നേരിടാന്‍ മനുഷ്യര്‍ക്ക് കഴിയില്ല. അതിന് ഇതിനുമുമ്ബ് ആരും സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ സഞ്ചരിക്കേണ്ടിവരും.

യഥാര്‍ഥത്തില്‍ പല രാജ്യങ്ങള്‍ക്കും ലോക്ക്ഡൗണ്‍ ഈ വഴികള്‍ കണ്ടെത്തുന്നതിനു ലഭിക്കുന്ന സമയംകൂടിയാണ്. ലോക്ക്ഡൗണിലും ഇന്ത്യയില്‍ മരണനിരക്കും രോഗനിരക്കും കൂടുന്ന അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇതിന് സവിശേഷപ്രാധാന്യമുണ്ട്. ഒരാള്‍ക്ക് രോഗമുണ്ടെന്ന വിവരം ലഭിക്കുമ്ബോള്‍ത്തന്നെ ഏതുതലത്തിലുള്ള ചികിത്സ ആവശ്യമാണെന്ന് നിര്‍ണയിക്കുന്നതു തുടങ്ങി ഏത് ആശുപത്രിയിലാണ് കിടക്കയുള്ളതെന്നും അങ്ങോട്ട് ഏറ്റവും പെട്ടെന്ന് എത്തിക്കുന്ന ആംബുലന്‍സ് എവിടെയാണുള്ളതെന്നും ഒരൊറ്റ ക്ലിക്കില്‍ അറിയാന്‍ കഴിയുന്ന വേഗതയാണ് ഈ മഹാമാരിയുടെ കാലം ആവശ്യപ്പെടുന്നത്. എവിടെയാണ് ഐസിയുവില്‍ കിടക്കയുള്ളതെന്നും വെന്റിലേറ്റര്‍ ഉള്ളതെന്നും അറിയാന്‍ ഒരു രോഗിയെയും കൊണ്ട് ആശുപത്രിയില്‍നിന്ന് ആശുപത്രിയിലേക്ക് ഓടേണ്ടിവരരുത്. ഒരാളില്‍നിന്ന് ആയിരങ്ങളിലേക്ക് പകരാന്‍ ഇടയുള്ള മഹാമാരിയുടെ വ്യാപനത്തെ തടയുന്നതിനും വിവരവിശകലനം അനിവാര്യമായ മുന്നുപാധിയാണ്.

ഈ വിവരങ്ങള്‍ എത്രമാത്രം സ്വകാര്യമാണ്? ഇന്ത്യന്‍ ഭരണഘടന സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍, പിന്നീട് സുപ്രീംകോടതി പല വിധിന്യായങ്ങളിലൂടെ ജീവിക്കാനുള്ള അവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യഭാഗമാണ് സ്വകാര്യത എന്ന് പ്രഖ്യാപിക്കുകയുണ്ടായി. അതിന്റെ ഏറ്റവും മൂര്‍ത്തമായ പ്രഖ്യാപനമാണ് പുട്ടുസ്വാമി കേസില്‍ സുപ്രീംകോടതി നടത്തിയത്. എന്നാല്‍, ഈ കേസിലും സ്വകാര്യതയെ നിര്‍വചിക്കാന്‍ കോടതി തയ്യാറായില്ല.

സ്വകാര്യതയെന്നത് കേവലമായ മൗലികാവകാശമല്ലെന്നും പറഞ്ഞുവച്ചു. അതിനുശേഷം ഈ വിധിയുടെകൂടി പിന്‍ബലത്തില്‍ 2019ല്‍ റിതേഷ് സിങ് കേസില്‍ പൊതുതാല്‍പ്പര്യത്തിനുവിധേയമാണ് സ്വകാര്യത എന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒരാളുടെ ശബ്ദം പരിശോധിക്കുന്നത് സ്വകാര്യമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആവശ്യവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണെന്ന് കോടതി വ്യക്തമാക്കി. പുട്ടുസ്വാമി കേസിനുമുമ്ബ് ഭര്‍ത്താവിന്റെ രക്തപരിശോധനാഫലം ഭാര്യക്ക് നല്‍കാമോ എന്ന കേസില്‍ എച്ച്‌ഐവി പോസിറ്റീവാണോ അല്ലയോ എന്ന വിവരം ഭര്‍ത്താവിന്റെ സ്വകാര്യതയല്ലെന്നും ഭാര്യയുടെ അറിയാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കോടതി വിധിക്കുകയുണ്ടായി.

എച്ച്‌ഐവിയേക്കാള്‍ എത്രമാത്രം ദുരന്തം പടര്‍ത്താനുള്ള ഇടയുള്ള ഒരു മഹാമാരിയാണ് കോവിഡ്. കോവിഡിന്റെ വ്യാപന നിരക്ക് എത്രയും വിപുലമാകാന്‍ സാധ്യതയുള്ളതാണ്. അതുകൊണ്ടുതന്നെ ഒരാളെ ബാധിച്ച കോവിഡ് അവരുടെമാത്രം രോഗമല്ലാതാകുകയും ഏതൊരാളുടെയും രോഗസാധ്യതയാകുകയും ചെയ്യുന്നു. ഒരാള്‍ മാസ്‌ക് ധരിക്കുന്നത് അയാളുടെമാത്രം ആവശ്യമല്ലാതായിത്തീരുകയും അത് അവര്‍ സഞ്ചരിക്കുന്ന വഴിയിലുള്ള മുഴുവന്‍ മനുഷ്യരുടെയും ആവശ്യമായി മാറുകയും ചെയ്യുന്നു. കോവിഡ് ബാധിക്കുന്ന ഒരാള്‍ പോയ വഴികള്‍ അയാളുടെമാത്രം സ്വകാര്യമല്ലാതാകുകയും അത് നാടിനെ ആകെ ബാധിക്കാനിടയുള്ള മഹാമാരിയുടെ വഴിയായി മാറുകയും ചെയ്യുന്നു. ഫലത്തില്‍ അയാളുടെ വിവരങ്ങളുടെ സ്വകാര്യതയുടെ അവകാശം അങ്ങനെയല്ലാതാകേണ്ടത് അയാളുടെയും മറ്റു മനുഷ്യരുടെയും ജീവന്‍ രക്ഷപ്പെടുത്തുന്നതിനുള്ള മുന്നുപാധിയാണ്. ഈ ഘട്ടത്തില്‍ അയാളുടെ സമ്മതത്തോടെമാത്രമേ സര്‍ക്കാര്‍ ഈ വിവരങ്ങള്‍ ശേഖരിക്കുകയോ വിശകലനം നടത്തുകയോ ചെയ്യാവൂ എന്ന് വാദിക്കുന്നത് എത്രമാത്രം അസംബന്ധമാണ്.

സിപിഐ എം വിവരങ്ങളുടെ സ്വകാര്യതയ്ക്കുവേണ്ടി നിലകൊള്ളുന്നുവെന്നതിന്റെ അര്‍ഥം വിവരങ്ങള്‍ സാമൂഹ്യമായ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍പാടില്ല എന്ന അര്‍ഥത്തിലല്ല. ആധാറിന്റെ കാര്യത്തിലെ പാര്‍ടി സമീപനവും ഇതേനിലപാടില്‍ത്തന്നെയാണ്. എന്നാല്‍, വിവരങ്ങളുടെ വാണിജ്യമോ ഇതരമോ ആയ ഉപയോഗം അനുവദിക്കാന്‍ പാടില്ല. സാധാരണഗതിയില്‍ സ്വകാര്യത സംരക്ഷിക്കുകയും വേണം. നിയമത്തിന്റെ പിന്‍ബലമില്ലാതെ ആധാര്‍ നടപ്പാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസും രാജ്യസഭയില്‍ പാസാകില്ലെന്ന ധാരണയില്‍ ധനബില്ലാക്കി മാറ്റി ലോക്‌സഭയില്‍ പാസാക്കിയെടുത്ത ബിജെപിയും ഇപ്പോള്‍ സിപിഐ എമ്മിന്റെ നയത്തെ പിന്തുണയ്ക്കുന്നത് നല്ലതുതന്നെ!

ഏതുവിവരവും സ്വകാര്യമല്ലാതാകുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നു കൂടി കാണണം. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ഒരാള്‍ ഏതെങ്കിലും നഗരത്തില്‍ചെന്നിട്ട് വിമാന ടിക്കറ്റിന്റെ വിവരമറിയാന്‍ ഗൂഗിളില്‍ സെര്‍ച്ചു ചെയ്യുമ്ബോള്‍ നില്‍ക്കുന്ന സ്ഥലം ടിക്കറ്റ് നല്‍കുന്ന ആപ്പുകള്‍ക്ക് ആരാണ് ചോര്‍ത്തിക്കൊടുത്തത്? സ്മാര്‍ട്ട്‌ഫോണുകളിലെ ഹെല്‍ത്ത് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ അവരുടെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ പോകേണ്ട ആശുപത്രികളുടെ പരസ്യങ്ങള്‍ വരുന്നത് എങ്ങനെയെന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ എല്ലാ മിനിറ്റിലും അറിയാതെ ചോദിക്കുന്നവര്‍ വിവരചോര്‍ച്ച എന്ന് പറഞ്ഞ് ഉല്‍ക്കണ്ഠപ്പെടുകയും ചെയ്യും.

എല്ലാവര്‍ക്കും സ്വകാര്യനയമുണ്ട്. അതിലാണ് താനും സമ്മതിക്കുന്നുവെന്ന് ടിക്ക് ചെയ്ത് കൊടുക്കുന്നത്. അതെല്ലാം അവര്‍ക്ക് എങ്ങനെയും നമ്മുടെ വിവരങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശം നല്‍കലാണ്. കൊട്ടിഘോഷിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യസേതു ആപ്പിലെ പ്രൈവറ്റ് പോളിസിയില്‍ ഏതുമാറ്റവും പിന്നീട് വരുത്താനുള്ള അവകാശവുംകൂടി അവര്‍ക്ക് നല്‍കണം!

കംപ്യൂട്ടറുകളുടെ ഉപയോഗത്തിന്റെ മുന്നോടിയായി ഓപ്പറേറ്റിങ് സോഫ്‌റ്റ്വെയറുകള്‍മുതല്‍ ആപ്ലിക്കേഷനുകള്‍വരെ വാങ്ങുമ്ബോഴും ഉപയോഗിക്കുമ്ബോഴും എത്ര അന്തരാഷ്ട്രകരാറുകളിലാണ് യഥാര്‍ഥത്തില്‍ ഓരോ വ്യക്തിയും ഏര്‍പ്പെടുന്നത്. ഐ എഗ്രീ എന്നതില്‍ ടിക്ക് ചെയ്യുന്നതോടെ അവരുമായി ഓരോവ്യക്തിയും കരാറിലാണ് ഏര്‍പ്പെടുന്നത്. അന്താരാഷ്ട്രകരാര്‍ എന്നുപറഞ്ഞ് ബഹളം കൂട്ടുന്നവര്‍തന്നെ എത്ര കരാറുകളില്‍ ഒപ്പിട്ടവരാണെന്ന് ആലോചിക്കുന്നത് കൗതുകകരമാണ്.

ന്യൂയോര്‍ക്കിലേക്ക് ഓടാന്‍ കഴിയുമോയെന്ന് കോടതി ചോദിക്കുന്നതും ഇത്തരം കരാറില്‍ ഒപ്പിട്ട് സൂം സംവിധാനം വഴിയാണ്. അതില്‍ തര്‍ക്കമുണ്ടായാല്‍ കലിഫോര്‍ണിയയിലെ കോടതിയെയൊ അമേരിക്കന്‍ ആര്‍ബിട്രേഷന്‍ അസോസിയേഷനെയോ സമീപിക്കേണ്ടിവരുമെന്നതാണ് യാഥാര്‍ഥ്യം. കരാറില്‍ ഒപ്പിട്ട കക്ഷികളുടെ തര്‍ക്കത്തിന്റെ കോടതിയുടെ അധികാരപരിധി മറ്റുള്ളവര്‍ക്ക് ബാധകമല്ലെന്ന പ്രാഥമികധാരണയും പലരും മറന്നതായി നടിച്ചു. എന്നിട്ട് ന്യൂയോര്‍ക്കിലേക്ക് ഓടേണ്ടിവരുമെന്ന് പ്രചരിപ്പിച്ചവര്‍ കേരളത്തിലെ ഹൈക്കോടതിയില്‍ കേസ് കൊടുക്കുകയും കോടതി അത് കേള്‍ക്കുകയും ചെയ്തു. എന്നിട്ടും പലര്‍ക്കും ഇനിയും ജൂറിസ്ഡിക്ഷന്‍ പിടികിട്ടിയില്ലത്രേ.

ഇത്തരം സന്ദര്‍ഭത്തില്‍, വിവരങ്ങളുടെ സ്വകാര്യത സംരക്ഷിച്ച്‌ അവയെ സാമൂഹ്യമായ താല്‍പ്പര്യത്തിന് ഉപയോഗിക്കുകയാണ് വേണ്ടത്. അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മനുഷ്യന്റെ ജീവന്‍ നഷ്ടമാകും. വാതില്‍ തുറന്നില്ലെങ്കില്‍ ശ്വാസംമുട്ടി മരിച്ചുപോകുമെന്ന ഘട്ടത്തില്‍ ഈച്ചയും കൊതുകും കയറാനിടയുണ്ടെങ്കിലും അവ തുറന്നിടുക തന്നെയാണ് കരണീയം. വ്യക്തിയുടെ സ്വകാര്യതയെ സാമൂഹ്യമായ താല്‍പ്പര്യത്തിന് കീഴ്‌പ്പെടുത്തുകയാണ് വേണ്ടത്.
പി രാജീവ്