കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ കാര്യക്ഷമത നഷ്ടപ്പെട്ടു: പ്രതിപക്ഷ നേതാവിന്റെ ജോലി ചെന്നിത്തല നന്നായി നിർവഹിക്കുന്നുണ്ട്- പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കൊവിഡ് പ്രതിരോധത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി കെ കുഞ്ഞാലിക്കുട്ടി എംപി. കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ കാര്യക്ഷമത നഷ്ടപ്പെട്ടുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവിൻറെ ജോലി ചെന്നിത്തല നന്നായി നിർവഹിക്കുന്നുണ്ട്. അതിന് യുഡിഎഫിൻറെ പൂർണ പിന്തുണയുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ എൻഐഎ ചോദ്യം ചെയ്യുന്നത് അസാധാരണ സാഹചര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇടത് സർക്കാരിൻറെ തുടർഭരണം ഒഴിവാക്കാൻ 91ലേതുപോലുള്ള ‘കോലീബി’ സഖ്യത്തിന് ശ്രമം നടക്കുന്നുവെന്ന കോടിയേരി ബാലകൃഷ്ണൻറെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. പത്ത് നാൽപത് വർഷമായി ഈ തൊഴിലിനിറങ്ങിയിട്ട്. ഡിഎൻഎ എന്താണെന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. സ്വർണക്കടത്ത് കേസിനെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരത്തെ തന്നെ അറിയാം.ആദ്യം കോടിയേരി തന്നെ പറയട്ടെ . ബാക്കി കാര്യങ്ങൾ അതിന് ശേഷം പറയാമെന്നും ചെന്നിത്തല പറ‍ഞ്ഞു.

Loading...

സർക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും അഴിമതിയുടെയും ധൂർത്തിൻറെയും കൂടാരമായി മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷം ഇതുവരെ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹ കുറ്റത്തിൻറെ ഭാഗമായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ആദ്യം ഉന്നയിച്ചത് ഇപിയുടെ ബന്ധു നിയമനമാണ് . ഇ.പി രാജിവെച്ചു. ബ്രൂവറി അഴിമതി തെളിയിക്കപ്പെട്ടു. ട്രാൻസ്ഗ്രിഡ് അഴിമതിയിൽ പി.ഡബ്ള്യൂ.സി പങ്ക് വ്യക്തമായി. പൊലീസ് ഹെഡ്ക്വാട്ടേഴ്സ് അഴിമതിയിൽ അന്വേഷണത്തിന് സർക്കാർ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് അഴിമതി നടന്നത്. ഐടി വകുപ്പിന് കീഴിലെ നിയമനങ്ങളിലടക്കം അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു. കേരളത്തിൽ ലക്കും ലഗാനുമില്ലാതെ കൺസൾട്ടൻസികളെ നിയമിക്കുകയാണ്. റോഡ് പണിയാൻ പോലും കൺസൾട്ടൻസിയെ നിയമിക്കുന്നു. മുഖ്യമന്ത്രി രാജി വെച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു. കോടിയേരി തന്നെ കുറിച്ച് പറഞ്ഞത് പച്ച വർഗ്ഗീയതയാണ്. തൻറെ ഡി.എൻ.എ എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാമെന്നും ചെന്നിത്തല തിരിച്ചടിച്ചു.