ദിലീപിന് ഇനി പുറത്തിറക്കമില്ല; കോടതിയുമായി കൂടിക്കാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ

കൊച്ചി: ദിലീപിനെ കോടതിയില്‍ ഇനി നേരിട്ട് ഹാജരാക്കാന്‍ കഴിയില്ലെന്ന് പൊലീസ്. സുരക്ഷപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇത്തരമൊരു അപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച റിമാന്‍ഡ് കാലാവധി തീരുന്ന ദിലീപിനെ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ട സാഹചര്യമുണ്ട്. എന്നാല്‍ നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കി പകരം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടപടി പൂര്‍ത്തിയാക്കണമെന്നാണ് കോടതിയോട് പൊലീസ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇത് കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.
14 ദിവസത്തെ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് നിലവില്‍ ആലുവ സബ് ജയിലിലാണ്. ആദ്യഘട്ടത്തില്‍ ദിലീപിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വന്‍ പൊലീസ് സംഘമാണ് സുരക്ഷയ്ക്ക് വേണ്ടിവന്നത്. എന്നാല്‍ ഇനിയും ഇത്തരത്തില്‍ കോടതിയില്‍ ഹാജരാക്കുന്നത് പ്രായോഗികമല്ലെന്നാണ് പൊലീസ് നിലപാട്. മാത്രമല്ല, ചില സുരക്ഷ പ്രശ്‌നങ്ങളും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ആലുവ സബ് ജയിലില്‍ നിന്നും 14 കിലോമീറ്റര്‍ കനത്ത സുരക്ഷയില്‍ കൊണ്ടുവരുന്നതിലെ ബുദ്ധിമുട്ടും താരത്തെ കാണാന്‍ ആളുകള്‍ കൂടുന്നതും പ്രശ്‌നമായി പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.