മൊഴിയില്‍ ഉറച്ചു നിന്ന രാജുവിന് അക്കൗണ്ടിലെത്തിയത്‌ ലക്ഷങ്ങള്‍

കോട്ടയം: സിസ്‌റ്റര്‍ അഭയയുടെ കൊലയാളികള്‍ക്ക്‌ തക്കതായ ശിക്ഷ കിട്ടാന്‍ യാതൊരു പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ ഉറച്ചു നിന്ന രാജുവിന്‌ നാട്ടുകാരുടെ വക ആദരമായി ലക്ഷങ്ങള്‍. 15 ലക്ഷം രൂപയോളം കഴിഞ്ഞ ദിവസം വരെ രാജുവിന്റെ അക്കൗണ്ടില്‍ എത്തിയെന്നാണ്‌ റിപ്പോര്‍ട്ട്‌. ക്രിസ്‌തുമസ്‌ ആഘോഷിക്കാന്‍ അക്കൗണ്ടിലുള്ള ചെറിയ തുക പിന്‍വലിക്കാന്‍ എടിഎമ്മിലെത്തിയ രാജു ലക്ഷങ്ങള്‍ അക്കൗണ്ടില്‍ വന്നത്‌ കണ്ട്‌ ഞെട്ടി.

പ്രമുഖ അഭിഭാഷകന്‍ മണിക്കൂറുകളോളം വിസ്‌തരിച്ചിട്ടും അഭയയെ കിണറ്റില്‍ കണ്ടെത്തിയ ദിവസം പുലര്‍ച്ചെ മോഷണ ശ്രമത്തിനിടയില്‍ വൈദികരെ കോണ്‍വെന്റില്‍ കണ്ടുവെന്ന മൊഴിയില്‍ രാജു ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതാണ്‌ കേസില്‍ വലിയ വഴിത്തിരിവായത്‌. ലക്ഷങ്ങളുടെ പ്രലോഭനം ഉണ്ടായിട്ടും അതില്‍ ഒന്നും വീഴാതെ ഒന്നാം പ്രതിയായ ഫാദര്‍ തോമസ്‌ കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കുമെതിരായ മൊഴിയില്‍ ഉറട്ടു നിന്നതാണ്‌ പ്രതികള്‍ക്ക്‌ ശിക്ഷ ലഭിക്കാന്‍ പ്രാധാന കാരണമായത്‌.

Loading...

അഭയയെ കൊന്നുവെന്നേറ്റാല്‍ രണ്ടു ലക്ഷം രൂപയ്‌ക്ക്‌ പുറമേ വീടും നല്‍കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തിട്ടും വഴങ്ങാതിരുന്ന രാജു ഇന്നും രണ്ട്‌ സെന്റ്‌ വീട്ടില്‍ ബുദ്ധിമുട്ടി കഴിയുന്നുവെന്ന വാര്‍ത്തക്കൊപ്പം സമൂഹമാധ്യമങ്ങളില്‍ ബാങ്ക്‌ അക്കൗണ്ട്‌ നമ്ബറും പുറത്തു വന്നിരുന്നു. പത്ര വാര്‍ത്തയെ തുടര്‍ന്ന്‌ മക്കളും വിട്ടിലെത്തിയതോടെ രാജുവിന്റെ ചെറുത്ത്‌ നില്‍പിനെ അഭിനന്ദിച്ച്‌ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അവരില്‍ ചിലര്‍ രാജുവിന്‌ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തിരുന്നു. അഭയ ക്കേസ്‌ പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ച്‌ സംഘത്തിന്റെ ക്രൂര മര്‍ദനം ഏറ്റുവാങ്ങേണ്ടി വന്നതായി അടക്കാ രാജു വെളിപ്പെടുത്തിയിരുന്നു.