ഒറ്റദിവസം കൊണ്ട് വൈറലായ അഹങ്കാരമാണ് ടീച്ചർക്കെന്ന് അഡ‍്വ. ശ്രീജിത് പെരുമന; പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് സായി ശ്വേത

അഡ്വ. ശ്രീജിത് പെരുമനയ്ക്കെതിരെ ഡിജിപിക്ക് നൽകിയ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് അധ്യാപിക സായി ശ്വേത. സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തുന്നുവെന്നാണ് സായി ശ്വേത നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഹീനമായി വ്യക്തിഹത്യയായിരുന്നു അഡ‍്വക്കേറ്റ് നടത്തിയത്. ഇതിൻറെ ഭാഗമായാണ് പരാതി നൽകിയതെന്നും സായി ശ്വേത വിശദീകരിച്ചു. സിനിമയിൽ അഭിനയിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞതിന് അപമാനിച്ചെന്നും മറ്റൊരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും സായി ശ്വേത പറഞ്ഞു.

അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചാണ് അഡ്വ. ശ്രീജിത് പെരുമന തന്നെ വിളിക്കുന്നതെന്നും അപ്പോൾ ഭർത്താവിൻറെ നമ്പർ നൽകി. അടുത്ത ദിവസം തന്നെ അഭിനയിക്കാൻ താൽപര്യമില്ല എന്ന് അറിയിച്ചിരുന്നുവെന്നും സായി ശ്വേത പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്ന ഒരു പരാതി, കോൾ എടുത്തില്ല എന്നായിരുന്നു. ഓണാഘോഷത്തിൻറെ പരിപാടികളുമായി ബന്ധപ്പെട്ട് തിരക്കുകളിലായിരുന്നത് കൊണ്ടാണ് കോൾ എടുക്കാന് സാധിക്കാതിരുന്നത് എന്നും താൻ ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ വരും തലമുറയ്ക്ക് ഇത് മോശം മാതൃകയായിരിക്കും എന്നും സായി ശ്വേതപറയുന്നു

Loading...

എന്നാൽ, അപകീർത്തിപ്പെടുത്തിയിട്ടില്ലെന്നും തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിൽ കുറിക്കുക മാത്രമാണ് ചെയ്തതെന്നും ആരോപണം നേരിടുന്ന അഡ‍്വ. ശ്രീജിത് പെരുമന പറയുന്നു. ഇതിനെപ്പറ്റി വിശദമായ ഒരു കുറിപ്പും ഫേസ്ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

“സിനിമ ഓഫർ നിരസിച്ചതിന് അപമാനിച്ചു” എന്നൊക്കെ ക്യാപ്ഷ്യനിട്ട് ചില വാർത്തകൾ പറന്നു നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ ചില വസ്‌തുതകൾ പറയാതെ വയ്യ….ഒരു അടുത്ത സുഹൃത്ത് നിർമ്മിക്കുന്ന സിനിമയുടെ ഭാഗമായി പ്രവർത്തിക്കവെയാണ് സ്കൂൾ ജീവിതത്തിന്റെ കഥ പറയുന്ന സിനിമയിലേക്ക് ടീച്ചറായി ഓൺലൈനിൽ വൈറലായ ടീച്ചർ വന്നാൽ എങ്ങനെയിരിക്കും എന്ന ആലോചന പ്രൊഡ്യൂസർ മുന്നോട്ട് വെച്ചത്. തുടർന്ന് സംവിധായകനുമായി ആലോചിച്ച് അവരെയും, അവരുടെ ഭർത്താവിനെയും, അവരുടെ മീഡിയ കമ്പനിയുടെ മാനേജരെയും ഫോണിൽ ബന്ധപ്പെടുകയും അഭിനയിക്കാൻ താത്പര്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തത്.
എന്നാൽ വളരെ അപക്വമായിട്ടുള്ള അനുഭവമായിരുന്നു അവരുടെ മീഡിയ മാനേജരിൽ നിന്നുൾപ്പെടെ ലഭിച്ചത്.

ആ അനുഭവങ്ങളും, സോഷ്യൽ മീഡിയയിൽ അടവെച്ച് മൂക്കാതെ പഴുപ്പിക്കുന്ന വൈറൽ താരോദയങ്ങളുടെ സാമൂഹിക ജീവിതങ്ങളെക്കുറിച്ചും രണ്ട് ദിവസങ്ങൾക്ക് മുൻപ് എഴുതിയ ഫെയിസ്ബുക്ക് പോസ്റ്റാണ് അപമാനകരമാണ് എന്ന് ആക്ഷേപിച്ചുകൊണ്ട് ടീച്ചർ പരാതി നൽകിയിട്ടുള്ളത്.

പരാതി നൽകിയതിനെ സ്വാഗതം ചെയ്തുകൊണ്ട് പറയട്ടെ, സിനിമയിൽ അഭിനയിക്കാത്തതുകൊണ്ട് അപമാനിച്ചു എന്ന് തലക്കെട്ടുകൾ കെട്ടുമ്പോൾ സിനിമയിൽ അഭിനയിക്കാത്തതിന് അവരെ ലൈംഗികമായോ, അശ്ലീലമായോ, വാക്കുകൊണ്ടോ, നോക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ അപമാനിച്ചു എന്നാണ് തരളിതരായ ചില മലയാളികൾ വ്യാഖ്യാനിക്കുക. അവർക്ക് അപമാനകരമായി തോന്നിയ പോസ്റ്റ് ഇപ്പോഴും എന്റെ ഫെയിസ്ബുക്കിലുണ്ട് അക്കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയും ചെയുന്നു. സിനിമയിൽ അഭിനയിക്കാത്തതിന് അപമാനിച്ചു എന്ന മാധ്യമവാർത്തകൾക്കും, പരാതിക്കാരിക്ക് അപമാനമായി തോന്നിയതുമായ പഴയ പോസ്റ്റ്‌ ഇതോടൊപ്പം #repost ചെയ്യുന്നു. എന്റെ അനുഭവം എന്റെ അഭിപ്രായവും നിലപാടുമാണ് അതിൽ ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടർക്ക് പോലും റോളില്ല.