സിലബസില്‍ ഗോള്‍വാള്‍ക്കറും സവര്‍ക്കറും ഉള്‍പ്പെട്ടതില്‍ തെറ്റില്ല, കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസില്‍ പ്രതികരിച്ച്‌ ശശി തരൂര്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. സിലബസില്‍ ഗോള്‍വാള്‍ക്കറും സവര്‍ക്കറും ഉള്‍പ്പെട്ടതില്‍ തെറ്റില്ല. ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രമേ വായിക്കൂ എങ്കില്‍ സര്‍വകലാശാലയില്‍ പോയിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികള്‍ വിമര്‍ശനാത്മകമായി വിഷയങ്ങളെ മനസ്സിലാക്കണം. എല്ലാ അഭിപ്രായങ്ങളും വായിക്കണം. തന്റെ നിലപാട് ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയിലല്ല, അക്കാഡമീഷ്യന്‍ എന്ന നിലയിലാണ്. കണ്ണൂര്‍ സിലബസ് വിഷയത്തില്‍ പല പുസ്തകങ്ങളോടൊപ്പം തന്നെ ഗോള്‍വാള്‍ക്കറുടേയും സവര്‍ക്കറുടേയും പുസ്തകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. ഇവരുടെ പുസ്തകങ്ങളോടൊപ്പം തന്നെ ഗാന്ധിജി നെഹ്രു തുടങ്ങിയവരുടെ പുസ്തകങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികള്‍ എല്ലാം വായിക്കണം.

Loading...

ചിലര്‍ പറയുന്നത് കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയ ഈ പാഠ പുസ്തകങ്ങള്‍, അധ്യാപകര്‍ പഠിപ്പിക്കുമ്പോള്‍ ഇതൊക്കെ യാഥാര്‍ത്ഥ്യമാണെന്ന് വിദ്യാര്‍ത്ഥികള്‍ വിശ്വസിക്കും എന്നാണ്. എന്നാല്‍ അധ്യാപകര്‍ക്ക് ഇത്തരത്തിലുള്ള സാഹചര്യം ഇല്ലാതാക്കാന്‍ ഉത്തരവാദിത്തമുണ്ട്. സവര്‍ക്കറും ഗോള്‍വാള്‍ക്കറും പുസ്തകം എപ്പോള്‍ എഴുതി, ആ സമയത്ത് ലോകത്ത് എന്തായിരുന്നു സംഭവിച്ചു കൊണ്ടിരുന്നത് എന്നതൊക്കെ മനസ്സിലാക്കി വിമര്‍ശനാത്മകമായി മനസ്സിലാക്കുന്നതില്‍ ഒരു തെറ്റും കാണുന്നില്ല.

ഒരു യൂണിവേഴ്‌സിറ്റിക്കകത്ത് കേറിക്കഴിഞ്ഞാല്‍ പല അഭിപ്രായങ്ങളും ഉണ്ടാകും. അങ്ങനെ വരുമ്പോള്‍ ഒരു പുസ്തകം ഒരു സര്‍വകലാശാലയില്‍ ഉണ്ടാകരുതെന്ന് പറയാനേ സാധിക്കില്ല. ആ പുസ്തകം മാത്രമായിരുന്നു സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കില്‍ അത് ശരിയല്ലായിരുന്നുവെന്ന് ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.