ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത സംഭവം: മറ്റൊരു നടിയെയും ഒരു മോഡലിനെയും പ്രതികള്‍ ഭീഷണിപ്പെടുത്തി: ഇവരില്‍ നിന്ന് പ്രതികള്‍ പണവും സ്വർണവും തട്ടിയെടുത്തു

കൊച്ചി: ഷംനകാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഭവം ഇന്നലെയാണ് പുറത്ത് വന്നത്. ഷംനയുടെ കുടുംബം പരാതിയുമായി പോലീസിനെ സമീപിച്ചതിന് പിന്നാലെ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. നടിയില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപ ലക്ഷ്യമിട്ടതായാണ് ലഭിക്കുന്ന വിവരം. ‌‌‌തട്ടിപ്പുകാര്‍ മാന്യത നടിച്ചാണ് ഇടപെട്ടതെന്ന് ഷംന പറയുന്നു. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാല്‍ ആദ്യം സംശയിച്ചില്ലെന്നും എന്നാല്‍ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയെന്നും ഷംന വിശദീകരിക്കുന്നു. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാന്‍ ആയിരുന്നു പദ്ധതി. പ്രതി ഷംനയെ വിളിച്ചത് അന്‍വര്‍ എന്ന പേരിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. ഇയാള്‍ രണ്ട് കുട്ടികളുടെ അച്ഛന്‍ ആണെന്ന് പൊലീസ് പറഞ്ഞു.

വളരെ അടുത്ത് സംസാരിച്ചതിന് ശേഷം പെട്ടെന്ന് തന്നെ പണം ആവശ്യപ്പെട്ടപ്പോൾ വീഡിയോ കോളിൽ വിളിക്കാൻ ഷംന ആവശ്യപ്പെട്ടു. വീഡിയോ കോള്‍ വിളിക്കാൻ ഷംന ആവശ്യപ്പെട്ടതോടെ പ്രതി ഫോൺ സ്വിച്ച് ഓഫ്‌ ആക്കുകയായിരുന്നു. ഇതാണ് കൂടുതൽ സംശയങ്ങൾക്ക് വഴിവെച്ചത്. പിന്നീടാണ് ഭീഷണി തുടങ്ങിയത്. നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്. വിവാഹ ആലോചനക്കെന്ന പേരിലാണ് പ്രതികൾ ഷംനയുടെ കുടുംബവുമായി ബന്ധപ്പെടുന്നത്.

Loading...

അതേസമയം ഷംനയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ക്കെതിരെ കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്തെത്തി. രണ്ട് പെണ്‍കുട്ടികളാണ് പ്രതികള്‍ വഞ്ചിച്ചെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. മറ്റൊരു നടിയെയും ഒരു മോഡലിനെയും ഇതേ പ്രതികള്‍ ബ്ലാക്‌മെയിലിംഗ് ചെയ്തതായാണ് വിവരം. ഇവരില്‍ നിന്ന് പ്രതികള്‍ പണവും സ്വർണവും തട്ടിയെടുത്തു. ഇരുവരും പൊലീസിനെ സമീപിച്ചിട്ടുണ്ട്. പരാതികളില്‍ പൊലീസ് ഇന്ന് കേസെടുക്കും. കടവന്ത്രയിലുള്ള ഒരു നടിയിൽ നിന്ന് സംഘം ബ്ലാക്ക്‌മെയിൽ ചെയ്ത് തട്ടിയത് രണ്ടര പവൻ സ്വർണ്ണമായിരുന്നു. ആലപ്പുഴയിൽ നിന്നുള്ള ഒരു മോഡലിൽ നിന്ന് ഇവർ ഒരു ലക്ഷം രൂപയും തട്ടിയെടുത്തു. ഇതോടൊപ്പം നടി ആക്രമിക്കപ്പെട്ടെ കേസിൽ ഇവർക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.