സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയ ഇന്ത്യയിലെ രാജകുമാരന്‍;തന്റെ കൊട്ടാരം എല്‍ജിബിടിക്യു സമൂഹത്തിനായി നല്‍കി

സ്വവര്‍ഗാനുരാഗിയാണെന്നു സ്വയം വെളിപ്പെടുത്തി പ്രശംസ ഏറ്റുവാങ്ങിയ ഗുജറാത്തിലെ രാജകുടുംബാംഗമാണ് മാനവേന്ദ്ര സിംഗ് ഗോഹില്‍. തന്റെ സ്വവര്‍ഗ്ഗ പ്രണയാഭിമുഖ്യം തുറന്നു പറഞ്ഞ ഇന്ത്യയിലെ ആദ്യത്തെ രാജകുമാരി കൂടിയായ മാനവേന്ദ്ര സിംഗിന്റെ പുതിയ തീരുമാനം ഏറ്റെടുത്തിരിക്കുകയാണ് ലൈംഗിക / ജെന്റര്‍ ന്യൂനപക്ഷങ്ങള്‍.

തന്റെ കൊട്ടാരം എല്‍ജിബിടിക്യു സമൂഹത്തിനായി തുറന്നു കൊടുത്തിരിക്കുകയാണ് അദ്ദേഹം. ക്വീര്‍ ബാഗ് എന്നാണ് എല്‍ജിബിടിക്യൂ സമൂഹത്തിനായി ആരംഭിച്ച കേന്ദ്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ട്രാന്‍സ് സമൂഹത്തിനായുള്ള റിട്ടയര്‍മെന്റ് ഹോം എന്ന നിലയില്‍ ആരംഭിച്ച ഈ കേന്ദ്രം വ്യക്തിത്വം വെളിപ്പെടുത്തിയത് മൂലം വീടുകളില്‍ നിന്നും പുറത്താക്കപ്പെടുന്ന എല്‍ജിബിടിക്യു സമൂഹത്തിനുള്ള ആശ്രയകേന്ദ്രമാകുകയാണ്.

Loading...

വിക്ടോറിയന്‍ വാസ്തുശൈലിയില്‍ 1910 ല്‍ നിര്‍മ്മിക്കപ്പെട്ട കൊട്ടാരമാണ് ക്വീര്‍ ബാഗ് സംരംഭമായി മാറിയിരിക്കുന്നത്. എല്‍ജിബിടിക്യു സമൂഹത്തില്‍പെട്ടവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കുന്ന തരത്തില്‍ തൊഴില്‍ പരിശീലനവും ഇവിടെ ഒരുക്കുന്നുണ്ട്. അതിനോടൊപ്പം വിദേശ ഇന്ത്യക്കാരിയും ട്രാന്‍സ് വുമണുമായ റിയാ പട്ടേലിന്റെ സഹായത്തോടെ ഒരു ലൈബ്രറിയും ഓര്‍ഗാനിക് ഫാമും പതിനഞ്ചേക്കറോളം വരുന്ന ഈ കൊട്ടാരത്തില്‍ തയാറാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റിയില്‍പ്പെട്ടവര്‍ക്ക് എത്ര കാലം വേണമെങ്കിലും സൗജന്യമായി ഇവിടെ താമസിക്കാം. പകരം കൊട്ടാരവും പരിസരവും എല്ലാം കൃത്യമായി പരിപാലിക്കണം എന്ന് മാത്രം.

മാനവേന്ദ്ര സ്വവർഗാനുരാഗിയാണെന്ന സത്യം അംഗീകരിക്കാൻ മാതാപിതാക്കൾ കൂട്ടാക്കിയിരുന്നില്ല എങ്കിലും 2006 ൽ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തി അദ്ദേഹം തന്നെ രംഗത്തെത്തുകയായിരുന്നു. പിന്നീട് ഓപ്ര വിൻഫ്രയുടെ അമേരിക്കൻ ടോക് ഷോയിൽ അതിഥിയായി എത്തിയതോടെ ലോകത്തിനു മുഴുവൻ ആരാധനാപാത്രമായി അദ്ദേഹം മാറുകയും ചെയ്തു.