ഓണക്കാലത്ത് എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കും;ടി.പി രാമകൃഷ്ണന്‍

തിരുവനന്തപുരം: ഓണക്കാലത്ത് വകുപ്പിന്റെ മുഴുവന്‍ അംഗബലവും ഉപയോഗിച്ചുള്ള ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടപ്പിലാക്കണമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി നടത്തിയ എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ലഹരി ഉത്പന്നങ്ങള്‍ ശേഖരിച്ച് വയ്ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളും ഈ മേഖലയില്‍ സജീവമായ സ്ഥിരം കുറ്റവാളികളെയും നിരന്തരം നിരീക്ഷിക്കണം. വ്യാജമദ്യ വ്യാപനം ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ജില്ലകളില്‍ കൂടുതല്‍ നിരീക്ഷണം നടത്തണം . എല്ലാ ലൈസന്‍സ് സ്ഥാപനങ്ങളും നിയമാനുസൃതമായി തന്നെ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പു വരുത്തണം. ഇതിനായി എല്ലാ എക്സൈസ് ഉദ്യോഗസ്ഥരും ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്നും ആവശ്യമുള്ള സ്ഥലങ്ങളില്‍ പോലീസിന്റെ സഹകരണം തേടണമെന്നും എക്സൈസ് മന്ത്രി നിര്‍ദേശിച്ചു. ഷാപ്പുകളില്‍ വഴി ശുദ്ധമായ കള്ള് മാത്രമേ വിതരണം ചെയ്യുന്നുള്ളു എന്ന ഉറപ്പാക്കണം. എല്ലാ ഉദ്യോഗസ്ഥരും വകുപ്പിന്റെ യശസ്സ് ഉയര്‍ത്തുന്നതിന് പ്രവര്‍ത്തിക്കണം.

Loading...

എക്സൈസ് വകുപ്പില്‍ അനഭിലഷണീയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും അത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ചെക്ക്‌പോസ്റ്റുകളില്‍ കൂടുതല്‍ പരിശോധന നടത്തുന്നതിന് ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഓണക്കാലത്ത് വ്യാജമദ്യ മാഫിയകള്‍ അതിര്‍ത്തിയിലെ ഇടറോഡുകള്‍ വഴിയും വനപ്രദേശങ്ങള്‍ വഴിയും സ്പിരിറ്റ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ കടത്തി കൊണ്ട് വരാനുള്ള സാധ്യത തടയണമെന്നും മന്ത്രി നിര്‍ദേശിച്ചു.കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ എക്സൈസ് വകുപ്പ് ഇത്തരത്തിലുള്ള രണ്ട് വ്യാജമദ്യ സംഘങ്ങളിലില്‍ നിന്നായി നാലായിരത്തോളം ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തത് വ്യാജ മദ്യ മാഫിയകള്‍ സജീവമാകുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ഈ കേസുകള്‍ കണ്ടെത്തുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. വിഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ യോഗത്തില്‍ എക്സൈസ് കമ്മീഷണര്‍ എസ്. ആനന്ദകൃഷ്ണന്‍ ഐ.പി.എസ്, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ഡി. രാജീവ് ഐ.ഒ.എഫ്.എസ്, വിജിലന്‍സ് ഓഫീസര്‍ മുഹമ്മദ് ഷാഫി, ജോയിന്റ് എക്സൈസ് കമ്മീഷണര്‍മാര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാര്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.ഓണത്തോടനുബന്ധിച്ച് വ്യാജമദ്യ നിര്‍മ്മാണം, അനധികൃത മദ്യക്കടത്ത്, ലഹരിക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സൈസ് വകുപ്പ് സെപ്റ്റംബര്‍ അഞ്ചു വരെ നീണ്ടു നില്‍ക്കുന്ന സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്.