പാടാനായി നിരാഹാരം കിടന്നു; 288 ദിവസത്തിന് ശേഷം ടര്‍ക്കിഷ് ഗായിക മരണത്തിന് കീഴടങ്ങി

ഹെലിന്‍ ബോലിക്കെനെക്കുറിച്ച് അറിയാമോ ? സ്വതന്ത്രമായി പാടാനുള്ള അവകാശത്തിന് വേണ്ടി 288 ദിവസം നിരാഹാരം കിടന്ന് ഒടുവില്‍ മരണത്തിന് കീഴടങ്ങിയ തുര്‍ക്കിയിലെ വിപ്ലവഗായികയാണ് ഹെലിന്‍ ബോലെക്. ഒരു വര്‍ഷത്തിനടുത്ത് നീണ്ടു നിന്ന ഐതിഹാസിക നിരാഹാര സമരത്തിനൊടുവിലാണ് ഈ ടര്‍ക്കിഷ് വിപ്ലവഗായിക വിടപറഞ്ഞത്. തുര്‍ക്കിയില്‍ ഏറെ ആരാധകരുള്ള ഇടതുപക്ഷ അനുഭാവിയായ ഗായിക കൂടിയായിരുന്നു ഇവര്‍. വെള്ളിയാഴ്ച ഇസ്താംബൂളിലെ വീട്ടില്‍വെച്ചായിരുന്നു ഹെലിന്‍ ബോലെക് അന്തരിച്ചത്. ബാന്‍ഡിനെതിരെയും അംഗങ്ങള്‍ക്കെതിരെയുമുള്ള സര്‍ക്കാര്‍ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം ചെയ്തത്.

നിരോധിച്ച റെവല്യൂഷണറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടി ഫ്രന്റുമായി ബാന്‍ഡിന് ബന്ധമുണ്ടെന്നായിരുന്നു തുര്‍ക്കി സര്‍ക്കാറിന്റെ ആരോപണം. ഹെലന്‍ ഉള്‍പ്പെടുന്ന ബാന്റ് സര്‍ക്കാര്‍ നിരോധിക്കുകയും ബാന്റിന്റെ ഏഴ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലടയ്ക്കുകയുമായിരുന്നു. 2016 മുതല്‍ ജയിലില്‍ കഴിയുന്ന തന്റെ സഹപ്രവര്‍ത്തകരെ വിട്ടയക്കുക, ബാന്റിനെതിരായ നിരോധനവും നിയമനടപടികളും പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഹെലിന്‍ നടത്തുന്ന നിരാഹാര സമരം കഴിഞ്ഞ 288 ദിവസമായി തുടരുകയായിരുന്നു.തുര്‍ക്കിയില്‍ ഏറെ ജനപ്രിയരായ യോറം എന്ന ബാന്റിലായിരുന്നു ഹെലിനും സുഹൃത്തുക്കളും പ്രവര്‍ത്തിച്ചിരുന്നത്. 1980 കളില്‍ തുടക്കം കുറിച്ച ബാന്റ് 20ല്‍ കൂടുതല്‍ ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 2016 ല്‍ ബാന്റ് പ്രവര്‍ത്തിച്ചിരുന്ന ഇസ്താംബുള്‍ കള്‍ച്ചറല്‍ സെന്റര്‍ റെയ്ഡ് ചെയ്താണ് ബാന്റ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തത്.

Loading...

ബൊലെക്കും സഹഅംഗമായ ഇബ്രാഹീം ഗോഗ്‌സെയും ജയിലില്‍ നിരാഹാരം കിടന്നത് ഇവരെ ജയില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. നവംബറിലായിരുന്നു ഇവരുടെ ജയില്‍ മോചനം. ഗോഗ്സെക്കിന്റെ ഭാര്യ ഉള്‍പ്പെടെ രണ്ട് ഗ്രപ്പ് യോറം ബാന്‍ഡ് അംഗങ്ങള്‍ ജയിലില്‍ കഴിയുകയാണ്. മാര്‍ച്ച് 11 ന് ബൊലെക്കിനെയും ഗോക്‌സെക്കിനെയും ബലമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ നിരസിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തതായി അങ്കാറ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന അറിയിച്ചു.

നിരാഹാര സമരം അവസാനിപ്പിക്കുന്നതിന് പരിഹാരം തേടുന്നതിനായി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഒരു സംഘം കഴിഞ്ഞ മാസം തുര്‍ക്കി ഉപ ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം അവസാനിപ്പിച്ച ശേഷം മാത്രമേ ഇവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുള്ളൂ എന്നായിരുന്നു സര്‍ക്കാറിന്റെ നിലപാടെന്ന് അസോസിയേഷന്‍ പറഞ്ഞു.സംഗീതമേളകള്‍ പുനരാരംഭിക്കാന്‍ ഗ്രപ്പ് യോറമിനെ അനുവദിക്കണമെന്നും ജയിലില്‍ കിടക്കുന്ന ബാന്‍ഡ് അംഗങ്ങളെ മോചിപ്പിക്കണമെന്നും ഗ്രൂപ്പിനെതിരായ കേസുകള്‍ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു തുടര്‍ന്നുള്ള ഇവരുടെ പോരാട്ടം.നിരാഹാരത്തെ തുടര്‍ന്ന് ആരോഗ്യം ക്ഷയിച്ച് അപകടാവസ്ഥയിലായ ഹെലിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.