തിരുവനന്തപുരം: എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഭാരത് ധര്‍മ ജനസേന (BDJS) എന്നാണ് പേര്. ശംഖുമുഖത്ത് സമത്വ മുന്നേറ്റ  യാത്രയ്ക്കു സമാപനം കുറിച്ച് നടന്ന സമ്മേളനത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. വെള്ളയും കുങ്കുമവും നിറങ്ങള്‍ ചേര്‍ന്നതാണ് പാര്‍ട്ടിയുടെ കൊടിയുടെ നിറം. പാര്‍ട്ടിയുടെ ചിഹ്നം കൂപ്പുകൈയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചു. ശംഖുമുഖത്ത് സമത്വ മുന്നേറ്റയാത്ര സമാപന സമ്മേളനത്തിലാണ് രാഷ്ട്രീയപ്രാർട്ടിയായ ഭാരത് ധർമ്മ ജനസേനയെ പ്രഖ്യാപിച്ചത്. പാർട്ടി പതാകയും പാർട്ടി ചിഹ്നവും പരിപാടിയിൽ അവതരിപ്പിച്ചു. ‘കൂപ്പു കെെ’ ആണ് ചിഹ്നം.

ഹിന്ദുരാജ്യം സ്ഥാപിക്കുക ബിഡിജെഎസിന്റെ ലക്ഷ്യമല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വി.എസ്. അച്യുതാനന്ദനും വി.എം. സുധീരനും കുലംകുത്തികളാണ്. കോണ്‍ഗ്രസിന്റെ ശവക്കല്ലറ പണിയുന്ന ആളാണ് വി.എം. സുധീരന്‍. പ്രതിപക്ഷ നേതാവെന്നതിന്റെ വില മാത്രമേ വി.എസ്.അച്യുതാനന്ദന് ഉള്ളൂ. സ്ഥാനമില്ലെങ്കില്‍ വിഎസ് വെറും അച്ചാണ്. വിഎസ് അധികാരം ദുര്‍വിനിയോഗം ചെയ്യുന്നു. ആര്‍. ബാലകൃഷ്ണ പിള്ളയ്‌ക്കെതിരായ കേസ് മാത്രമേ വിഎസ് ജയിച്ചിട്ടുള്ളൂ. ഇപ്പോള്‍ രണ്ടുപേരും അണ്ണനും തമ്പിയുമായി നടക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തനിക്കെതിരെ എടുത്ത കേസുകള്‍ പൊന്‍തൂവലുകളാണ്. ഞാന്‍ ഒരു സമുദായത്തിനും വിരോധിയല്ല. മുഖ്യധാരാ മാധ്യമങ്ങളെല്ലാം സമത്വ മുന്നേറ്റ യാത്രയെ അവഗണിച്ചുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Loading...

SNDP-BDJS

സമാപാന സമ്മേളനത്തില്‍ വിഎസ് അച്യുതാനന്ദനെ വെല്ലുവിളിച്ച് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തി. മൈക്രോ ഫിനാന്‍സില്‍നിന്ന് ഒരു രൂപയെങ്കിലും എടുത്തെന്ന് തെളിയിക്കണം. അങ്ങനെ തെളിഞ്ഞാല്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കും. ആരോപണം തെളിയിക്കാനായില്ലെങ്കില്‍ വിഎസ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ? മാധ്യമങ്ങള്‍ പറയുന്നത് അതുപോലെ വിഴങ്ങുന്ന പൊട്ടന്മാരല്ല കേരളത്തിലുള്ളത്. മാധ്യമങ്ങള്‍ എതിര്‍ത്തപ്പോഴും സമുദായം വളര്‍ന്നിട്ടുണ്ട്. എസ്എന്‍ഡിപിയുടെ പുതിയ പാര്‍ട്ടി അധികാരത്തില്‍ വരുമെന്നും തുഷാര്‍ പറഞ്ഞു.

അതേസമയം, പൊതുസമ്മേളനത്തില്‍ ഐഎസ്ആര്‍·ഒ മുന്‍ ചെയര്‍മാനും യാത്രയുടെ രക്ഷാധികാരിയുമായ ജി.മാധാവന്‍ നായര്‍ പങ്കെടുത്തില്ല. പുതുതായി രൂപീകരിക്കുന്ന പാര്‍ട്ടി സ്വീകരിക്കുന്ന ഹിന്ദുത്വ നിലപാടുകളില്‍ മാധവന്‍ നായര്‍ അതൃപ്തി രേഖപ്പെടുത്തിയതായാണ് സൂചന.