ആലപ്പുഴ: ഒരു വോട്ടിന് അമ്മ തോറ്റു; തോല്‍പ്പിച്ചത് താനെന്ന് മകന്‍. താമരക്കുളം ഗ്രാമപഞ്ചായത്തിലെ ആറാംവാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി ഒരു വോട്ടിന് പരാജയപ്പെട്ടതിനെക്കുറിച്ച്, സ്ഥാനാര്‍ഥിയുടെ മകനിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായി. ഇടതുപക്ഷ സ്ഥാനാര്‍ഥിയോട് തോറ്റ ബിജെപി സ്ഥാനാര്‍ഥി തന്റെ അമ്മയാണെന്നും, അമ്മയെ തോല്‍പ്പിച്ച ആ വോട്ട് പോലീസ് ഉദ്യോഗസ്ഥനായ തന്റെ തപ്പാല്‍ വോട്ടാണെന്നുമാണ് മകന്‍ രാജേഷ് കുമാര്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.

സ്ഥാനാര്‍ഥി സ്വന്തം അമ്മ ആയിരുന്നിട്ടുകൂടി, എന്തുകൊണ്ട് താന്‍ ബിജെപിക്കെതിരെ വോട്ടുചെയ്തു എന്നാണ് രാജേഷ് കുമാര്‍ പോസ്റ്റില്‍ വിശദീകരിക്കുന്നത്.

Loading...

രാജേഷ് കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘താമരക്കുളം പഞ്ചായത്തില്‍ ആറാംവാര്‍ഡില്‍ ബിജെപിക്കായി മല്‍സരിച്ച എന്റെ അമ്മ പരാജയപ്പെട്ടിരിക്കുന്നു, ഇടതുപക്ഷത്തോട്. അമ്മക്കെതിരെ സര്‍ക്കാരുദ്യോഗസ്ഥനായ മകന്‍ രാജേഷ് കുമാര്‍ ചെയ്ത തപാല്‍ വോട്ടും പരാജയത്തിന് കാരണമായി.

ഉടല്‍പ്പിറപ്പുകളെ, ആത്മരതിയായ് മാറുമെന്ന നീറ്റലിലും ഇതെഴുതുന്നത്, ഏതൊരു ’56 ഇഞ്ചുകാരനേക്കാളും’ മെച്ചപ്പെട്ട ഒരു ദേശീയബോധമുള്ളതിനാല്‍ ….. അവളുടെ അന്നവും ചോരയുമായ 125 കോടി വരുന്ന എന്റെ സഹോദരങ്ങളെപ്പറ്റി ആശങ്കകളും പ്രത്യാശകളുമുള്ളതിനാല്‍. മോഡി 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഗുജറാത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പോലും ഇന്ത്യയില്‍ 28 ാമത് സ്ഥാനത്തായിരുന്നു. അവിടുത്തെ ഗ്രാമീണജനതയില്‍ 70 ശതമാനം പേരും ഓപ്പണ്‍എയറിലാണ് മലവിസര്‍ജ്ജനം നടത്തുന്നത്. ശുചിത്വത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ആദ്യ 50 ല്‍ വരുന്ന ഒരു നഗരം പോലുമവിടെയില്ല. എന്നിട്ടും ശുചിത്വത്തെപ്പറ്റി അപമാനഭീതിയും, വികസനത്തെപ്പറ്റി വികലസ്വപ്നവും നമുക്ക് വിറ്റവര്‍ ദില്ലി പിടിച്ചു.

ബ്രാഹ്മണപരിവാര്‍ കേരളത്തില്‍, ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെത്തിയത്, RSS സര്‍സംഘചാലക് നല്‍കിയ ‘ഒരു വാളുമായാണ്’. തിരഞ്ഞെടുപ്പിന് മധ്യത്തില്‍ കുത്തിയ വാളിന് ചുറ്റുമായി അവര്‍ സവര്‍ണ്ണരെയും അവര്‍ണ്ണരെയും ഇന്ത്യന്‍ ന്യൂനപക്ഷങ്ങളെയും നിര്‍ത്തി. മോഹന്‍ ഭഗവത് സവര്‍ണ്ണരില്‍ പ്രതീക്ഷ നിറച്ചു, വാള്‍ നിങ്ങള്‍ക്ക്, സംവരണം അവസാനിപ്പിക്കും, പഴയ അടിമകള്‍ തിരികെയെത്തും. ഈഴവരായ എന്റെ സമുദായക്കാരോട് മോദി ….ജി പറഞ്ഞു, വാള്‍ നിങ്ങള്‍ക്ക്, സംവരണം തൊടില്ല.

സവര്‍ണ്ണരുമവര്‍ണ്ണരും ചേര്‍ന്ന്, ഹിന്ദുരാഷ്ട്രമെന്ന മണ്ടന്‍ ഉട്ടോപ്യക്കായ്, ന്യൂനപക്ഷങ്ങളെ ആ വാളാല്‍ അവസാനിപ്പിക്കുമെന്നവര്‍ കരുതി. എല്ലാം കഴിഞ്ഞും ‘ബാക്കിയാവുന്ന വാളിനെപ്പറ്റി’ ആരുമോര്‍ത്തില്ല. ഇന്ന് റിസള്‍ട്ട് വന്നപ്പോള്‍ കേരളത്തില്‍ പലയിടത്തും ആ വാള്‍ അതിന്റെ ജോലി ചെയ്തതായി ഞാന്‍ കണ്ടു. എന്റെ അമ്മയോടുള്ള സ്‌നേഹം ഈ രാജ്യത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ തടസ്സമാകാന്‍ ഞാനനുവദിച്ചില്ല എന്നതില്‍ അഭിമാനം തന്നെ. സുഹൃത്ത് നിഷാദിന്റെ വാക്കുകള്‍ അര്‍ത്തലക്കുന്നുണ്ടായിരുന്നു. ചോര മണം മാറാത്ത അവന് അവന്റെ അമ്മയെ നഷ്ടമായിട്ടും, അവന്റെ തുടിപ്പികള്‍ നിലപ്പിക്കാതെ അവനെ കാത്ത മുസ്ലീം ക്രിസ്ത്യന്‍ അമ്മമാര്‍ … വിടരാത്ത അവന്റെ കണ്ണുകള്‍ക്ക് ഇമയനക്കം കൊണ്ട് പോലും കടപ്പാട് വെക്കാന്‍ പറ്റാതെ പോയ മുസ്ലീം മുലനീരുറവകള്‍, ക്രിസ്ത്യന്‍ മുല നീരുറവകള്‍ …. അവന്റെ ജീവന്റെ മാലാഖമാര്‍ ….എന്റെയും നമ്മുടെയും അമ്മമാര്‍ …എണ്ണമില്ലാത്തോര്‍.

എന്റെ സ്‌കൂളില്‍ അധ്യാപികയായിരുന്ന അമ്മ, എനിക്ക് ഹൃദയപാഠമാക്കി തന്ന പ്രതിജ്ഞ അമ്മ മറന്നപ്പോള്‍, അമ്മയേയും ഇന്ത്യയിലെ മറ്റനേകം സഹോദരീ സഹോദരന്‍മാരെയും അതോര്‍മ്മിപ്പിക്കാന്‍ ഈ പോസ്റ്റ് കാരണമാവട്ടെ. മോദിയുടെ വികസനസ്വപ്നങ്ങള്‍ ഇന്ന് പൂവണിയുന്നു, ലോകത്തിലേക്കും വലിയ ‘കപ്പല്‍ നിര്‍മ്മാണ ശാലകള്‍’ ഇന്ത്യയില്‍ ബ്രാഹ്മണപരിവാര്‍ സംഘടനകള്‍ പണിതുയര്‍ത്തിക്കൊണ്ടിരിക്കുന്നു. യൂറോപ്പിലേക്ക് ചരിത്രത്തില്ലേക്കും വലിയ മനുഷ്യപാലായനത്തിനുള്ള പത്തേമാരികള്‍ തീര്‍ക്കാന്‍….. ഹിന്ദു മാത്രമല്ല …..പഞ്ചാബിയും, പട്ടേല്‍ മാരും, മറാഠിയും, ഗൂര്‍ഖയും, ബോഡോയും, സാന്താളും, ഗോണ്ടുമെല്ലാം ഉണര്‍ന്നു തുടങ്ങി. ഇന്ത്യന്‍ സായുധസേനകള്‍ നമുക്ക് പിരിച്ച് വിടാം, നിരവധി സേനകള്‍ …. ശ്രീരാമസേന, ഹിന്ദുസേന, ഹനുമാന്‍സേന ദിനം തോറുമോരാന്ന്.

ഉടപ്പിറപ്പുകളെ, നമ്മള്‍ ആശയറ്റവരല്ല. ജപ്പാന്‍ ലോകത്തിനെ സമാധാനം പഠിപ്പിക്കാന്‍ അണു ബോംബേറ്റു വാങ്ങി. അതുപോലെ, വരും തലമുറകള്‍ക്കായ്, ആണും പെണ്ണും ഭിന്ന ലൈംഗീക വിഭാഗങ്ങളും വിവേചനത്തിനതീതരായ് കഴിയുന്ന, പുരോഗമന ജനാധിപത്യ മതേതര ഇന്ത്യയെ, മത തീവ്രവാദികളില്‍ നിന്ന് കാത്തു സൂക്ഷിക്കാനായ്, ത്യാഗങ്ങള്‍ക്ക് നിയോഗം ലഭിച്ച, യാതനകളുടെ തലമുറയാണ് നമ്മുടേത്.
നമ്മളത് നിറവേറ്റുക തന്നെ ചെയ്യും. ജയ് ഹിന്ദ്’.