ഭർത്താവിന്റെ കൈയും കാലും വെട്ടാൻ ക്വട്ടേഷൻ കൊടുത്തു; യുവതി അറസ്റ്റിൽ

തൃശൂർ: നാടിനെ ഞെട്ടിച്ച സംഭവമാണ് തൃശൂർ കൂർക്കഞ്ചേരിയിൽ നിന്നും പുറത്തു വരുന്നത്. സ്വന്തം ഭർത്താവിന്റെ കൈയും കാലും വെട്ടാൻ ക്വട്ടേഷൻ നൽകിയ യുവതിയെയാണ് അറസ്റ്റ് ചെയ്തത്. കൂർക്കഞ്ചേരി വടൂക്കര ചേർപ്പിൽ വീട്ടിൽ സി.പി. പ്രമോദിനെതിരെയാണ് ഭാര്യ നയന ക്വട്ടേഷൻ നൽകിയത്. നെടുപുഴ പോലീസാണ് നയനയെ പിടികൂടിയത്. മറ്റൊരു സ്ത്രീയുമായി ഭർത്താവിന് അവിഹിതബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചതിന് ശേഷം കുറ്റം ഭർത്താവിനെതിരെ ചുമത്താനുമായിരുന്നു നയനയുടെ പദ്ധതി.

എന്നാൽ സംഭവത്തെക്കുറിച്ച് മനസിലാക്കിയ പ്രമോദ് പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ യുവതി കൂട്ടുപ്രതികളുമായി ഫോണിൽ സംസാരിച്ചതായി കണ്ടെത്തി. ഭർത്താവിനെതിരെ ക്വട്ടേഷൻ നൽകുന്ന ശബ്ദസന്ദേശം ലഭിച്ചതോടെയാണ് നയനയെ അറസ്റ്റ് ചെയ്തത്. പ്രമോദുമായുള്ള കേസ് കുടുംബ കോടതിയിൽ പരിഗണനയിലിരിക്കെയാണ് മുപ്പതുകാരിയായ യുവതി ഭർത്താവിനെതിരെ ക്വട്ടേൽൻ സംഘത്തിൻറെ സഹായം തേടിയെത്തിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം അനുവദിച്ചു.

Loading...