വിദേശത്ത് നിന്നെത്തിയ ഭര്‍ത്താവ് കണ്ടത് ഭാര്യ തൂങ്ങിയ നിലയില്‍; കൊല്ലത്തെ യുവതിയുടെ മരണത്തില്‍ ദുരൂഹത

കൊല്ലം: ചടയമംഗലം അക്കോണത്ത് യുവതി ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. അടൂർ പഴകുളം സ്വദേശിനി ഇരുപത്തിനാല് വയസുള്ള ലക്ഷ്മിപിള്ളയാണ് മരിച്ചത്. വിദേശത്ത് നിന്നും ഇന്ന് രാവിലെ വീട്ടിലെത്തിയ ഭർത്താവാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടത്.ചടയമംഗലം അക്കോണം സ്വദേശിയായ ഭർത്താവ് കിഷോർ ഇന്ന് രാവിലെ 11 മണിയോടെ കൂടിയാണ് കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയ കിഷോർ, ഭാര്യ ലക്ഷ്മിയെ വിളിച്ചെങ്കിലും വീട് ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു.

വാതിൽ തുറക്കാത്തതിനെ തുടർന്ന് അടൂരിൽ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങിനിൽക്കുന്നത് കണ്ടത്. തുടർന്ന് ചടയമംഗലം പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം കോളേജിലേക്ക് മാറ്റി. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ ഇതുവരെ വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Loading...

ചടയമംഗലത്ത് തന്നെ കഴിഞ്ഞ ദിവസം മറ്റൊരു പെൺകുട്ടി ജീവനൊടുക്കിയിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അഭിഭാഷകയായ ഐശ്വര്യയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ചടയമംഗലം സ്വദേശിയും അഭിഭാഷകനുമായ കണ്ണൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതി ക്രൂര പീഡനം നേരിട്ടതായി വ്യക്തമാക്കുന്ന  ഡയറിക്കുറിപ്പുകളും പൊലീസ് കണ്ടെടുത്തിരുന്നു.