ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത മൂന്ന്‌ ആദിവാസി പെണ്‍കുട്ടികളെ തുടര്‍ച്ചയായി പീഡിപ്പിച്ചുകൊണ്ടിരുന്ന കേസില്‍ ആറ്‌ പേര്‍ അറസ്‌റ്റില്‍. റിപ്പണ്‍ കുന്നത്ത്‌ വീട്‌ രവി (47), മകന്‍ രജ്‌ഞിത്‌ (24), തമിഴ്‌നാട്‌ സ്വദേശിയായ റിപ്പണ്‍ കുന്നത്ത്‌ വീട്‌ സന്തോഷ്‌കുമാര്‍ (28), കര്‍ണാടക സ്വദേശികളും കല്‍പ്പറ്റ മുണ്ടോലി ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരുമായ മല്ലേഷ്‌ (22), ഗണേഷ്‌ (20), മുണ്ടോലി ക്വാര്‍ട്ടേഴ്‌സിലെ കെ. ബിജു (20) എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌.

മേപ്പാടി പോലിസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മൂന്ന്‌ പെണ്‍കുട്ടികളാണ്‌ ചൂഷണത്തിനിരയായത്‌. ഇവരില്‍ രണ്ടു പേര്‍ 14, 15 വയസുള്ള സഹോദരങ്ങളും മറ്റൊരാള്‍ 12 വയസുള്ള, ഇവരുടെ മാതാവിന്റെ അനുജത്തിയുടെ മകളുമാണ്‌. മൂന്നുപേരും വിദ്യാര്‍ഥികളാണ്‌. ഇവരുടെ മാതൃസഹോദരന്റെ ഭാര്യയായ സ്ത്രീയാണ് ഇവരെ വശീകരിച്ച് മറ്റുള്ളവര്‍ക്ക് കഴ്ചവച്ചുകൊണ്ടിരുന്നത്. ഈ സ്ത്രീയും പോലീസ് കസ്റ്റഡിയിലായതായി സംശയിക്കുന്നു.

Loading...

ഏകദേശം ഒരു വര്‍ഷത്തിലധികമായി പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെട്ടു വരുകയായിരുന്നു. ഏറ്റവും ഒടുവില്‍ കുട്ടികള്‍ ഉപദ്രവിക്കപ്പെട്ടത്‌ ജനുവരിയിലാണ്‌. കല്‍പ്പറ്റയിലെ മേഘ, ഡീലക്‌സ് ലോഡ്‌ജുകളിലേക്ക്‌ ബന്ധുസ്‌ത്രീ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടു വന്ന്‌ കര്‍ണാടക സ്വദേശികള്‍ക്ക്‌ കാഴ്‌ച വച്ചിരുന്നു. അഞ്ചാം ക്ലാസുകാരിയെ ഉപദ്രവിച്ച കേസിലാണ്‌ അച്‌ഛനും മകനും പിടിയിലായത്‌. പെണ്‍കുട്ടികളെ കൂട്ടിക്കൊടുത്തതിന്‌ ബന്ധുസ്‌ത്രീ ഇടപാടുകാരില്‍ നിന്ന്‌ പണം കൈപ്പറ്റിയിരുന്നു.

പെണ്‍കുട്ടികള്‍ താമസിക്കുന്ന മേഖലയില്‍ വിവിധ ജോലികള്‍ക്കായി വന്ന അന്യസംസ്‌ഥാന തൊഴിലാളികളടക്കം നിരവധി പേര്‍ സംഭവത്തില്‍ പ്രതികളാണെന്ന്‌ സൂചനയുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. ഒരു പെണ്‍കുട്ടിയില്‍ നിന്നു ലഭിച്ച വിവരമനുസരിച്ച്‌ അംഗന്‍വാടി ടീച്ചറായ റഷീദയാണ്‌ മേപ്പാടി പോലീസില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയത്‌. തുടര്‍ന്ന്‌ പോലീസ്‌ പെണ്‍കുട്ടികളുടെ മൊഴിയെടുക്കുകയും ഇവരെ വൈദ്യപരിശോധനക്ക്‌ വിധേയമാക്കുകയും ചെയ്‌തു.

കേസില്‍ പതിനഞ്ചോളം പ്രതികളുള്ളതായി പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. പെണ്‍കുട്ടികള്‍ പേര്‌ വെളിപ്പെടുത്തിയവരില്‍ പലരും ഒളിവിലാണ്‌. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്‌തതിനും കുട്ടികള്‍ക്കെതിരേയുള്ള ലൈംഗീക പീഡന നിരോധന നിയമം (പോക്‌സോ ആക്‌ട്) പ്രകാരവുമാണ്‌ പോലീസ്‌ കേസെടുത്തിരിക്കുന്നത്‌.

വയനാട്‌ എസ്‌.എം.എസ്‌. ഡി.വൈ.എസ്‌.പിയുടെ ചാര്‍ജ്‌ വഹിക്കുന്ന ഡി.വൈ.എസ്‌.പി. വൈ.ആര്‍. റസ്‌റ്റം, കല്‍പ്പറ്റ സി.ഐ. കെ.കെ. അബ്‌ദുള്‍ ഷെരീഫ്‌, മേപ്പാടി എസ്‌.ഐ. സി.എ. മുഹമ്മദ്‌, എസ്‌.ഐ. ഗംഗാധരന്‍, സിവില്‍ സപ്ലൈസ്‌ ഓഫീസര്‍മാരായ മജീദ്‌, റിയാസ്‌, എസ്‌.എം.എസ്‌. യൂണിറ്റ്‌ എസ്‌.ഐ. വേണുഗോപാലന്‍, എ.എസ്‌.ഐ. ജോര്‍ജ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ രമേശന്‍, ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതികളെ പിടികൂടിയത്‌.