ശസ്ത്രക്രിയക്ക് എത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു

കോ‍ഴിക്കോട്, കോട്ടപ്പറമ്പ്​ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി എത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന്​ പരാതി. സംഭവത്തില്‍ ആശുപത്രിയിലെ രണ്ടു ജീവനക്കാരെ ഡിഎംഒ സസ്പെന്‍ഡ്​ ചെയ്തു.

യുവതി തനിക്ക്‌ രേഖാ മൂലം നല്‍കിയ പരാതി പ്രതികളുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്ന്​ പിന്‍വലിച്ചെന്ന്​ ആശുപത്രി സൂപ്രണ്ട്​ മോഹനന്‍ മീഡിയാവണിനോട്​ പറഞ്ഞു. ഈ മാസം 18നാണ്​ സംഭവം നടന്നത്​. പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്ക്‌ ശേഷം ഓപ്പറേഷന്‍ തിയറ്ററില്‍ അര്‍ദ്ധ ബോധാവസ്ഥയില്‍ കിടന്ന യുവതിയെ രണ്ട്​ ജീവനക്കാര്‍ ചേര്‍ന്ന്​ ലൈംഗികമായി പീഡിപ്പിച്ചെന്നാണ്​ പരാതി.

Loading...

പരാതി രേഖാ മൂലം ആശുപത്രി സൂപ്രണ്ടിന്​ യുവതി എ‍ഴുതി നല്‍കിയെങ്കിലും കുറ്റാരോപിതരായ ജീവനക്കാരുടെ സമ്മര്‍ദ്ദം മൂലം പിന്‍വലിച്ചു. ആരോപണ വിധേയരായ രണ്ടു ജീവനക്കാരെ സസ്പെന്‍ഡ്​ ചെയ്യണമെന്ന നിബന്ധന വെച്ചാണ്​ രണ്ട്​ ദിവസങ്ങള്‍ക്ക്‌ ശേഷം യുവതി പരാതി പിന്‍വലിച്ചത്​. തുടര്‍ന്നാണ്​ ന‍ഴ്സിംഗ്​ അസിസ്റ്റന്റ്​ ദേവരാജനെയും അറ്റന്‍ഡര്‍ ഡെന്‍സില്‍ പെരേരയെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സസ്പെന്‍ഡ്​ ചെയ്തത്​. ഈ സംഭവങ്ങളെല്ലാം ആശുപത്രി സൂപ്രണ്ട്​ മോഹനന്‍ മീഡിയാവണിനോട്​ സ്ഥിരീകരിച്ചു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന്​ വ്യക്തമാക്കുന്ന യുവതിയുടെ രേഖാ മൂലമുള്ള പരാതി ലഭിച്ചയുടന്‍ പൊലീസിന്​ കൈമാറാനുള്ള ബാധ്യത ആശുപത്രി സൂപ്രണ്ടിനുണ്ട്​. ഈ ബാധ്യത നിര്‍വ്വഹിക്കുന്നതില്‍ ആശുപത്രി സൂപ്രണ്ട്​ ഗുരുതര വീ‍ഴ്ചയാണ്​ വരുത്തിയത്​.