ന്യൂയോര്‍ക്ക്: അല്‍ഖൈദ ഭീകരരെന്നു സംശയിക്കുന്ന രണ്ടു അമേരിക്കന്‍ യുവതികളെ ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തു. ബ്രൂക്ക്‌ലിനില്‍ സഹവാസികളായിരുന്ന നോയല്‍ വെലന്‍സാസ് (28), ആസിയ സിദ്ദിഖി (31) എന്നീ സ്ത്രീകളാണ് പിടിയിലായതു്.
20,000-ലധികം പോലീസുകാര്‍ പങ്കെടുത്ത ന്യൂയോര്‍ക്കില്‍ വെടിയേറ്റുമരിച്ച പോലീസുകാരന്റെ ശവസംസ്കാര ചടങ്ങില്‍ ബോംബ് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ഇവര്‍ പ്ലാന്‍ ചെയ്തിരുന്നു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ബോസ്റ്റണ്‍ മാരത്തണില്‍ പൊട്ടിച്ചതുപോലുള്ള പ്രഷര്‍കുക്കര്‍ ബോംബ് സ്വയം നിര്‍മ്മിച്ച് പൊട്ടിക്കാനായിരുന്നു ഇവരുടെ പദ്ധതി.

ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആളുകളെ കൊന്നൊടുക്കുകയും ചെയ്താല്‍ ‘അള്ളായുടെ അനുഗ്രഹം’ പ്രാപിക്കാന്‍ കഴിയുമെന്ന് ഇവര്‍ വിശ്വസിച്ചിരുന്നതായി ചാര്‍ജ്ഷീറ്റില്‍ പ്രതിപാദിക്കുന്നു. ജാമ്യം നല്‍കാതെ ജയിലില്‍ പാര്‍പ്പിച്ചിരുന്ന ഇവരെ ബ്രൂക്ക്‌ലിന്‍ ഫെഡറല്‍ കോര്‍ട്ടില്‍ ഹാജരാക്കി. കോടതിയില്‍ ഇവര്‍ ആരോടും ഒരുവാക്കും ഉരിയാടാതെ മൗനമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
അഞ്ചുവയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ മാതാവാണ് നോയല്‍ വെലന്‍സാസ്. ആസിയ സിദ്ദിഖി അവിവാഹിതയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അംഗത്വമുള്ളവരാണ് ഇവരെന്ന് സ്വയം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ആസിയ ഒരു കത്തിയും ഒസാമ ബിന്‍ലാദന്റെ ഫോട്ടോയും എപ്പോഴും അവരുടെ ബ്രായുടെ ഉള്ളില്‍ കരുതിയിരുന്നു.
ആസിയ സിദ്ദിഖി ഇസ്ലാമിക ഭീകര സംഘടനായ അല്‍ഖൈദ ഇന്‍ അറേബ്യന്‍ പെനിന്‍സുല ഭീകരരോട് സ്ഥിരബന്ധം പുലര്‍ത്തുകയും അവരുടെ പ്രസിദ്ധീകരണമായ ‘ജിഹാദ് റികളക്ഷന്‍സ്’ എന്ന മാസികയില്‍ ഒരു കവിത പ്രസിദ്ധീകരിച്ചിരുന്നതായും കോടതി രേഖകളില്‍ പറയുന്നു.
അനേകരെ ഞെട്ടിച്ചുകൊണ്ട് ഒരു കറുത്തവര്‍ഗക്കാരന്‍ ന്യൂയോര്‍ക്കിലെ രണ്ടുപോലീസുകാരെ കൊലപ്പെടുത്തിയ ദിവസം ഇവര്‍ അതെപ്പറ്റി പറഞ്ഞ അഭിപ്രായം: പോലീസുകാരെ കൊല്ലുന്നത് ‘പലചരക്കു കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നതിലും എളുപ്പമാണ്’ എന്നാണ്. ഇത് വളരെ നാളുകളായി ഇവരുടെ പ്രവര്‍ത്തി അന്വേഷിച്ചുകൊണ്ടിരുന്ന ഒരു രഹസ്യപോലീസിനോടാണ് പറഞ്ഞതു്. കൂടാതെ ഇവര്‍ തമ്മിലുള്ള മറ്റ് അനേകസംഭാഷണങ്ങളും പോലീസ് റെക്കോര്‍ഡ് ചെയ്തിരുന്നു.
ഇവര്‍ ഇന്റേര്‍നെറ്റില്‍ 1993 വേള്‍ഡ് ട്രേഡ് സെന്റര്‍ ബോംബിങ്, 1995 ഓക്കലഹോമ സിറ്റി ബോംബിങ്, 2013 ബോസ്റ്റണ്‍ മാരത്തണ്‍ ബോംബിങ് എന്നിവയുടെ വിവര ശേഖരണം നടത്തുകയും എങ്ങനെ വീട്ടില്‍ ബോംബ് നിര്‍മ്മിക്കാമെന്നുള്ളതിനു ഗവേഷണം നടത്തുകയും ചെയ്തിരുന്നതായി അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ഓഫ് നാഷണല്‍ സെക്യൂരിറ്റി ജോണ്‍ കാര്‍ലിന്‍ പറഞ്ഞു.
ഐസിസ് ഭീകരരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സിറിയയിലേക്കുള്ള യാത്രാമധ്യേ അറസ്റ്റിലായ അമേരിക്കന്‍ എയര്‍ഫോഴ്സ് മുന്‍ ജീവനക്കാരന്‍ റ്റൈറോഡ് പഗ്ഗിന്റെ അറസ്റ്റ് മുതല്‍ക്കാണ് പോലീസ് ഇവരുടെ പിന്നാലെയും കൂടിയതു്. അയാളും ഇവരും വര്‍ഷങ്ങളായി ഫേസ്ബുക്ക് സുഹൃത്തുക്കള്‍ ആയിരുന്നു.
ഇവരെ അറസ്റ്റ് ചെയ്യുമ്പോള്‍ നിരവധി ഗ്യാസു കുറ്റികള്‍ ഇവരുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. അത് ബോംബ് നിര്‍മ്മാണത്തിനായി ഇവര്‍ കരുതിയതായിരുന്നു. ഇവരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനായി രക്തസാക്ഷിയാകുന്നതിന് മടിയില്ലാത്തവരാണ് ഇവരെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
‘പോലീസ് പിടിച്ചാല്‍ അവര്‍ തങ്ങളെ വെടിവെച്ചോ, മറ്റേതെങ്കിലും തരത്തിലോ കൊല്ലുമായിരിക്കും, എന്നാല്‍ ‘അള്ളാ’യുടെ അനുഗ്രഹം കൂടെയുണ്ടാവും’ അവര്‍ പറയുന്നു.