ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പത്തനംതിട്ടയിൽ രണ്ട് പേർ അറസ്റ്റിൽ

മേലുകാവ്: കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട റാന്നി സ്വദേശികളായ നിമിൽ (34), സ്വരാജ് (25) എന്നിവരെ മേലുകാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് ഞായറാഴ്ച രാത്രി 11.30ഓടെയാണ് . പത്തനംതിട്ട-കൽപ്പറ്റ റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് പീഡനശ്രമം നടന്നത്. പത്തനംതിട്ടയിൽ നിന്ന് തൃശൂരിലേക്ക് പോകാനാണ് യുവതി ബസിൽ കയറിയത്.

പത്തനംതിട്ടയിൽ നിന്ന് റാന്നിയിലേക്കു പോകാനാണ് പ്രതികൾ ബസിൽ കയറിയതെങ്കിലും മദ്യലഹരിയിലായിരുന്നതിനാൽ ഇവരും തൃശൂരിനു ടിക്കറ്റെടുത്തു. ഈരാറ്റുപേട്ട കഴിഞ്ഞപ്പോൾ ഇരുവരും ചേർന്ന് യുവതിയെ കടന്നുപിടിച്ചു. തുടർന്ന് ജീവനക്കാർ ബസ് മേലുകാവ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.പാലാ ഡിവൈ.എസ്.പി ഷാജു ജോസ്, എസ്.ഐമാരായ മനോജ് കുമാർ, നാസർ, സനൽകുമാർ, സി.പി.ഒ വരുൺ, വിനോജ്, ബിബിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.

Loading...