കേരളത്തില്‍ ഇന്ന് 27 പേര്‍ക്ക് രോഗം ഭേദമായി;രോഗം സ്ഥിരീകരിച്ചത് 7 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 27 പേര്‍ക്ക് കൊറോണ ഭേദമായി. അതേസമയം 7 പേര്‍ക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. കണ്ണൂര്‍- 4, കോഴിക്കോട്-2, കാസര്‍കോട് 1 എന്നിങ്ങനെയാണ് ഇന്നത്തെക്കണക്കുകള്‍. 5 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മൂന്നിരട്ടി ആള്‍ക്കാര്‍ക്ക് ഇന്ന് രോഗം ഭേദമായെന്ന് മുഖ്യമന്ത്രി. അതേസമയം സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. .ഇതുവരെ 394 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 147 പേർ ഇപ്പോൾ ചികിത്സയിലാണ്. 88855 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 88332 പേരും ആശുപത്രികളിൽ 532 പേരും ഉണ്ട്.

ഇന്ന് മാത്രം 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 17400 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 16459 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. അതേസമയം രേഗം ഭേദമായവരുടെ എണ്ണത്തിലുണ്ടാകുന്ന വലിയ വര്‍ദ്ധന കേരളത്തിന് വലിയ ആശ്വാസമാണ്. കാസര്‍കോട് ജില്ലയിൽ നിന്ന് മാത്രം ഇന്ന് കൊവിഡ് ഭേദമായത് 24 പേർക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. പ്രതിരോധ പ്രവർത്തനങ്ങളുടെ ഗുണഫലമാണിത്.ബ്രിട്ടീഷ് എയർവേയ്സിന്റെ പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നും 268 പേർ ബ്രിട്ടനിലേക്ക് പോയി.

Loading...

ഇവരിൽ കൊവിഡ് സ്ഥിരീകരിച്ച ഏഴ് പേരുണ്ട്. സംസ്ഥാനം കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ഉണ്ടാക്കിയ നേട്ടത്തിന്റെ സൂചനയാണിത്. അവർ കേരളത്തിന് പ്രത്യേക നന്ദി അറിയിച്ചു. ഒപ്പം നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലിക്കിടെ കൊവിഡ് ബാധിച്ച രണ്ട് പേർക്ക് ഇന്ന് രോഗം ഭേദമായി.സംസ്ഥാനത്ത് ലോക്ക് ഡൗണിന് തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ നൽകുന്നതിനെ കുറിച്ചും ധാരണയായി. ഇക്കാര്യം സംസ്ഥാന മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രഖ്യാപിച്ച പൊതുനിയന്ത്രണങ്ങളാകെ സംസ്ഥാനം പൂർണ്ണമായ തോതിൽ അംഗീകരിച്ച് നടപ്പാക്കും.

ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളിൽ ഏപ്രിൽ 20 മുതൽ കേന്ദ്രം ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ ബാധകമായ നിയന്ത്രണങ്ങൾ, വിമാനയാത്ര, ട്രെയിൻ ഗതാഗതം, മെട്രോ, പൊതുഗതാഗതം എന്നിവ പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനം വിട്ടുള്ള യാത്രയും ജില്ല വിട്ടുള്ള യാത്രയ്ക്കും നിയന്ത്രണമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിശീലന കേന്ദ്രങ്ങളെല്ലാം പ്രവർത്തനം നിർത്തി. ആരാധനാലയങ്ങൾ, സിനിമാശാലകൾ, പൊതുസ്ഥലങ്ങൾ എല്ലാം നിയന്ത്രണത്തിലുണ്ട്. ഇവയെല്ലാം സംസ്ഥാനത്ത് തുടരും. സംസ്ഥാന അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തേക്കോ അകത്തേക്കോ ആർക്കും സഞ്ചരിക്കാനാവില്ല. അന്തർ ജില്ലാ യാത്രകളും നിരോധിച്ചിട്ടുണ്ട്. ഇത് രണ്ടും തുടരും