കൊടകര കുഴല്‍പ്പണക്കേസ്; പ്രതി മാര്‍ട്ടിന്റെ വീട്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ കണ്ടെടുത്തു

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ആറാം പ്രതി മാര്‍ട്ടിന്റെ വീട്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ കണ്ടെടുത്തു. വീടിനു സമീപം സൂക്ഷിച്ച മെറ്റലിനുള്ളില്‍ നിന്നാണ് പണം കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബി.ജെ.പി കൊണ്ടു പോയ 3 കോടി രൂപയുടെ കുഴല്‍പ്പണം കൊടകരയില്‍ വച്ച് തട്ടിയ സംഭവത്തിലാണ് ആറാം പ്രതി മാര്‍ട്ടിന്റെ വീട്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ കണ്ടെടുത്തത്. വീടിനു സമീപമുണ്ടായിരുന്ന മെറ്റലിനുള്ളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. കവര്‍ച്ച നടത്തിയതിനു ശേഷം ഇയാള്‍ കാറും സ്വര്‍ണവും വാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തി. മൂന്ന് ലക്ഷം രൂപയുടെ ഇന്നോവ കാറും മൂന്നര ലക്ഷം രൂപയുടെ സ്വര്‍ണവും വാങ്ങിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

നാല് ലക്ഷം രൂപ ബാങ്കിലും അടച്ചു. ഇതോടെ അന്വേഷണ സംഘം വീണ്ടെടുത്ത തുക ഒരു കോടി കടന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ബി.ജെ.പി കൊണ്ടുപോയ 3 കോടി രൂപയുടെ കള്ളപ്പണമാണ് വ്യാജ വാഹനാപകടമുണ്ടാക്കി കാറിലെത്തിയ ഒരു സംഘം തട്ടിയെടുത്തത്. 25 ലക്ഷം രൂപ മാത്രമെ കാറിലുണ്ടായിരുന്നുള്ളുവെ ന്നാണ് ആദ്യം പരാതി നല്‍കിയിരുന്നത്. എന്നാല്‍ അതിലുമധികം തുക അന്വേഷണ സംഘം വീണ്ടെടുത്തതോടെ 3 കോടി രൂപയുണ്ടെന്ന് പണം കൊടുത്തയച്ച ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ധര്‍മ്മരാജനും യുവമോര്‍ച്ചാ മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്കും സമ്മതിക്കുകയായിരുന്നു

Loading...