നാലുപേര്‍ക്ക് പുതുജീവനേകി ആ കുഞ്ഞ് യാത്രപറഞ്ഞു

കോഴിക്കോട്: ഒമ്പതുവയസ്സുകാരി ദാനം നല്‍കിയ അവയവങ്ങളിലൂടെ ഇന്ന് നാലുപേര്‍ ജീവിക്കുന്നു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് മരണമടഞ്ഞ വെള്ളിമാടുകുന്ന് പഴുക്കാളിയില്‍ റെജി വര്‍ഗീസിന്റെ മകള്‍ സ്‌നേഹ സൂസന്‍ റെജിയുടെ അവയവങ്ങളാണ് അവര്‍ക്ക് പുതുജീവനായത്.

ചേവരമ്പലം സെന്റ് മേരീസ് പബ്ലിക് സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയായ സ്‌നേഹയ്ക്ക് വ്യാഴാഴ്ച രാത്രിയാണ് പെട്ടെന്ന് മസ്തിഷ്‌കാഘാതം സംഭവിച്ചത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു.

Loading...

ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റ് സുവിശേഷസംഘടനയുടെ ജില്ലാ ഡയറക്ടറായ സ്‌നേഹയുടെ പിതാവ് റെജി വര്‍ഗീസും മാതാവ് ബെറ്റ്‌സിയും മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

സ്‌നേഹയുടെ ഇരുവൃക്കകളും ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 57-കാരനാണ് നല്‍കിയത്. കണ്ണുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും കരള്‍ ലേക്ഷോര്‍ ആസ്പത്രിയിലും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നല്‍കി.മകളുടെ വേര്‍പാടിന്റെ വേദനയിലും നാല് കുടുംബങ്ങള്‍ക്ക് സന്തോഷം പകരാമെന്ന ചിന്തയാണ് അവയവദാന തീരുമാനത്തിന് പിന്നിലെന്ന് മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്റ്റീവ് റെജിയാണ് സ്‌നേഹയുടെ ഏക സഹോദരന്‍.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടില്‍ നടക്കുന്ന ശുശ്രൂഷയ്ക്കുശേഷം വൈകീട്ട് നാലിന് വെസ്റ്റ്ഹില്‍ സെന്റ് മേരീസ് ഇംഗ്ലീഷ് പള്ളി സെമിത്തേരിയിലാണ് ശവസംസ്‌കാരം .