വിങ് കമാന്‍ഡര്‍ അഭിനന്ദനെ ശ്രീനഗറില്‍ നിന്നു സ്ഥലംമാറ്റി

ന്യൂഡൽഹി: പാകിസ്ഥാന്റെ പിടിയിലകപ്പെടുകയും പിന്നീട് മോചിതനാവുകയും ചെയ്ത ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ സുരക്ഷാപ്രശ്‌നങ്ങളെത്തുടര്‍ന്ന് ശ്രീനഗറില്‍ നിന്നു സ്ഥലംമാറ്റി.

പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള പടിഞ്ഞാറന്‍ സെക്ടറിലെ ഒരു പ്രധാനപ്പെട്ട വ്യോമതാവളത്തിലേക്കാണു സ്ഥലംമാറ്റമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

Loading...

സുരക്ഷാപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വ്യോമതാവളത്തിന്റെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോസ്പേസ് മെഡിസിനില്‍ നിന്നുള്ള ക്ലിയറന്‍സ് ലഭിച്ചാല്‍ അഭിനന്ദന് യുദ്ധവിമാനം പറത്താനാവും. നിരവധി ടെസ്റ്റുകള്‍ക്ക് വരും ആഴ്ചകളില്‍ അഭിനന്ദന്‍ വിധേയനാകും.

ബാലാകോട്ട് വ്യോമാക്രമണത്തിനു പിന്നാലെ ഫെബ്രുവരി 27-നു പാക് വ്യോമസേനയുമായുള്ള ഏറ്റുമുട്ടലിനു പിന്നാലെയാണ് അഭിനന്ദന്റെ മിഗ് 21 വിമാനം പാക് പ്രദേശത്ത് തകര്‍ന്നുവീണതും ഇജക്ട് ചെയ്ത് നിലത്തിറങ്ങിയ അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായതും.