കാവ്യയെ നാളെ ചോദ്യം ചെയ്യില്ല; വീട്ടിൽ വെച്ച് ചോദ്യം ചെയ്യേണ്ടെന്ന് അന്വേഷണ സംഘത്തിന്റെ തീരുമാനം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ കാവ്യയെ നാളെ ചോദ്യം ചെയ്യില്ല. ആലുവയിലെ വീട്ടിൽ വെച്ച് കാവ്യയെ ചോദ്യം ചെയ്യേണ്ട എന്ന തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്. അതേസമയം തന്നെ തുടർ നടപടികളുടെ കാര്യത്തിലും അന്വേഷണസംഘം നിയമോപദേശം തേടിയിരിക്കുകയാണ്. വീട്ടിൽവെച്ച് ചോദ്യം ചെയ്യണമെന്നാണ് കാവ്യയുടെ നിലപാട്. ദിലീപിന്റെ സഹോദരൻ അനൂപിനേയും സഹോദരി ഭർത്താവ് സുരാജിനേയും നാളെ ചോദ്യം ചെയ്യും. ഇതിനായി ഇരുവർക്കും ക്രൈംബ്രാഞ്ച് നോട്ടീസും നൽകിയിട്ടുണ്ട്. അതേസമയം തന്നെ നടിയെ ആക്രമിച്ച കേസിൽ ദിലീപിൻറെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ വിചാരണക്കോടതിൽ ഹ‍ർജി നൽകി.