കെഎസ്ആർടിസി സ്വിഫ്റ്റ് അപകടം മനപൂർവം സൃഷ്ടിച്ചതെന്ന് സംശയം; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സർവീസ് ആരംഭിച്ച് പിറ്റേന്ന് തന്നെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുരൂഹത സംശയിക്കുന്നതായി ​ഗതാ​ഗത മന്ത്രി ആന്റണി രാജു. മനപൂർവം അപകടം സൃഷ്ടിച്ചതാണെന്ന സംശയമുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. അപകടത്തിൽ സ്വകാര്യ ലോബികളുടെ പങ്ക് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്നും മനപ്പൂർവമെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. ഇന്നലെ സർവ്വീസ് ആരംഭിച്ച കെ സ്വിഫ്റ്റിൻ്റെ രണ്ടാമത്തെ ബസും അപകടത്തിൽപ്പെട്ട സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ സെമി സ്ലീപ്പർ നോൺ എസി ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം ചങ്കുവെട്ടിയിൽ വച്ച് സ്വകാര്യ ബസ് കെ സ്വിഫ്റ്റ് തിരുവനന്തപുരം ഡീലക്സിൽ ഉരസി പോകുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല. കെ – സ്വിഫ്റ്റിൻ്റെ ആദ്യ ട്രിപ്പ് പോയ ബസും നേരത്തെ അപകടത്തിൽപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത സർവീസ് കല്ലമ്പലത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോയി. ഗ്ലാസിന് 35000 രൂപ വിലയുണ്ടെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. പകരം കെഎസ്ആർടിസിയുടെ മിറർ സ്ഥാപിച്ചാണ് സർവീസ് തുടർന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കെഎസ് ആർടിസി എംഡി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. സ്വകാര്യ ലോബിയാണ് അപകടത്തിന് പിന്നിലെന്നാണ് കെഎസ്ആർടിസിയുടെ ആരോപണം

Loading...