ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ച സംഭവം; സൈബർ വിദ​ഗ്ധനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരായ വധ​ഗൂഢാലോചനക്കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോണിലെ വിവരങ്ങൾ നശിപ്പിച്ച സംഭവത്തിൽ സൈബർ വിദ​ഗ്ധൻ സായി ശങ്കറിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും.അൽപസമയത്തിനകം കളമശ്ശേരിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.നടി കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോണിലെ വിവരങ്ങൾ സായി ശങ്കർകൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ചും കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ ദിലീപിന്റെ ഫോണിലെ പേഴ്സണൽ വിവരങ്ങൾ കോപ്പി ചെയ്തു കൊടുക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്ന് സായി ശങ്കർ വിശദീകരിക്കുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ പേരിൽ അന്വേഷണ ഉദ്യോഗസ്ഥൻ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് കേസിലെ സാക്ഷിയായ സാഗർ വിൻസെന്റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ വ്യാജ മൊഴിനൽകാൻ ഡീ വൈ എസ് പി ബൈജു പൗലോസ് ഭീഷണിപ്പെടുതുകയാണെന്നാണ് പ്രധാന ആരോപണം.തുടരന്വേഷണത്തിന്റെ പേരിൽ ബൈജു പൗലോസ് തന്നെയും കുടുംബത്തെയും ഉപദ്രവിക്കും എന്ന ആശങ്ക ഉള്ളതായും ഹർജിയിൽ പറയുന്നു. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ മുൻ ജീവനക്കാരൻ ആണ് ആലപ്പുഴ സ്വദേശി ആയ സാഗർ. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ബൈജു പൗലോസ് നൽകിയ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്യണം എന്നും ഹർജിയിൽ സാഗർ ആവശ്യപ്പെട്ടിട്ടുണ്ട്

Loading...