മഹേഷിന്റെ പ്രതികാരം സിനിമയിൽ അഭിനയിച്ച നടി ലീന ആന്റണി 73 വയസ്സിൽ പത്താം ക്ലാസ് പാസായി

ആലപ്പുഴ. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ അമ്മച്ചിയായി പ്രധാന വേഷമിട്ട നടി തൈക്കാട്ടുശേരി ഒന്നാം വാർഡ് ഉളവയ്പ് കോയിപ്പറമ്പിൽ ലീന ആന്റണി (73) തുല്യതാ പരീക്ഷയിൽ പത്താം ക്ലാസ് പാസായി. സെപ്റ്റംബറിലാണു പരീക്ഷയെഴുതിയത്. നവംബർ അവസാനം പരീക്ഷാഫലം പ്രസിദ്ധീകരിച്ചെങ്കിലും കെമിസ്ട്രിക്കും കണക്കിനും പരാജയപ്പെട്ടിരുന്നു.

തുടർന്ന് അവ സേ പരീക്ഷയെഴുതിയാണ് ഇപ്പോൾ വിജയിച്ചത്. ഇനി പ്ലസ് വൺ തുല്യതാ പരീക്ഷയ്ക്ക് ചേരാനാകും. ഭർത്താവും നടനുമായ കെ.എൽ.ആന്റണിയുടെ മരണത്തിനുശേഷമുള്ള ഒറ്റപ്പെടലുകളിൽ പുസ്തകങ്ങളും സിനിമയുമായിരുന്നു കൂട്ട്. മകൻ ലാസർ ഷൈനിന്റെയും മരുമകൾ മായാകൃഷ്ണന്റെയും പ്രോത്സാഹനമാണു തുല്യതാപഠനത്തിനു കാരണം.

Loading...

മഹേഷിന്റെ പ്രതികാരം സിനിമയിലൂടെ പ്രശസ്തരായ ദമ്പതികളാണ് ആന്റണിയും ലീനയും. ലീന ഇപ്പോൾ സ്പോക്കൺ ഇംഗ്ലിഷ് പഠിക്കുന്നുണ്ട്. മൂന്നു മാസമായി കലാമണ്ഡലം അശ്വതിയുടെ കീഴിൽ കൂടിയാട്ടവും പഠിക്കുന്നു. ലീന പരീക്ഷയെഴുതിയ വിവരമറിഞ്ഞ് മന്ത്രി വി. ശിവൻകുട്ടി സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു. വിജയിച്ചപ്പോഴും മന്ത്രി അഭിനന്ദനം അറിയിച്ചിട്ടുണ്ട്.