ആലപ്പുഴ: നടൻ സിദ്ദിഖ് അരൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. അരൂരിൽ ഒറ്റക്കെട്ടായി പിന്തുണയ്ക്കുമെന്നും സാംസ്‌ക്കാരിക രംഗത്ത് നിന്നുള്ള ഒരാൾ സ്ഥാനാർത്ഥിയാകുമെന്നും ആലപ്പുഴ ഡിസിസി തന്നെ വ്യക്തമാക്കി ഒടുവിൽ രംഗത്തെത്തുക കൂടി ചെയ്തതോടെ എല്ലാം ശുഭം.

എന്നാൽ സിദ്ദിഖിനെതിരേ പ്രാദേശിക പ്രവർത്തകർക്കിടയിൽ എതിർപ്പ് നില നിൽക്കുന്നുണ്ട്. അതേസമയം നേരത്തേ ഈ വിവരം തള്ളിയ ആലപ്പുഴ ഡിസിസി പ്രസിഡന്റ് ഹൈക്കമാന്റ് നിർദേശിച്ചാൽ സിദ്ദിഖിനെ സ്വീകരിക്കുമെന്ന നിലയിലേക്ക് നിലപാട് തിരുത്തി. നേരത്തേ സിദ്ദിഖിനെതിരേ ഷുക്കൂർ നടത്തിയ പ്രസ്താവനയിൽ കെപിസിസി അദ്ധ്യക്ഷൻ വി എം സുധീരൻ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Loading...

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ട് നേരത്തേ തന്നെ നടന്മാരും സുഹൃത്തുക്കളുമായ സിദ്ദിഖിനെയും ജഗദീഷിനെയും സമീപിക്കുകയും ഇരുവരും സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടുപേരും സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിക്കുന്നതായുള്ള വാർത്ത പുറത്തുവന്നതും. സിദ്ദിഖ് അരൂരിലും ജഗദീഷ് പത്തനാപുരത്തുമായിരുന്നു പറഞ്ഞു കേട്ടത്. ജഗദീഷ് പത്തനാപുരത്ത് സമ്മതം മൂളിയതോടെ ഇവിടെ ഗണേശും ജഗദീഷും തമ്മിൽ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായി. കഴിഞ്ഞതവണ എഎം ആരിഫ് ജയിച്ച മണ്ഡലം തട്ടിയെടുക്കാനാണ് കോൺഗ്രസ് സിദ്ദിഖിനെ ഇറക്കുന്നത്.

ഇത്തവണത്തെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മൂന്ന് പാർട്ടികളിലും സിനിമാ താരങ്ങൾ ഉണ്ടാകുമെന്നുള്ള ഊഹാപോഹം ഉണ്ടായിരുന്നെങ്കിലും ഇടതുപക്ഷത്തെയും ബിജെപിയിലെയും സിനിമാ താരങ്ങളുടെ വിവരം കൃത്യമായി പുറത്തുവന്നിട്ടില്ല. തെരഞ്ഞെടുപ്പിൽ മറ്റു പാർട്ടികളേക്കാൾ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഒരുപടി മുന്നിൽ നീങ്ങുന്നത് യു.ഡി.എഫ് തന്നെ, മുസ്ലീം ലീഗ് സ്ഥാനാർത്ഥികളെ ഇതിനകം പ്രഖ്യാപിച്ച് പ്രവർത്തനം തുടങ്ങിയിരിക്കുന്നു. എക്കാലത്തേയും പോലെ, ഇത്തവണ കോൺഗ്രസ്സ് സ്ഥാനാർത്ഥി നിർണയത്തിൽ ഒരു പടല പിണക്കവും കാണാനില്ല.