ഹൈദരാബാദ്: ബാബരി മസ്ജിദ് തകര്‍ത്തവരെ ശിക്ഷിക്കാത്തതാണ് രാജ്യത്തുണ്ടായ മറ്റ് പ്രശ്‌നങ്ങള്‍ക്കുള്ള അടിസ്ഥാന കാരണമെന്ന് മജ് ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്റും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. ബാബരി മസ്ജിദ് തകര്‍ത്തവരെയും ശേഷം മുംബൈയില്‍ കലാപവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്തിയവരെയും തൂക്കിക്കൊല്ലണമെന്ന് അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടു. ബാബരി മസ്ജിദ് തകര്‍ത്തിന് ശേഷം മുംബൈയിലുണ്ടായ കലാപത്തില്‍ ആയിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിരുന്നു. എന്നാല്‍, ഇവരില്‍ എത്രപേര്‍ ശിക്ഷിക്കപ്പെട്ടെന്ന് ഉവൈസി ചോദിച്ചു.

മക്ക മസ്ജിദ്, അജ്മീര്‍, സംഝോത ട്രെയിന്‍ സ്‌ഫോടനക്കേസിലെ പ്രതികളായ പ്രജ്ഞ താക്കൂര്‍, കേണല്‍ പുരോഹിത്, അസീമാനന്ദ എന്നിവരെ യാക്കൂബ് മേമനെ പോലെ തൂക്കിലേറ്റുമോ. ഗുജറാത്തില്‍ 97 മുസ്ലിംകളെ കൂട്ടക്കൊല നടത്തിയതിന് മുന്‍മന്ത്രി മായ കൊട്‌നാനിയും ബാബു ബജ്രംഗിയും ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍, മോദി സര്‍ക്കാര്‍ അപ്പീല്‍ നല്‍കി ഇവരെ രക്ഷിക്കുകയായിരുന്നു. രാജീവ് ഗാന്ധിയെയും പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെയും വധിച്ചവര്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിച്ചത് അവര്‍ക്ക് രാഷ്ട്രീയ പിന്തുണയുള്ളതിനാലാണെന്ന് ഉവൈസി ആരോപിച്ചു. മുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമനെ വധശിക്ഷക്ക് വിധേയമാക്കാനുള്ള തീരുമാനത്തെ ഉവൈസി അപലപിച്ചു. മുംബൈ കലാപത്തെക്കുറിച്ച് അന്വേഷിച്ച ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ മഹാരാഷ്ട്രയിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയാറായില്ലെന്നും ബി.ജെ.പി സര്‍ക്കാരും അതേ പാത പിന്തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Loading...