ആറ്റിങ്ങൽ: പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനിഭവനിൽ ഷിജു (26) വിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വെഞ്ഞാറമൂട് തൈക്കാട് സെന്റ് ജോൺസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന വെഞ്ഞാറമൂട് പിരപ്പൻകോട് പാലാംകോണം സൂര്യഭവനിൽ വിമുക്തഭടൻ ശശിധരൻ നായരുടെ മകൾ സൂര്യ എസ്. നായരെയാണ് (23), ഷിജു വെട്ടിക്കൊലപ്പെടുത്തിയത്.
ബുധനാഴ്ച രാവിലെ 10 മണിയോടെ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള റോഡിലാണ് അരുംകൊല നടന്നത്. ചോദ്യം ചെയ്യലിൽ ഷിജു കുറ്റമേറ്റു. വസ്ത്രം വാങ്ങാൻ വിളിച്ചു വരുത്തി, വെട്ടുകത്തിക്ക് തുരുതുരാ വെട്ടി.

കൊല്ലത്തെ ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഷിജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഷിജുവിന്റെ മൊഴി ഇന്നലെ രാവിലെ പത്തുമണിമുതൽ 12.30 വരെ രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ്. ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്, ആശുപത്രിയിലെത്തി ഷിജുവിനെ റിമാൻഡ് ചെയ്തു. തുടർന്ന് ഇയാളെ ആശുപത്രി സെല്ലിലേക്ക് മാറ്റി. ഷിജുവിന്റെ ആരോഗ്യസ്ഥിതിയിലെ പുരോഗതി വിലയിരുത്തി ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണവും തെളിവെടുപ്പും നടത്തുമെന്ന് അന്വേഷണച്ചുമതലയുളള സിഐ: എം. അനിൽകുമാർ അറിയിച്ചു. സൂര്യയുടെ സ്വഭാവശുദ്ധിയിലുണ്ടായ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

Loading...

സൂര്യയെ കൊലപ്പെടുത്തിയത് താനാണെന്നും, പുരുഷന്മാരെ വഞ്ചിക്കാതിരിക്കാനാണ് കൊല നടത്തിയതെന്നും ഷിജു മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. അതേസമയം, ഷിജു പ്രണയിക്കുകയും തുടർന്ന് വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്ത പെൺകുട്ടിക്ക് മറ്റുപലരുമായി ബന്ധമുണ്ടെന്ന തോന്നലാണ് നിഷ്ഠൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ആറുമാസം മുമ്പ് അപകടത്തിൽ കാലിനു പരുക്കേറ്റ ഷിജുവിനെ സൂര്യ നഴ്‌സായി ജോലിനോക്കിയിരുന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവിടെ വച്ച് ഇരുവരും നേരിൽ പരിചയപ്പെടുകയും പ്രണയം ആരംഭിക്കുകയും ചെയ്തു. ഷിജുവിന്റെ മാതാവിനെ ഇതിനിടെ ഇയാൾ സൂര്യക്ക് പരിചയപ്പെടുത്തി. അവർക്കും സൂര്യയെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നതിനാൽ സൂര്യയുടെ മാതാവുമായി ഷിജുവിന്റെ മാതാവ് സംസാരിക്കുകയും വിവാഹാലോചനയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സൂര്യയുടെ നഴ്‌സിങ് പഠനത്തിന് ചെലവായ രണ്ടുലക്ഷത്തോളം രൂപയുടെ കടം ഇതിനിടെ ഷിബുവിന്റെ വീട്ടുകാർ നൽകാമെന്നും തുടർന്ന് പഠിപ്പിക്കാമെന്നും വാക്ക് നൽകിയതായി പൊലീസ് അറിയിച്ചു. പുറമെ, സ്ത്രീധനമായി മറ്റൊന്നും വേണ്ടെന്നുമുളള വാഗ്ദാനം കൂടിയായതോടെ സൂര്യയുടെ വീട്ടുകാർ വിവാഹം നടത്തിക്കൊടുക്കാൻ തീരുമാനിച്ചു.

ഷിജുവിന്റെ ജ്യേഷ്ഠസഹോദരന്റെ വിവാഹം നടന്നിരുന്നില്ല. അതിനുശേഷം ഇരുവരുടെയും വിവാഹം നടത്താനും ധാരണയായി. ഇതിനുശേഷം സൂര്യയെക്കുറിച്ച് സംശയം തോന്നിയ ഷിജു, ഫേസ്ബുക്കിലെ മറ്റ് സുഹൃത്തക്കളെക്കുറിച്ച് ചോദിച്ച് ബഹളം വയ്ക്കുകയും ഇരുവരും പിണങ്ങുകയും ചെയ്തു. ഫേസ്ബുക്കിൽ സൂര്യയ്ക്ക് നിരവധി ആൺ സുഹൃത്തുക്കളുണ്ടായിരുന്നു. ഇവരുടെ പേര് പറഞ്ഞ് ഷിജു സൂര്യയെ നിരന്തരം ആക്ഷേപിക്കുമായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ സ്വരചേർച്ചയില്ലാതായി. സൂര്യ കുഴപ്പക്കാരിയാണെന്നും നിരവധി ബന്ധങ്ങൾ ഉണ്ടെന്നും ഷിജു പറഞ്ഞു പരത്തി. ഇതോടെ സൂര്യ ഷിജുവിനെ ഫോൺ ചെയ്യാതെയായി. തുടർന്ന് സൂര്യയെ വക വരുത്താൻ തീരുമാനിച്ചുവെന്നാണ് ഷിജു പൊലീസിനോട് പറഞ്ഞത്.

പിണങ്ങിയെങ്കിലും ക്ഷമ പറഞ്ഞ് സൂര്യയോട് ചങ്ങാത്തം പുനഃസ്ഥാപിച്ച ഇയാൾ വിശ്വാസം നേടിയെടുത്താണ് കൊല ചെയ്യാനായി ആറ്റിങ്ങലിൽ എത്തിച്ചത്. സൂര്യയെ കൊല്ലാനുളള വെട്ടുകത്തിയും തന്റെ ഞരമ്പ് മുറിക്കാനുള്ള കത്തിയും കരുതിയിരുന്നു. ചൊവ്വാഴ്ച സൂര്യയെ വിളിച്ച ഷിജു തനിക്ക് കുറച്ച് വസ്ത്രങ്ങൾ വാങ്ങാനായി അടുത്തദിവസം ആറ്റിങ്ങലിൽ പോകണമെന്നും ഒപ്പം ചെല്ലണമെന്നും ആവശ്യപ്പെട്ടു. സ്വന്തമായി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യുന്നുവെന്ന് സൂര്യയുടെ പേരിലും കാമുകിയുടെ മരണത്തിൽ മനംനൊന്ത് താൻ ആത്മഹത്യ ചെയ്യുന്നതായുള്ള മറ്റൊരു കത്തും തയ്യാറാക്കി ഷിജു ബാഗിൽ സൂക്ഷിച്ചിരുന്നു. ഈ കത്തുകളാണ് ഷിജു ആത്മഹത്യയ്ക്കു ശ്രമിച്ച ലോഡ്ജിൽ സൂര്യയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത്.

ബുധനാഴ്ച രാവിലെ സ്‌കൂട്ടറിൽ വെഞ്ഞാറമൂട്ടിലെത്തിയ സൂര്യ സ്‌കൂട്ടർ അവിടെ വച്ച ശേഷം ഷിജുവിനെ വിളിച്ചു. ഇരുവരും സ്വകാര്യബസിൽ ആറ്റിങ്ങലിലെത്തി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ തുണിക്കടയിലേക്ക് പോകാനെന്നുപറഞ്ഞ് സൂര്യയെ കൂട്ടി നടന്നു. കടയ്ക്കു മുന്നിലെത്തിയപ്പോൾ ചില കാര്യങ്ങൾ സംസാരിക്കണമെന്ന് പറഞ്ഞ് സൂര്യയെ കടയുടെ സമീപത്തെ ഇടവഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. സംസാരത്തിനിടെ സൂര്യയ്ക്ക് അന്യ പുരുഷന്മാരുമായുള്ള ബന്ധത്തെക്കുറിച്ച് ഷിജു സംസാരിച്ചു. ഇത് കേൾക്കാനിഷ്ടമില്ലെന്നു പറഞ്ഞ് സൂര്യ തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ ഷിജു സൂര്യയുടെ മുടിക്കു കുത്തിപ്പിടിച്ച് ബാഗിൽ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് കഴുത്തിൽ തുരുതുരെ വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം വെട്ടുകത്തി സമീപത്തെ പുരയിടത്തിലേക്കെറിഞ്ഞ് കെ.എസ്.ആർ.ടി.സി ബസിൽ കൊല്ലത്തെത്തി ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സൂര്യയുടെ മൊബൈൽ കാളുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ ഷിജുവുമായല്ലാതെ മറ്റാരുമായും പ്രണയ സംഭാഷണങ്ങൾ നടന്നിട്ടില്ലെന്ന് കണ്ടെത്താനായെന്നും പൊലീസ് പറഞ്ഞു.