മക്ക: ഹജ്ജുമായി ബന്ധപ്പെട്ട താൽക്കാലിക തൊഴിൽ വിസകൾ അനുവദിക്കുന്നതിന് മന്ത്രാലയം പുതിയ വ്യവസ്ഥകൾ മുന്നോട്ടു വച്ചു. ഇത് സംബന്ധിച്ച സർക്കുലർ ഹജ്ജ് സേവന രംഗത്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഉടൻ അയച്ചു കൊടുക്കും. ഹജ്ജ് തീർഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കുന്ന ട്രാൻസ്‌പോർട്ടേഷൻ റിക്രൂട്ട്‌മെന്റിനാണ് പുതിയ വ്യവസ്ഥകൾ മുന്നോട്ടു വെച്ചിരിക്കുന്നത്. ഈ കമ്പനികളിലേക്ക് താൽക്കാലികമായി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോൾ പ്രധാനമായും ഏഴ് നിബന്ധനകൾ പാലിക്കണം എന്നാണു നിർദേശം. റമദാൻ അവസാനിച്ചാൽ ഹജ്ജിനുള്ള താൽക്കാലിക തൊഴിൽ വിസകൾ അനുവദിച്ചു തുടങ്ങും.

വിസയ്ക്ക് അപേക്ഷിക്കുന്ന കമ്പനി ഹജ്ജ് ട്രാൻസ്‌പോർട്ടേഷൻ കമ്പനികളുടെ കൂട്ടായ്മയിൽ അംഗമായിരിക്കണമെന്നതാണ് പ്രധാനപ്പെട്ട ഒരു നിർദേശം. അല്ലെങ്കിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്നുള്ള സമ്മതപത്രം കരസ്ഥമാക്കണം.

Loading...

നിയമാനുസൃതം രജിസ്റ്റർ ചെയ്ത സ്ഥാപനമായിരിക്കുകയും നിതാഖാത് പ്രകാരമുള്ള സ്വദേശീവൽക്കരണം നടപ്പിലാക്കുകയും വേണം. സകാത്ത് ഫണ്ട്, ഗോസി വിഹിതം തുടങ്ങിയവ കൃത്യമായി അടയ്ക്കുന്നവരായിരിക്കണം. സർക്കാരിന് അടയ്ക്കാനുള്ള ഫണ്ടിൽ കുടിശിക പാടില്ല. കൂടാതെ ഒരു വിസയ്ക്ക് ആയിരം റിയാൽ വിസാ ഫീസും 1200 റിയാൽ ബാങ്ക് ഗ്യാരണ്ടിയും നൽകണം. ഹജ്ജുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലേക്കുള്ള താൽക്കാലിക വിസകൾക്കും പുതിയ വ്യവസ്ഥകൾ തയ്യാറാക്കി വരികയാണ്. ഇത് സംബന്ധമായി ഹജ്ജ് മന്ത്രാലയത്തിന്റെയും തൊഴിൽ മന്ത്രാലയത്തിന്റെയും പ്രതിനിധികൾ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.