പൗരത്വ നിയമ അനുകൂല റാലി; അമിത്ഷാ കേരളത്തിലെത്തും

പൗരത്വ നിയമഭേദഗതിക്ക് അനുകൂല റാലി നടത്തുന്നതിനായി ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തിലെത്തും. ഈ മാസം 14 ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് സാധ്യത. അധ്യക്ഷനെ പ്രഖ്യാപിച്ച ശേഷമായിരിക്കും അമിത്ഷായുടെ കേരള സന്ദര്‍ശനം.

നിയമത്തിനെതിരെ കേരളത്തിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ നിയമത്തെ അനുകൂലിച്ചു കൊണ്ട് പ്രചാരണം നടത്തുന്നതിനായാണ് അമിത് ഷാ എത്തുന്നത്. മലബാറിൽ നടക്കുന്ന റാലിയിലാണ് അമിത് ഷാ പങ്കെടുക്കുക എന്നാണ് ലഭിക്കുന്ന വിവരം. ബി.ജെ.പിയും ആർ.എസ്.എസും ഒന്നിച്ചാണ് റാലിക്കും പ്രചാരണത്തിനും ചുക്കാൻ പിടിക്കുക. ഈ മാസം 15ന് ശേഷമാണ് അമിത് ഷാ കേരളത്തിലേക്ക് എത്തുക എന്നാണറിയുന്നത്.

Loading...

മലബാറിൽ വൻറാലിയെ ആയിരിക്കും അമിത് ഷാ അഭിസംബോധന ചെയ്യുക. കൊച്ചിയിലും റാലി ആലോചിക്കുന്നുണ്ട്. സർക്കാരും പ്രതിപക്ഷവും കേന്ദ്രത്തിനെതിരെ കൈകോർത്ത കേരളത്തിൽ നേരിട്ടെത്താൻ ഷാ തന്നെയാണ് താല്‍പ്പര്യം പ്രകടിപ്പിച്ചതെന്നാണ് വിവരം. കൊച്ചിയിൽ ചേർന്ന പരിവാർ ബൈഠക് റാലിയുടെ ഒരുക്കം ചർച്ച ചെയ്തു. നിയമത്തിനെതിരെ കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത ആളുകളെക്കാൾ വലിയ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് ധാരണ.

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ കത്തിക്കയറുന്ന സാഹചര്യത്തിലാണ് നിയമത്തിന് അനുകൂലമായ പ്രചാരണം കടുപ്പിക്കാൻ ബി.ജെ.പിയും ആർ.എസ്.എസും ഒരുങ്ങുന്നത്.നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ നടത്തുന്നത് കോൺഗ്രസ് പാർട്ടി അടങ്ങിയ പ്രതിപക്ഷമാണെന്നും പൗരത്വ നിയമഭേദഗതിയുടെ കാര്യത്തിൽ ഒരിഞ്ചു പോലും പുറകോട്ട് പോകാൻ ഒരുക്കമല്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.

കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിയമത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നിയമത്തെക്കുറിച്ച് വിശദീകരിക്കാൻ റാലികൾ സംഘടിപ്പിക്കാൻ ബിജെപി തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായിട്ടാണ് അമിത് ഷാ കേരളത്തിലെത്തുന്നത്.

ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പള്ളിയെ മിസോറാം ഗവർണറായി നിയമിച്ചതിനു ശേഷം അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനത്തിന്മേൽ ബിജെപിയിൽ ഭിന്നത രൂക്ഷമാണ്. അമിത് ഷായുടെ വരവിനു മുമ്പുതന്നെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.