ടൊറന്റോ: ഔദ്യോഗിക സന്ദര്‍ശനത്തിനായി കാനഡയില്‍ എത്തിയ നരേന്ദ്രമോദിക്ക് ഊഷ്മള വരവേല്‍പ്പ്. ഫ്രാന്‍സ്‌, ജര്‍മനി പര്യടനത്തിനുശേഷം തലസ്‌ഥാനമായ ഓട്ടവയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാനഡയിലെ പ്രതിരോധ മന്ത്രി ജയ്‌സണ്‍ കെനിയും രാജ്യാന്തര വ്യാപാരകാര്യ മന്ത്രി എഡ്‌ ഫാസ്‌റ്റ്‌, കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വിഷ്‌ണു പ്രകാശ്‌ എന്നിവര്‍ ചേര്‍ന്ന്‌ വരവേറ്റു. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിയിലെ ഒട്ടേറെ എംപിമാരും സന്നിഹിതരായിരുന്നു. വരവേല്‍ക്കാനെത്തിയവരിലെ ഇന്ത്യക്കാരെ ഹസ്‌തദാനം നടത്തിയും മൊബൈലിലും മറ്റുമായി ചിത്രങ്ങള്‍ പകര്‍ത്തുന്നവരെ അഭിവാദ്യം ചെയ്‌തുമാണ്‌ മോദി വിമാനത്താവളം വിട്ടത്‌.

modi888

Loading...

ബുധനാഴ്‌ച രാവിലെ ഓട്ടവയില്‍ പ്രധാനമന്ത്രി സ്‌റ്റീഫന്‍ ഹാര്‍പര്‍ക്കൊപ്പം ഒട്ടേറെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്ന മോദിക്ക്‌ വൈകുന്നേരം ടൊറന്റോയിലെ റീക്കോ കൊളീസിയത്തില്‍ കാത്തിരിക്കുന്നത്‌ ‘മാഡിസണ്‍ സ്‌ക്വയര്‍ മോഡല്‍ വരവേല്‍പ്പാണ്‌. പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കനേഡിയന്‍ പ്രധാനമന്ത്രി സ്‌റ്റീഫന്‍ ഹാര്‍പറും പങ്കെടുക്കുന്നു എന്നതാണ്‌ പ്രത്യേകത. യുഎസ്സിലും ഓസ്‌ട്രേലിയയിലും ഇതേപോലെ ഇന്ത്യന്‍ സമൂഹം ഒരുക്കിയ സ്വീകരണത്തില്‍ മോദി പങ്കെടുത്തിരുന്നെങ്കിലും അവിടങ്ങളിലെ ഭരണത്തലവന്മാരുടെ സാന്നിധ്യമില്ലായിരുന്നു. പൊതുതിരഞ്ഞെടുപ്പിന്‌ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിലൂടെ ഇവരുടെ പിന്തുണകൂടി ഉറപ്പാക്കുകയാണ്‌ ഹാര്‍പറുടെ ലക്ഷ്യമെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. മലയാളികള്‍ ഉള്‍പ്പെടെ പന്ത്രണ്ട്‌ ലക്ഷത്തിലേറെ ഭാരതീയരാണ്‌ കാനഡയിലേക്കു കുടിയേറിയിട്ടുള്ളത്‌. ഇവരില്‍ ഭൂരിപക്ഷവും പഞ്ചാബില്‍നിന്നുള്ളവരാണെന്നതും ശ്രദ്ധേയമാണ്‌.modi

ഫ്രാന്‍സിലും ജര്‍മനയിലും മെയ്ക്ക്‌ ഇന്‍ ഇന്ത്യ പരിപാടിയുടെ പ്രചാരണമായിരുന്നു മോദിയുടെ ലക്ഷ്യമെങ്കില്‍ ഇവിടെ ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ട കരാറുകളും ബാങ്ക്‌, ഇന്‍ഷുറന്‍സ്‌ കമ്പനി, പെന്‍ഷന്‍ ഫണ്ട്‌ മേധാവികളുമായുള്ള കൂടിക്കാഴ്‌ചയും മറ്റുമാണ്‌ ഔദ്യോഗിക പരിപാടികളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്‌. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്‌തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയിലെ കനേഡിയന്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനു വഴിയൊരുക്കുകയെന്ന ദൌത്യവുമുണ്ട്‌.

ബുധനാഴ്‌ച രാവിലെ ഓട്ടവയില്‍ ഗവര്‍ണര്‍ ജനറല്‍ ഡേവിഡ്‌ ജോണ്‍സ്‌റ്റനെയും സന്ദര്‍ശിച്ചശേഷമാണ്‌ പാര്‍ലമെന്റ്‌ ഹില്ലില്‍ ഔദ്യോഗിക പരിപാടികള്‍ക്കായി എത്തുക. തുടര്‍ന്ന്‌ സ്‌റ്റീഫന്‍ ഹാര്‍പറുമായി നാല്‍പതു മിനിറ്റോളം നീളുന്ന കൂടിക്കാഴ്‌ചയ്ക്കുശേഷം ഇരുവരും സംയുക്‌തപ്രസ്‌താവന നടത്തും. അതിനുശേഷം ഒരുമിച്ചാണ്‌ ഇവര്‍ ടൊറന്റോയിലേക്കു വരികയെന്നാണ്‌ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്‌.

രണ്ടു ഭരണത്തലവന്മാര്‍ പങ്കെടുക്കുന്ന ചടങ്ങിനായി വന്‍ ഒരുക്കങ്ങളാണ്‌ റീക്കോ കൊളീസിയത്തില്‍ നടത്തുന്നത്‌. മോദിക്കെതിരെ ഏതാനും സംഘടനകള്‍ പ്രതിഷേധം രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണെന്ന സൂചനയെത്തുടര്‍ന്ന്‌ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്‌. ക്ഷണപത്രിക ലഭിച്ചിട്ടുള്ളവര്‍ സുരക്ഷാ കടമ്പകൂടി കടക്കേണ്ടിവരുമെന്നതിനാല്‍ നേരത്തെതന്നെ എത്തണമെന്നാണ്‌ സംഘാടകര്‍ അറിയിച്ചിട്ടുള്ളത്‌. അഞ്ചേകാല്‍ വരെയെ പ്രവേശനം അനുവദിക്കൂ. അഞ്ചരയ്ക്ക്‌ സാംസ്‌കാരിക പരിപാടികള്‍ക്ക്‌ തുടക്കമാകും. ബോളിവുഡ്‌ ഗായകന്‍ സുഖ്‌ വീന്ദര്‍ സിങ്‌ ജയ്‌ ഹോ അവതരിപ്പിക്കും. സ്‌റ്റീഫന്‍ ഹാര്‍പറും നരേന്ദ്ര മോദിയും സംസാരിക്കുന്നതോടെ പൊതുചടങ്ങിനു സമാപനമാകും.

modi2ടൊറന്റോയില്‍ വ്യാഴാഴ്‌ച വിവിധ കൂടിക്കാഴ്‌ചകള്‍ക്കുശേഷം വാന്‍കൂവറിലേക്കു പോകുന്ന മോദി, അവിടെ ഹൈന്ദവ~ സിഖ്‌ ക്ഷേത്രങ്ങളും സന്ദര്‍ശിച്ചാണ്‌ ന്യൂഡല്‍ഹിയിലേക്കു മടങ്ങുക. സ്‌റ്റീഫന്‍ ഹാര്‍പര്‍ ആതിഥ്യമരുളുന്ന വിരുന്നിലും പങ്കെടുക്കും.

അഞ്ചുവര്‍ഷം മുന്‍പ്‌ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ്‌ കാനഡയില്‍ എത്തിയിരുന്നെങ്കിലും അത്‌ ജി~20 ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു. മോദിക്കു മുന്‍പ്‌ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇവിടെ എത്തിയത്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു, 1973ല്‍. നാല്‍പത്തിരണ്ടു വര്‍ഷത്തിനുശേഷം ഒരു പ്രധാനമന്ത്രി ഔദ്യോഗിക സന്ദര്‍ശനത്തിന്‌ എത്തുന്നു എന്നതാണ്‌ ഇന്ത്യന്‍ സമൂഹത്തിന്റെ ആവേശകരമായ കാത്തിരിപ്പിന്‌ കാരണം. മോദിയുടെ വരവ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ പൊതുചടങ്ങ്‌ നടക്കുന്ന റീക്കോ കൊളീസിയത്തിന്‌ ഉള്‍ക്കൊള്ളാവുന്നതിലധികം പേരാണ്‌ പങ്കെടുക്കാനായി റജിസ്‌റ്റര്‍ ചെയ്‌തത്‌. മുന്നൂറിലേറെ സംഘടനകളുടെ സഹകരണത്തോടെ നാഷനല്‍ അലയന്‍സ്‌ ഓഫ്‌ ഇന്‍ഡോ~കനേഡിയന്‍സാണ്‌ പൊതുസ്വീകരണം ഒരുക്കുന്നത്‌.