നിസാമിന്റെ റിമാന്‍ഡ് നീട്ടി; ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരേ പോലീസിന്റെ കൈയേറ്റം

കുന്നംകുളം: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് അതീവ രഹസ്യമായി കോടതിയില്‍ ഹാജരാക്കാനുള്ള പോലീസ് ശ്രമം പാളി. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ പടമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ പോലീസിന്റെ കൈയേറ്റം. റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുവാന്‍ ഇന്നലെ രാവിലെ 11നാണ് നിഷാമിനെ വന്‍പോലീസ് കാവലില്‍ കൊണ്ടുവന്നത്. ഇതിനിടെ നിഷാമിന്റെ പടമെടുക്കാന്‍ ശ്രമിച്ചപ്പോഴാണു പ്രാദേശിക ലേഖകന്‍ ദിലീപിനെ പോലീസ് കൈയേറ്റം ചെയ്തത്. ക്യാമറ തട്ടിമാറ്റാനായി പോലീസ് ദിലീപിന്റെ കൈ പിടിച്ചുവലിച്ചു. പോലീസുകാരനുമായി പിടിവലിയായതുകണ്ടു മറ്റു മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെ പോലീസുകാര്‍ നിഷാമിനെയും കൂട്ടി കോടതിമുറിയില്‍ കയറുകയായിരുന്നു.

nisham

Loading...

നിഷാമിന്റെ റിമാന്‍ഡ് ഏപ്രില്‍ ഏഴുവരെ നീട്ടി. മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കി. നിഷാമിന്റെ ബന്ധുക്കളും അഭിഭാഷകരും കോടതിയില്‍ എത്തിയിരുന്നു. ഇന്ന് മറ്റൊരു കേസില്‍ നിഷാമിനെ തൃശൂര്‍ സെഷന്‍സ് കോടതി ഒന്നില്‍ ഹാജരാക്കും. കഴിഞ്ഞദിവസം ആറരയ്ക്ക് തൃശൂരിലെത്തിയ കണ്ണൂര്‍എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും നിസാമിനെ തൃശൂരിലെത്തിച്ചത്. ട്രെയിന്‍ എത്തിയ ഉടന്‍ പോലീസ് നിസാമിനെയും കൊണ്ട് പോകാനൊരുങ്ങി. നിസാമിനെ കാത്തുനിന്ന കണ്‍ട്രോള്‍ റൂം സിഐയോടും സംഘത്തോടും മാധ്യമപ്രവര്‍ത്തകര്‍ കാര്യം തിരക്കിയെങ്കിലും അറിഞ്ഞവിവരം തെറ്റാണെന്നും നിസാം വരുന്നില്ലെന്നുമാണ് മറുപടി നല്കിയത്. ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രമെടുക്കുന്നതു തടയാനും പോലീസ് ശ്രമിച്ചു. ഇന്നു കേസില്‍ ഹാജരാക്കിയശേഷം കണ്ണൂരിലേക്കു തിരിച്ചുകൊണ്ടുപോകും.