കൊറോണ വൈറസ്; ചൈനയില്‍ നിന്ന് കേരളത്തിലെത്തിയവര്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം ഇങ്ങനെ

തിരുവനന്തപുരം: അസാധാരണമായ സ്ഥിതിയാണ് ഇപ്പോള്‍ ലോകത്തിലെ വിവധ രാജ്യങ്ങളിലുണ്ടായിരിക്കുന്നത്.ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് അനിയന്ത്രിതമായി ലോകമെങ്ങും വ്യാപിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ പൗരന്‍മാരും വളരെ പെട്ടന്ന് തന്നെ സ്വന്തം നാട്ടിലേക്ക് തിരിക്കുന്നത്. എന്നാല്‍ തിരിച്ച് നാട്ടിലെത്തുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശം. വൈറസിന്റെ ഉറവിടം ചൈന ആയതുകൊണ്ട് കേരളത്തിലെത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ചൈനയില്‍ നിന്നും വരുന്നവര്‍ മറ്റ് സ്ഥലങ്ങളില്‍ യാത്ര ചെയ്യാതെ നേരെ വീടുകളിലെത്തി സ്വയം പ്രതിരോധം തീര്‍ക്കണം. വീട്ടിനുള്ളില്‍ ആരുമായി സമ്പര്‍ക്കമില്ലാതെ ഒരു മുറിയില്‍ തന്നെ 28 ദിവസം കഴിയേണ്ടതാണ്.പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എല്ലാ ജില്ലകളിലും സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ചികിത്സ സംവിധാനവുമായി നേരിട്ട് ബന്ധപ്പെട്ട ശേഷം അവിടെ എത്തേണ്ടതാണ്. മറ്റൊരു ആശുപത്രിയിലും പോകേണ്ടതില്ല. ഇത്തരം സംവിധാനങ്ങളുടെ ഫോണ്‍ നമ്പരും വിശദ വിവരങ്ങളും ദിശ 0471 255 2056 എന്ന നമ്പരില്‍ വിളിച്ചാല്‍ ലഭ്യമാകും. സ്വന്തം സുരക്ഷയും മറ്റ് ബന്ധുക്കളുടെ സുരക്ഷയും നാടിന്റെ സുരക്ഷയും മുന്‍ നിര്‍ത്തി ചൈനയില്‍ പോയി വന്നവര്‍ എല്ലാവരും ഇത് കര്‍ശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Loading...

പുതുതായി 173 പേരുള്‍പ്പെടെ കേരളത്തില്‍ ഇതുവരെ ആകെ 806 പേര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി അറിയിച്ചു. അതില്‍ 10 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 796 പേര്‍ വീട്ടിലെ നിരീക്ഷണത്തിലാണ്. ഇതുവരെ 19 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ 9 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 16 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പൂന വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 10 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. 6 പേരുടെ ഫലം വരാനുണ്ട്. ബുധനാഴ്ച അഡ്മിറ്റാക്കിയ 3 പേരുടെ സാമ്പിളുകളും എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജനങ്ങള്‍ വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാലകൊണ്ട് മൂടുകയും കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ലക്ഷണങ്ങള്‍ കാണുന്നതിന് മുന്‍പേ കൊറോണ വൈറസ് പടരുന്നുവെന്ന് ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി . വൈറസ് ശക്തിപ്പെടുന്നതിന്റെ സാധ്യതകള്‍ കണ്ടു വരുന്നതായും ആരോഗ്യ മന്ത്രി അറിയിച്ചു.ഒരു വ്യക്തി രോഗബാധിതനായാല്‍ അയാള്‍ പോലും അറിയാതെയാണ് മറ്റുളളവരിലേക്ക് പടരുന്നത്. വൈറസിന്റെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല.