തിരുവനന്തപുരം: ചലച്ചിത്ര താരങ്ങളായ മുകേഷിന്റെയും കെപിഎസി ലളിതയുടെയും മാധ്യമപ്രവർത്തക വീണാ ജോർജിന്റെയും സ്ഥാനാർഥിത്വത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുമതി. മുകേഷ് കൊല്ലത്തും വീണാ ജോർജ് ആറന്മുളയിലും മൽസരിക്കും. വടക്കാഞ്ചേരിയിൽ കെപിഎസി ലളിതയ്ക്കും മാറ്റമുണ്ടാകില്ല. തൃപ്പൂണിത്തുറയിൽ ജില്ലാ സെക്രട്ടറി പി.രാജീവിനെ മൽസരിപ്പിക്കേണ്ടെന്ന തീരുമാനത്തിലും മാറ്റമില്ല.

ഇപ്പോഴത്തെ എതിർപ്പുകൾ അധികനാൾ തുടരില്ലെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ സ്ഥാനാർഥിത്വത്തിന് അംഗീകാരം നൽകിയത്. ജില്ലാ, മണ്ഡലം കമ്മിറ്റികൾ വിളിച്ചുചേർത്ത് സാഹചര്യം വിശദീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Loading...

വടക്കാഞ്ചേരിയിൽ കെപിഎസി ലളിതയുടെ സ്ഥാനാർഥിത്വത്തിനെതിരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധപ്രകടനം നടന്നിരുന്നു. ലളിതയ്ക്കു പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളിയെ സ്ഥാനാർഥിയാക്കണമെന്നാണ് ആവശ്യം. പാർട്ടി കൊടിയുമേന്തി അൻപതിലേറെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് വടക്കാഞ്ചേരി ടൗണിൽ പ്രതിഷേധപ്രകടനം നടത്തിയത്. നാടിനെ അറിയാവുന്ന പാർട്ടി പ്രവർത്തകരെ പരിഗണിക്കാതെ നൂലിൽ കെട്ടിയിറക്കിയവരെ സ്ഥാനാർഥിയാക്കരുതെന്നായിരുന്നു മുദ്രാവാക്യം.

കെപിഎസി ലളിതയ്ക്ക് പുറമെ, മുകേഷിനെതിരെ കൊല്ലത്തും വീണാ ജോർജിനെതിരെ ആറന്മുളയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യം നിലനിൽക്കെയാണ് എതിർപ്പുകൾ നീണ്ടുനിൽക്കില്ലെന്ന അനുമാനത്തിൽ മൂവരുടെയും സ്ഥാനാർഥിത്വത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകിയത്.